കേപ്ടൗൺ: ഇനിയാണ് ടീം ഇന്ത്യക്ക് യഥാർഥ ടെസ്റ്റ്. ഇതുവരെയുള്ളതെല്ലാം മോഡൽ പരീക്ഷകളായിരുന്നു. തിരക്കേറിയ 2018-19 സീസണിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ തുടങ്ങിയ വമ്പൻ ടീമുകൾ. ഇൗ മൂന്ന് ടീമുകൾക്കെതിരായ 12 മത്സരങ്ങളായിരിക്കും വിരാട് കോഹ്ലിയുടെ നായകത്വത്തിെൻറ ഉരക്കല്ലാവുക. ഇതെല്ലാം മനസ്സിൽകണ്ടാവും കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിക്ക് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ പാഡുകെട്ടുന്നത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു.
ദക്ഷിണാഫ്രിക്കയെന്ന ബാലികേറാമല 1992ൽ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം 17 ടെസ്റ്റുകളാണ് ഇന്ത്യയുമായി കളിച്ചത്. ഇതിൽ രണ്ട് വിജയം മാത്രമേ ഇന്ത്യക്ക് അവകാശപ്പെടാനുള്ളൂ. 2006-07ൽ രാഹുൽ ദ്രാവിഡിെൻറയും 2010--11ൽ മഹേന്ദ്ര സിങ് ധോണിയുടെയും നേതൃത്വത്തിലുള്ള ടീമുകളാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയം നേടിയിട്ടുള്ള ഇന്ത്യൻ സംഘങ്ങൾ. ആറു പരമ്പരകളിൽ ഒന്ന് സമനിലയിലെത്തിക്കാനായത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. അഞ്ച് പരമ്പരകളും അടിയറവെക്കുകയായിരുന്നു. എന്നാൽ, അവസാന രണ്ട് പരമ്പരകളിലെയും ഭേദപ്പെട്ട പ്രകടനമാണ് ടീമിന് ആശയേകുന്നത്. 2010-11ൽ സമനില നേടിയപ്പോൾ 2013-14 അവസാനംവരെ പൊരുതിയശേഷം പരാജയം സമ്മതിക്കുകയായിരുന്നു.
വിദേശത്തും പുലികളാവാൻ കോഹ്ലിയും കൂട്ടരും തുടർച്ചയായ ഒമ്പത് പരമ്പര വിജയങ്ങളുമായാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. എന്നാൽ, അതിൽ ആറെണ്ണവും സ്വന്തം മണ്ണിലായിരുന്നു. ബാക്കിയുള്ളവയിൽ രണ്ടെണ്ണം ശ്രീലങ്കയിലും ഒന്ന് വെസ്റ്റിൻഡീസിലും. ഒരു പരമ്പര പോലും വിദേശങ്ങളിലെ കടുത്ത സാഹചര്യങ്ങളിൽ കളിച്ചുനേടിയവയല്ലെന്ന് ചുരുക്കം. എന്നാൽ, കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇൗ ടീമിന് ചരിത്രം തിരുത്താനാവുമെന്നാണ് പ്രതീക്ഷ. പരിചയസമ്പത്തും കളിമികവും സമന്വയിക്കുന്ന ടീമാണിത്. 2013-14ൽ ദക്ഷിണാഫ്രിക്കയിൽ കളിച്ച ടീമിലെ 13 പേർ ഇപ്പോഴും ടീമിലുള്ളത് ഇന്ത്യക്ക് മുതൽകൂട്ടാവും.
ബാറ്റിങ്ങും ബൗളിങ്ങും സന്തുലിതം കരുത്തുറ്റ ബാറ്റിങ് നിരയുണ്ടായിട്ടും ബൗളിങ് വിഭാഗത്തിെൻറ ദൗർബല്യംമൂലം വിദേശപിച്ചുകളിൽ പരാജയങ്ങൾ ചോദിച്ചുവാങ്ങുന്നതാണ് ഇന്ത്യൻ ചരിത്രം. എന്നാൽ, ഇത്തവണ കരുത്തുറ്റ ബാറ്റിങ് ഡിപ്പാർട്മെൻറിനൊപ്പം പേസ് ബൗളിങ് സംഘത്തിെൻറ നിലവാരമാണ് ഇന്ത്യക്ക് പ്രതീക്ഷയേകുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ ബൗളിങ് നിരയാണിത്. മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഇശാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ പേസ് ബാറ്ററി. സ്പിൻ തന്ത്രവുമായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. മുരളി വിജയ്, ശിഖർ ധവാൻ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, രോഹിത് ശർമ എന്നിവരടങ്ങിയ ബാറ്റിങ്നിര എന്തിനും പോന്നതാണ്. ധവാൻ പരിക്കിൽനിന്ന് മുക്തനായതിനാൽ ലോകേഷ് രാഹുലിന് ഇടമുണ്ടാവില്ല. ആറ് ബാറ്റ്സ്മാന്മാരെ കളിപ്പിക്കുകയാണെങ്കിൽ മാത്രമായിരിക്കും രോഹിതിന് നറുക്കുവീഴുക. ആറാം നമ്പറിൽ ഒാൾറൗണ്ടറെ പരിഗണിക്കുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ കളിക്കും. മൂന്ന് പേസർമാരും ഒരു സ്പിന്നറും അടങ്ങിയതാവും ബൗളിങ് നിര. ഷമി, ഭുവനേശ്വർ എന്നിവർക്കൊപ്പം ഇശാന്ത്, ഉമേഷ് എന്നിവരിലൊരാളാവും പന്തെറിയുക. അശ്വിനായിരിക്കും ഏക സ്പിന്നർ.
ദക്ഷിണാഫ്രിക്കയെ തളക്കാനാവുമോ? എയ്ഡൻ മർക്രാം, തിയൂനിസ് ഡിബ്രൂയിൻ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ മെരുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ അബ്രഹാം ഡിവില്ലിയേഴ്സ്, ഹാഷിം ആംല തുടങ്ങിയ മഹാമേരുക്കളും ഫാഫ് ഡുപ്ലെസിസ്, ഡീൻ എൽഗാർ, തെംബ ബാവുമ, ക്വിൻറൺ ഡികോക്ക് തുടങ്ങിയവരും പെെട്ടന്ന് കീഴടങ്ങുന്നവരല്ല. പരിക്ക് മാറിയെത്തിയ സ്റ്റാർ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്റ്റെയ്ൻ ഇല്ലെങ്കിലും കാഗിസോ റബാദ, മോണി മോർക്കൽ, വെർനോൻ ഫിലാൻഡർ, സ്പിന്നർ കേശവ് മഹാരാജ് എന്നിവരടങ്ങിയ ബൗളിങ് നിര ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുന്നിലുയർത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. ന്യൂലാൻഡ്സിൽ നാലു മത്സരം കളിച്ചപ്പോൾ രണ്ട് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഇന്ത്യക്ക് ഫലം. കോഹ്ലിക്കും സംഘത്തിനും ഇത് തിരുത്താനായാൽ സീസണിൽ മികച്ച തുടക്കമാവും ടീം ഇന്ത്യക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.