തിരുവനന്തപുരം: തിരിച്ചടിക്കാനിറങ്ങിയ പ്രോട്ടീസ് പടയെ അടിപടലം പിഴുതെറിഞ്ഞ് ഇന്ത്യ. കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യൻ ജൂനിയേഴ്സ് വിജയകിരീടം ചൂടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. സ്കോർ ദക്ഷിണാഫ്രിക്ക എ- 30 ഓവറിൽ 207/8, ഇന്ത്യ എ- 27.5 ഓവറിൽ ആറിന് 209. ക്യാപ്റ്റൻ മനീഷ് പാണ്ഡയുടെ അർധ സെഞ്ച്വറിയാണ് (58 പന്തിൽ 81) ഇന്ത്യൻ വിജയം അനായാസമാക്കിയത്.
മഴമൂലം 30 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംമ്പ ബാവ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹെൻഡ്രിച് ക്ലാസൻ (44), യനേമന് മലാന് (37), മാത്യു ബ്രീറ്റ്സ്കെ (36), ബവൂമ (27) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ക്രുനാൽ പാണ്ഡ്യ, ദീപക് ചഹർ എന്നിവർ രണ്ടും ശർദുൽ ഠാക്കൂർ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
‘സൂപ്പർ’ പാണ്ഡെ
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഓപണർ ഋതുരാജ് ഗെയ്ക് വാദിനെയും (1) തൊട്ടുപിന്നാലെയെത്തിയ റിക്കിഭുയിയെയും (0) ആദ്യ ഓവറിൽതന്നെ പുറത്താക്കി ആൻഡ്രേ നോർയെയാണ് ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചത്. തൊട്ടുപിന്നാലെ ക്രുനാൽ പാണ്ഡ്യയും (13) വന്നവഴിയെ മടങ്ങിയതോടെ ഒരുഘട്ടത്തിൽ മൂന്നിന് 26 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, ശുഭ്മാൻ ഗില്ലിെൻറ ഒഴിവിൽ ഓപണറായി ഇറങ്ങിയ ഇഷാൻ കിഷനും ക്യാപ്റ്റൻ മനീഷ് പാണ്ഡെയും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 70 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. സ്കോർ 96ൽ നിൽക്കെ ജോർജ് ലിൻഡെയെ സിക്സർ പറത്താനുള്ള ശ്രമം പാളി ഇഷാനും (40) പിറകെ നിതീഷ് റാണയും (13)മടങ്ങിയതോടെ കൂടുതൽ അപകടകാരിയായ മനീഷ് പാണ്ഡെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പറപ്പിക്കുകയായിരുന്നു.
അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റെൻറ ഇന്നിങ്സ്. 176ൽ നിൽക്കെ പാണ്ഡെ വീണെങ്കിലും ശിവം ദുബെയും (45*) അക്സർ പട്ടേലും (ഏഴ്*) ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിക്കുകയായിരുന്നു. നോർയെ സിക്സിന് പറത്തിയാണ് ദുബെ ഇന്ത്യൻ വിജയം ആഘോഷിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആൻഡ്രിച്ച് നോർയെ, ജോർജ് ലിൻഡെ എന്നിവർ രണ്ടും ജൂനിയർ ഡാല, ഫോർച്യൂൺ എന്നിവർ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ നാലാം മത്സരം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.