മികവ് തുടർന്ന് രാഹുലും ശ്രേയസും; ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്‍റി20യിൽ അർധസെഞ്ച്വറി നേടിയ കെ.എൽ. രാഹുൽ രണ്ടാം മത്സരത്തിലും മികച്ച ഫോം തുടർന്നപ്പോൾ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 133 റൺസെന്ന വിജയലക്ഷ്യം രാഹുൽ പുറത്താകാതെ നേടിയ 57 റൺസിന്‍റെ പിൻബലത്തിൽ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരും (44) മികച്ച ഫോം തുടർന്നു. സ്കോർ -ന്യൂസിലാൻഡ്: 132/5 (20 ഓവർ). ഇന്ത്യ: 135/3 (17.3 ഓവർ). ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിട്ടുനിൽക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാൻ കഴിഞ്ഞില്ല. വിക്കറ്റ് കൈവശമുണ്ടായിട്ടും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് ഇല്ലാതിരുന്നത് കിവികളെ 132ൽ ഒതുക്കി. ന്യൂസിലാൻഡിനായി മാർട്ടിൻ ഗുപ്ടിൽ (33), കോളിൻ മൺറോ (26), ടിം സെയ്ഫേർട്ട് (33) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ, ജസ്പ്രീത് ബുംറ, ശർദുൽ താക്കുർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശർമയുടെ (എട്ട്) വിക്കറ്റ് നഷ്ടമായെങ്കിലും രാഹുൽ ഒരുവശത്ത് കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി 11 റൺസുമായി പുറത്തായിട്ടും ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ കിവീസിനായില്ല. രാഹുലിനൊപ്പം ശ്രേയസ് അയ്യർ കൂടി എത്തിയതോടെ സ്കോറിങ്ങിന് വേഗം കൂടി. 33 പന്തിൽ നിന്ന് മൂന്ന് കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെയാണ് ശ്രേയസ് 44 റൺസെടുത്തത്.

എന്നാൽ അർധസെഞ്ച്വറിക്ക് തൊട്ടരികിൽ വെച്ച് ശ്രേയസ് വീണു. പിന്നാലെയെത്തിയ ശിവം ദുബെ തകർപ്പനൊരു സിക്സറോടുകൂടി ഇന്ത്യൻ ജയം പൂർത്തിയാക്കി.

Tags:    
News Summary - ind vs nz t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.