സൂപ്പർ കുണ്ടു! അണ്ടർ-19 ഏഷ്യ കപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് 315 റൺസ് ജയം

ദുബൈ: അഭിജ്ഞാൻ കുണ്ടു ഇരട്ട ശതകവുമായി നിറഞ്ഞാടിയ അണ്ടർ 19 ഏഷ്യ കപ്പ് മത്സരത്തിൽ റെക്കോഡ് തിളക്കവുമായി ഇന്ത്യ. മലേഷ്യക്കെതിരെ 315 റൺസിന്റെ കൂറ്റൻ ജയം നേടിയ ടീം ഗ്രൂപ് എയിൽ ഒന്നാംസ്ഥാനക്കാരായി സെമി ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുണ്ടുവിന്‍റെ (125 പന്തിൽ 209*) അപരാജിത പ്രകടനത്തിന്റെ മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 408 റൺസാണ് അടിച്ചെടുത്തത്.

മലേഷ്യ‍യാവട്ടെ 32.1 ഓവറിൽ വെറും 93 റൺസിന് എല്ലാവരും പുറത്തായി. റൺസ് മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന സ്കോറിനുടമ‍യായ കുണ്ടുവാണ് കളിയിലെ താരം. ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ആയുഷ് മഹാത്രെ (14) പുറത്ത്. ഏഴ് റൺസ് നേടിയ വിഹാൻ മൽഹോത്ര അഞ്ചാം ഓവറിൽ പുറത്താകുമ്പോൾ സ്കോർ രണ്ടിന് 47. പതിവു ശൈലിയിൽ ബാറ്റുവീശിയ ഓപണർ വൈഭവ് സൂര്യവംശി (26 പന്തിൽ 50) അർധ സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ വിക്കറ്റ് നഷ്ടപ്പെടുത്തി.

പിന്നീടൊന്നിച്ച വേദാന്ത് ത്രിവേദിയും കുണ്ടുവും ചേർന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. 11-ാം ഓവറിൽ ഒന്നിച്ച സഖ്യം അടുത്ത 30 ഓവർ മലേഷ്യൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. 106 പന്തിൽ 90 റൺസെടുത്താണ് ത്രിവേദി മടങ്ങിയത്. 17 ഫോറും ഒമ്പത് സിക്സുമടങ്ങുന്നതായിരുന്നു കുണ്ടുവിന്റെ പ്രകടനം. അണ്ടർ 19 ഏകദിനത്തിൽ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് താരം. മലേഷ്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി ദീപേഷ് ദേവേന്ദ്രൻ ബൗളർമാരിൽ മിന്നി.

Tags:    
News Summary - India beat Malaysia by 315 runs in U-19 Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.