ധാക്ക: കളി അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കേ, ആറില്‍ കൂടുതല്‍ റണ്‍സാണ് ലക്ഷ്യമെങ്കില്‍ ക്രീസിലുള്ളവരുടെ മാത്രമല്ല കളി കണ്ടുനില്‍ക്കുന്നവരുടെയും ഹൃദയമൊന്നിടിക്കും, ഒറ്റ പന്തില്‍ ആറില്‍ കൂടുതല്‍ റണ്‍സ് നേടുകയെന്നത് അത്രയേറെ ശ്രമകരമാണെന്നതാണ് കാരണം. എന്നാല്‍ കേവലം നാലു പന്തില്‍ 92 റണ്‍സ് നേടാനാകുമോ? ഒരിക്കലും നടക്കാത്ത ആ സ്വപ്നത്തിന് സുജേന്‍ മഹ്മൂദ് എന്ന ബൗളര്‍ നല്‍കേണ്ടിവന്ന വില 10 വര്‍ഷത്തെ വിലക്കാണ്. ബോളര്‍ക്ക് മാത്രമല്ല, ടീം ക്യാപ്റ്റനും കോച്ചിനും ടീം മാനേജ്മെന്‍റിനും വരെ കിട്ടി - അഞ്ച് വര്‍ഷത്തെ വിലക്ക്.

ബംഗ്ളാദേശിലെ ധാക്കയില്‍ നടന്ന ധാക്ക സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് മത്സരത്തിലാണ് ക്രിക്കറ്റ് ലോകം തന്നെ അസംഭവ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ അരങ്ങേറിയത്. ലാല്‍മാട്ടിയ ക്ളബ്ബിലെ ബോളര്‍ സുജേന്‍ മഹ് മൂദാണ് ക്രിക്കറ്റ് പുസ്തകത്തില്‍ കുപ്രസിദ്ധിയുടെ താളില്‍ രേഖപ്പെടുത്താവുന്ന പേരായി മാറിയത് ഒരൊറ്റ ഓവറിലായിരുന്നു. മോശം അമ്പയറിങ്ങിനും തീരുമാനങ്ങളിലെ അനീതികള്‍ക്കുമെതിരെ അമര്‍ഷം പ്രകടിപ്പിക്കുന്നതിനാണ് സുജേന്‍ പന്തുകൊണ്ടു പ്രതിഷേധം രേഖപ്പെടുത്തിയതെന്നാണ് ധാക്കയിലെ പ്രാദേശിക പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നത്.     കളിനിയമങ്ങളെ തികച്ചും അന്യായമായി വളച്ചൊടിച്ച അമ്പയറോടുള്ള പ്രതിഷേധം പന്തു കൊണ്ടു തന്നെയാണ് സുജേന്‍ പ്രകടിപ്പിച്ചത്. ഒരല്‍പം പോലും ചൂടാവാതെയും ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാതെയും കളി തുടര്‍ന്ന സുജേന്‍ ഫലത്തില്‍ ടീമിന്‍െറ മൊത്തത്തിലുള്ള ദേഷ്യമാണ് പ്രകടിപ്പിച്ചത്.

ബംഗ്ളാദേശ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും വിവാദങ്ങളുടെ അകമ്പടിയോടെയാണ് നടന്നിരുന്നത്. കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും അമ്പയര്‍മാര്‍ കളിക്കുന്നതും കാണികള്‍ ഗ്രൗണ്ട് കയ്യേറുന്നതുമെല്ലാം നിത്യസംഭവം. ഇത്തവണയും അമ്പയറിങ്ങിന്‍്റെ പേരില്‍ ഈ ടൂര്‍ണമെന്‍റ് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. രണ്ട് മാസം മുമ്പ് നടന്നൊരു മത്സരത്തിലും ഇതുപോലെ മോശം അമ്പയറിങ്ങിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഫിയര്‍ ഫൈറ്റേഴ്സ് സ്പോര്‍ടിങ്ങ് ക്ളബ്ബിന്‍്റെ ബോളര്‍ തസ്നീം ഹസ്സനായിരുന്നു അന്ന് അമ്പയര്‍മാര്‍ക്കെതിരെ തിരിഞ്ഞത്, ഏഴു പന്തില്‍ 69 റണ്‍സ് വഴങ്ങിയായാരുന്നു അന്നത്തെ പ്രതിഷേധം.

ക്രിക്കറ്റ് മൈതാനത്തെ പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ രോഷപ്രകടനവുമായി ഇപ്പോള്‍ രംഗത്തത്തെിയിരിക്കയാണ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റിന് തന്നെ അപമാനമുണ്ടാക്കുന്ന പ്രവൃത്തിയെന്നാണ് സുജേന്‍ മഹ്മൂദിന്‍െറ വൈറലായ ഓവറിനെ ബോര്‍ഡ് വിശേഷിപ്പിച്ചിരിക്കുന്നത്. താരത്തിന് 10 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുന്നതായും ബോര്‍ഡ് വ്യക്തമാക്കി. ടൂര്‍ണമെന്‍്റില്‍ നിന്ന് ലാല്‍മാട്ടിയ ക്ളബ്ബിനെ പുറത്താക്കിയ ബംഗ്ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് ധാക്ക സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് ക്യാപ്റ്റനും കോച്ചിനും കൂടി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ബോളര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്, ടീം മാനോജ്മെന്‍റിന്‍െറയും അംഗങ്ങളുടെയും പിന്തുണ ഇതിനു പിന്നിലുണ്ട്. എന്തായാലും ബംഗ്ളാദേശ് ക്രിക്കറ്റിനെ ലോകത്തിന് മുന്നില്‍ പരിഹസിക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത് - ബംഗ്ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി മേധാവി ശൈഖ് സുഹേല്‍ രോഷം മറച്ചുവെക്കാതെ പ്രതികരിച്ചു.

ടോസ് ചെയ്യുന്ന സമയത്ത് തന്നെ അമ്പയര്‍ പക്ഷപാതിത്വം കാട്ടിത്തുടങ്ങിയിരുന്നു. ടീം ക്യാപ്റ്റനെ കാണിക്കാതെയാണ് അമ്പയര്‍ ടോസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമ്പയറുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാറ്റ് ചെയ്യുകയായിരുന്നു. ഇത് ടീമംഗങ്ങളെ ചൊടിപ്പിച്ചു. നമ്മുടെ ടീമില്‍ ഭൂരിഭാഗം പേരും കൗമാരപ്രായക്കാരാണ്, ഇത്തരം അനീതികള്‍ക്കെതിരെ അവര്‍ക്ക് അടങ്ങിയിരിക്കാനാവില്ല - അന്നത്തെ കളിയെ കുറിച്ച് ലാല്‍മാട്ടിയ ടീം അംഗം അദ്നാന്‍ മഹ് മൂദിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു.

50 ഓവര്‍ മാച്ചില്‍ കേവലം 14 ഓവറുകള്‍ പിന്നിട്ടതോടെ 88 റണ്‍സ് നേടി ബാറ്റിങ്ങ് അവസാനിപ്പിച്ച ലാല്‍മാട്ടിയ ടീം ആദ്യ ഓവര്‍ എറിയാന്‍ സുജേന്‍ മഹ് മൂദിനെയാണ് പന്ത് ഏല്‍പ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആക്സിയോം ടീം ഓപണര്‍ മുസ്തഫിസുര്‍ റഹ്മാനെ ക്രീസില്‍ കാഴ്ചക്കാരനാക്കിയാണ് സുനേജ് അമ്പയറെ പരിഹാസ്യനാക്കുന്ന സ്പെല്ലിന് തുടക്കമിട്ടത്. തലങ്ങും വിലങ്ങും പന്തെറിഞ്ഞ് 65 വൈഡും 15 നോബോളുമായി 80 റണ്‍സാണ് എതിര്‍ടീമിന്‍െറ സ്കോര്‍ബോര്‍ഡില്‍ സുജേന്‍ എഴുതിച്ചേര്‍ത്തത്. ഇതിനിടെ നാലു പന്തുകള്‍ മാത്രമാണ് സുജേന്‍ മഹ് മൂദ് നേരെ എറിഞ്ഞത്. ഇതില്‍ മൂന്നും ബൗണ്ടറി കടത്തി ബാറ്റ്സ്മാന്‍ മികവ് കാട്ടുകയും ചെയ്തു. അങ്ങനെ ആദ്യ ഓവറിലെ വെറും നാല് പന്ത് എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും ആക്സിയോം ടീം പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി. നോണ്‍ സ്ട്രൈക്കില്‍ എന്‍ഡില്‍ നിന്നിരുന്ന സാജിദ് ഹസന് ഒരു പന്ത് നേരിടാനുള്ള ഭാഗ്യം പോലും ലഭിക്കാതെയാണ് കളി അവസാനിച്ചത്.
Tags:    
News Summary - bangladesh bowler ban for ten year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.