സാർഥക് രഞ്ജൻ, പപ്പു യാദവ്

ബിഹാറിലെ തീപ്പൊരി എം.പി പപ്പുയാദവിന്റെ മകൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നായകനാണ് പപ്പു യാദവ്. കുറ്റകൃത്യങ്ങളും ഗുണ്ടായിസവും നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നും രാഷ്ട്രീയ നേതാവായി ഉയർന്നുവന്നയാൾ. നിലവിൽ ബിഹാറിലെ പൂർണിയയിൽ നിന്നും ലോകസഭ അംഗം. സമാജ്‍വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി, ആർ.ജെ.ഡി എന്നിവയിലൂടെ ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ ഭാഗം വരെയായി നീണ്ടു നിൽക്കുന്ന സംഭവബഹുലമായ രാഷ്ട്രീയയാത്രയാണ് പപ്പുയാദവ് എന്ന രാജേഷ് രഞ്ജന്റേത്. 1991 മുതൽ ആറു തവണ പാർലമെന്റ് അംഗമായി. ഇതിനിടയിൽ തട്ടികൊണ്ടുപോകൽ, കൊലപാതകം അങ്ങനെ കേസുകളും നിരവധിയുണ്ട്.

ഐ.പി.എൽ താരലേലത്തിനു പിന്നാലെ പപ്പു യാദവ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. വിവാദ പരാമർശങ്ങളോ, കുറ്റകൃത്യങ്ങളോ ഒന്നുമില്ലാതെയാണ് പാർലമെന്റ് അംഗമായ ഇദ്ദേഹം ഏറ്റവും ഒടുവിൽ ദേശീയ മാധ്യമ ശ്രദ്ധ നേടിയത്.

ചൊവ്വാഴ്ച അബുദബിയിൽ നടന്ന താരലേലത്തിൽ ​പപ്പുയാദവിന്റെ മകനും ഡൽഹി ക്രിക്കറ്റ് താരവുമായ സാർഥക് രഞ്ജനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തതാണ് പുതിയ വിശേഷം. ഡൽഹിക്കായി രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും സയ്ദ് മുഷ്താഖ് അലിട്രോഫിയിലും കളത്തിലിറങ്ങിയ സാർഥകിനെ 30 ലക്ഷം എന്ന അടിസ്ഥാന വിലയിലാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

ക്രിക്കറ്റ് ക്രീസിലെ മകന്റെ പുതിയ ചുവടുവെപ്പിന് അഭിനന്ദനവുമായി പിതാവും രംഗത്തെത്തി. ‘അഭിനന്ദനങ്ങൾ മകനേ.. നന്നായി കളിക്കൂ.

നിന്റെ പ്രതിഭകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കൂ. സ്വപ്നങ്ങൾ നിറവേറ്റു. ഇനി, സാർഥക് എന്ന പേരിൽ നമ്മൾ അംഗീകരിക്കപ്പെടും’ -ഹിന്ദിയിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പപ്പുയാദവ് മകന്റെ നേട്ടത്തെ പ്രശംസിക്കുന്നു.

29കാരനായ സാർഥക് രഞ്ജൻ ഓൾറൗണ്ട് താരമാണ്. വലംകൈയൻ ബാറ്റും സ്പിൻ ബൗളിങ്ങുമായി ഡൽഹിക്കായി വിവിധ ടീമുകളിൽ കളിച്ചു. 2018ൽ ഡൽഹി അണ്ടർ 23 ടീമിൽ രഞ്ജൻ യാദവ് ഇടം പിടിച്ചത് വലിയ വിവാദമായി മാറിയിരുന്നു. മത്സരപരിചയമൊന്നുമില്ലാതെ നേരിട്ട് ടീമിൽ ഇടം നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ, തുടർന്നുള്ള സീസണുകളിൽ പ്രകടം മെച്ചപ്പെടുത്തിയാണ് രഞ്ജൻ ക്രീസിൽ സ്ഥിരസാന്നിധ്യമായി മാറിയത്.

Tags:    
News Summary - Pappu Yadav's Son Picked By Kolkata Knight Riders In IPL Auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.