രണ്ട് ഇന്നിങ്സിലും യൂസുഫ് പത്താന് സെഞ്ച്വറി, എന്നിട്ടും ബറോഡക്ക് തോൽവി

 

രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി യൂസുഫ് പത്താന്‍ കളം നിറഞ്ഞെങ്കിലും സ്വന്തം ടീമിന് തോല്‍വി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡയും മധ്യപ്രദേശും തമ്മിലുള്ള മത്സരത്തിലാണ് യൂസുഫ് പത്താന്‍റെ സെഞ്ച്വറി പാഴായത്. എട്ട് വിക്കറ്റിനായിരുന്നു മധ്യപ്രദേശിന്‍റെ ജയം. ആദ്യ ഇന്നിങ്സില്‍ യൂസുഫ് പത്താന്‍ 111 നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 136 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ടോസ് നേടിയ ബറോഡ മധ്യപ്രദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ബറോഡയുടെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു മധ്യപ്രദേശിന്‍റെ ബാറ്റിങ്. ആദ്യ ഇന്നിങ്സില്‍ അവര്‍ 551 എന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ശുഭം ശര്‍മ്മ(196), അങ്കിത് ശര്‍മ്മ(104), ദേവേന്ദ്ര ബുന്ദേല(99) എന്നിവരുടെ മികവിലാണ് മധ്യപ്രദേശ് മികച്ച ടോട്ടല്‍  കുറിച്ചത്. മറുപടി ബാറ്റിങ്ങില്‍ ബറോഡയുടെ ആദ്യ ഇന്നിങ്സ് 302 റണ്‍സിന് അവസാനിച്ചു. ഫോളോ ഓണ്‍വഴങ്ങിയ ബറോഡക്ക് രണ്ടാം ഇന്നിങ്സിലും കരകിട്ടിയില്ല. 318 നേടി പുറത്തായതോടെ മധ്യപ്രദേശിന്‍റെ വിജയലക്ഷ്യം 70.

ലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ്  രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 125 പന്തുകളില്‍ നിന്ന് പതിമൂന്ന് ഫോറും ആറു സിക്സറും അടങ്ങുന്നതായിരുന്നു ആദ്യ ഇന്നിങ്സിലെ പത്താന്‍റെ സ്കോര്‍.രണ്ടാം ഇന്നിങ്സില്‍ 154 പന്തില്‍ നിന്ന് പതിനാറ് ഫോറും ഏഴ് സിക്സറുകളുടെയു അകമ്പടിയോടെയായിരുന്നു പത്താന്‍റെ 136. ആദ്യ ഇന്നിങ്സില്‍ സഹോദരന്‍ ഇര്‍ഫാന്‍ പത്താനൊത്ത്(80) മികച്ച കൂട്ടുകെട്ടുണ്ടാക്കാനും  യൂസുഫ് പത്താനായി. 
 

Tags:    
News Summary - Ranji Trophy 2017: Yusuf Pathan blasts century for Baroda -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.