ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺന് തോൽപിച്ച് ലോകകിരീടം

ഹരാരെ: ആദ്യം ​വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങ്. പിന്നെ, ഇംഗ്ലീഷ് ബാറ്റിങ്ങിനെ തരിപ്പണമാക്കിയ ഇന്ത്യൻ കൗമാരക്കാരുടെ ബൗളിങ്. ഒടുവിൽ, അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ലോക കിരീടത്തിൽ വൈഭവ് സൂര്യവംശിക്കും സംഘത്തിനും മുത്തം. സിംബാബ്​‍വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ കൗമാരം കിരീടം ചൂടിയത്.

അവസാനമായി 2022ൽ അണ്ടർ 19 കിരീടം ചൂടിയ ഇന്ത്യയുടെ ആറാം കൗമാര ക്രിക്കറ്റ് കിരീട നേട്ടമാണിത്.

വിസ്ഫോടനാത്മക ബാറ്റിങ് വൈഭവവുമായി ഇന്ത്യയുടെ കൗമാര സൂപ്പർ ഹീറോ അതിശയം വിതറിയ കലാശപ്പോരിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതുവിക്കറ്റിന് 411 റൺസ് അടിച്ചുകൂട്ടി. ഏകദിനത്തിന്റെ ക്രീസിലും ട്വന്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി നിറഞ്ഞാടിയ വൈഭവ് 80 പന്തിൽ 175 റൺസെടുത്തു. 15 പടുകൂറ്റൻ സിക്സറുകളും അത്രതന്നെ ഫോറുകളുമാണ് പതിനാലുകാരന്റെ ബാറ്റിൽനിന്ന് പ്രവഹിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായി തന്നെ ബാറ്റിങ്ങ് തുടങ്ങിയെങ്കിലും പാതിവഴിയിൽ ഇന്ത്യയെ പോലും അമ്പരപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി തകർന്നു. മൂന്നിന് 170 കടന്നതിനു പിന്നാലെ, നാല് വിക്കറ്റുകൾ വീണത് മൂന്ന് റൺസിനുള്ളിൽ. ഒടുവിൽ ഏഴിന് 177 റൺസ് എന്ന നിലയിൽ തകർന്നിടത്തു നിന്നും എട്ടാം വിക്കറ്റിൽ കാലിബ് ഫാക്നറും (115), ജെയിംസ് മിൻറോയും (28) ചേർന്നാണ് ഇംഗ്ലണ്ടിനെ വൻ തോൽവിയിൽ നിന്നും കരകയറ്റിയത്. ഒടുവിൽ 40.2 ഓവറിൽ ഇംഗ്ലീഷുകാർ 311ന് പുറത്തായി. 

വൈഭവ് വിസ്ഫോടനം

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ഓപണിങ്ങിൽ മലയാളി താരം ആരോൺ ജോർജിന്റെ (11 പന്തിൽ ഒമ്പത്) കൂട്ട് തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് വൈഭവിന്റെ സംഹാരതാണ്ഡവമായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയെ കൂട്ടുനിർത്തിയായിരുന്നു പിന്നീടുള്ള അശ്വമേധം. ഹരാരെ സ്​പോർട്സ് ക്ലബിന്റെ നടുമുറ്റത്ത് അടിച്ചുതകർക്കുകയെന്ന അജണ്ട മാത്രമേ ബിഹാറുകാരനുണ്ടായിരുന്നുള്ളൂ. പന്തെടുത്തവർക്കൊക്കെ വയറുനിറച്ച് പ്രഹരം കിട്ടിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. ടീം സ്കോർ 50ലെത്താൻ 48 പന്തുകളെടു​ത്തപ്പോൾ 13.2 ഓവറിൽ സ്കോർ 100ലെത്തി. 32 പന്തിൽ 50 കടന്ന വൈഭവിന് സെഞ്ച്വറിയിലെത്താൻ പിന്നീട് വേണ്ടിവന്നത് 23 പന്തുകൾ കൂടി മാത്രം.

വൈഭവിന് സ്ട്രൈക്ക് കൈമാറി കളിച്ച മാ​ത്രെ അർധശതകം തികച്ചയുടൻ പുറത്തായി. 51 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 53ലെത്തിയ ഇന്ത്യൻ ക്യാപ്റ്റനെ കൂറ്റനടിക്കുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികെ ബെൻ മായെസ് പിടിച്ച് പുറത്താക്കുകയായിരുന്നു.

രണ്ടിന് 162 റൺസെന്ന ഘട്ടത്തിൽ മറു​തലക്കൽ വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി വൈഭവ് കൂടുതൽ ആക്രമണകാരിയായി. മൂന്നാം വിക്കറ്റിൽ 18 പന്തിൽനിന്ന് ഇരുവരും 50 റൺസ് ചേർത്തപ്പോൾ അതിൽ 48 റൺസും വൈഭവിന്റെ ബാറ്റിൽനിന്നായിരുന്നു. 21.4 ഓവറിൽ ടീം സ്കോർ 200 കടന്നു. 25 ഓവറിൽ കൃത്യം 250ഉം. അടുത്ത ഓവറിലെ മൂന്നാം പന്തിൽ മാനി ലുംസ്ഡെണിനെതിരെ ഷോട്ടിന് ശ്രമിച്ച വൈഭവിനെ വിക്കറ്റിന് പിന്നിൽ തോസ് റ്യൂ പിടികൂടുകയായിരുന്നു.

എന്നാൽ, അതിനുശേഷം റണ്ണൊഴുക്ക് കുറഞ്ഞു. ​വേദാന്ത് (36 പന്തിൽ 32), വിഹാൻ മൽഹോത്ര (36 പന്തിൽ 30) അഭിമന്യു കുണ്ടു (31 പന്തിൽ 40), ആർ.എസ് അംബരീഷ് (24 പന്തിൽ 18), ഖിലാൻ പട്ടേൽ (നാലു പന്തിൽ മൂന്ന്), ഹെനിൽ പട്ടേൽ (ഏഴു പന്തിൽ അഞ്ച്) എന്നിവരൊക്കെ നിലയുറപ്പിക്കുംമുമ്പ് തിരിച്ചുകയറി. കുണ്ടു മാത്രമാണ് മധ്യനിരയിൽ അൽപം ആക്രമണോത്സുകത പ്രകടിപ്പിച്ചത്.

വൈഭവ് പുറത്താകുന്നതിന് മുമ്പ് 25 ഓവറിൽ ഇന്ത്യ മൊത്തം 17 സിക്സറുകൾ പറത്തിയെങ്കിൽ പിന്നീടുള്ള 25 ഓവറിൽ രണ്ടു​ സിക്സ് മാത്രമാണ് ഹരാരെയിൽ പിറന്നത്. സ്കോർ ഒടുവിൽ 400 കടത്തിയത് വാലറ്റത്ത് കനിഷ്‍ക് ചൗഹാന്റെ (20 പന്തിൽ 37) ഇന്നിങ്സായിരുന്നു. ചൗഹാൻ മൂന്നു ഫോറും ഒരു സിക്സുമുതിർത്തു. ജെയിംസ് മിന്റോ എട്ടോവറിൽ 63 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

-മധ്യ ഓവറിൽ തകർന്ന് ഇംഗ്ലണ്ട്

വൻ ലക്ഷ്യത്തിന് ബാറ്റുമായിറങ്ങിയ ഇംഗ്ലണ്ടിന് മുന്നിൽ ബിഗ് ഹിറ്റുകൾ മാത്രമായിരുന്നു വഴി. ഓപണർ ബെൻ ഡോകിൻസും (66 റൺസ്), ജോസഫ് മൂറും (17) നൽകിയ തുടക്കവും, പിന്നാലെ ബെൻ മായിസ് (45), തോമസ് റ്യൂ (31) എന്നിവരുടെ വെടിക്കെട്ടുമായി ഇന്ത്യൻ ഇന്നിങ്സ് പിന്തുടരുന്നതിനിടെയാണ് 21ാം ഓവറിൽ ഇംഗ്ലണ്ടിന് തിരിച്ചടി കുടുങ്ങുന്നത്. ബെൻ ഡോകിൻസിനെയും, റാൽഫി ആൽബർട്ടിനെയും (0) ആയുഷ് മഹാത്രെയുടെ ഓവറിൽ നഷ്ടമായി. അടുത്ത ഓവറിൽ ഫർഹാൻ അഹമ്മദും (1), സെബാസ്റ്റ്യൻ മോർഗനും (0) ദീപേഷ് ദേവേന്ദ്രന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 177ലേക്ക് തകർന്നു. ഇവിടെ നിന്നായിരുന്നു കാലിബ് ഫാക്നറും, ജെയിംസ് മിന്റോയും ഉജ്വല ചെറുത്തു നിൽപ് നടത്തിയത്. ഒടുവിൽ സ്കോർ 269ലെത്തിച്ച ശേഷം മാത്രമേ ഇന്ത്യക്ക് എട്ടാം വിക്കറ്റ് കൂട്ട് പൊളിക്കാൻ കഴിഞ്ഞുള്ളൂ. പിന്നാലെ വിക്കറ്റുകൾ വീണപ്പോഴും സെഞ്ച്വറിയും കടന്ന് കാലിബ് കളത്തിൽ ഉറച്ചു നിന്നു.

Tags:    
News Summary - india won u19 cricket world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-05 01:23 GMT