ധോണിയുടെ പ്രായത്തെ കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുനോക്കുക -രവിശാസ്ത്രി

മുംബൈ: മുന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്ത്രി. ധോണിക്ക് പകരം വെക്കാന്‍ ടീമില്‍ മറ്റൊരു താരമില്ലെന്നും പുതു തലമുറയേക്കാള്‍ കായികക്ഷമതയും കഴിവും ധോണിക്കുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ ഏകദിന ടി20 മത്സരങ്ങളില്‍ ധോണിക്ക് പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാനായി. പ്രതീക്ഷയര്‍പ്പിച്ച പല താരങ്ങളും ലങ്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ വീണെങ്കിലും ധോണി പതറാതെ പിടിച്ചുനിന്നു. വിക്കറ്റിന് പിന്നിലും ധോണി മത്സരത്തില്‍ നിറഞ്ഞുനിന്നു. ട്വൻറി20യില്‍ ഏറ്റവും കൂടുല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി.

ഇന്ന് ടീമിലുള്ള 26 തികഞ്ഞ താരങ്ങളേക്കാള്‍ ഏറ്റവും മികച്ച കായികക്ഷമത പാലിക്കുന്നത് 36 കാരനായ ധോണിയാണെന്ന് ശാസ്ത്രി പറയുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ താങ്ങിനിര്‍ത്താനും വിജയത്തിലെത്തിക്കാനും ധോണി തന്നെയാണ് മികച്ചതെന്നും അദ്ദേഹം പറയുന്നു. ധോണിക്ക് പകരം വെക്കാന്‍ ഒരു താരം ഇന്ന് ടീമിലില്ല. ധോണിയുടെ പ്രായത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുനോക്കി 36-ാം വയസ്സില്‍ തനിക്കെന്ത് സാധിച്ചിരുന്നു എന്ന് പരിശോധിക്കണമെന്നും ശാസ്ത്രി പറഞ്ഞു. 


2019 ലോകകപ്പിലും ധോണി കളിക്കുമെന്ന് സെലക്ടര്‍മാര്‍
എം.എസ് ധോണി എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറാണെന്നും അദ്ദേഹത്തിന്‍റെ അടുത്തെങ്ങും എത്താന്‍ പ്രതിഭയുള്ള ഒരു കളിക്കാരനും തല്‍ക്കാലം ഇല്ലെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്. 2019 ലോകപ്പിലും ധോണി ഇന്ത്യന്‍ ആക്രമണത്തിന്‍റെ അമരത്തുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. ധോണിക്ക് പകരക്കാരായി പലരെയും പരീക്ഷിച്ചെങ്കിലും ഒരാളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

ധോണിക്കു പകരം ദിനേശ് കാർത്തിക്കിനെ പരീക്ഷിച്ചു നോക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതാരങ്ങള്‍ക്ക് ധോണിയുടെ മികവിന്‍റെ  അടുത്തെത്താനുള്ള പ്രതിഭ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് രംഗത്ത് വന്നിരിക്കുന്നത്. ശ്രീലങ്കന്‍ പരമ്പരയിലും മിന്നല്‍ സ്റ്റംപിങ്ങുകള്‍ കൊണ്ട് ധോണി ക്രിക്കറ്റ് പ്രേമികളെ വിസ്‍മയിപ്പിക്കുകയാണ്. പഴകുംതോറും വീര്യം കൂടുന്നതു പോലെയാണ് ധോണിയുടെ പ്രതിഭയെന്ന് ആരാധകര്‍ പറയുന്നു.
 

Tags:    
News Summary - Dhoni at 36 is fitter than bunch of 26-year-olds: Ravi Shastri -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.