ഇന്ത്യ 318ന് പുറത്ത്; ന്യൂസിലന്‍ഡ് ഒന്നിന് 152

കാണ്‍പൂര്‍: 500ാം ടെസ്റ്റ് മത്സരത്തില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ കരുത്തിന് മുന്നില്‍ ഇടറാതെ ബാറ്റേന്തുന്ന കിവീസ് ശക്തമായ അടിത്തറയുമായി ആദ്യ ഇന്നിങ്സ് കരുപ്പിടിപ്പിച്ച് തുടങ്ങി. ആതിഥേയരുടെ ഒന്നാം വട്ട ബാറ്റിങ് 318 റണ്‍സിലൊതുക്കിയ ശേഷം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. മഴ മൂലം രണ്ടാം ദിനത്തിലെ ചായക്കുശേഷമുള്ള സെഷന്‍ പൂര്‍ണമായും നഷ്ടമായപ്പോള്‍ ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്കോറിനൊപ്പമത്തൊന്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറയും ഓപണര്‍ ടോം ലതാമിന്‍െറയും 117 റണ്‍സിന്‍െറ അപരാജിത സെഞ്ച്വറി കൂട്ടുകെട്ടാണ് കിവീസിന് കരുത്തായത്. 65 റണ്‍സുമായി വില്യംസണും 56 റണ്‍സുമായി ലതാമും ക്രീസിലുണ്ട്. പേസര്‍ ഉമേഷ് യാദവിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് (21) പുറത്തായത്.
 
ടോം ലതാമിനെ ക്യാച്ച് ചെയ്യാന്‍ ലോകേഷ് രാഹുലിന്‍െറ ശ്രമം. കിവീ ഓപണറുടെ ബാറ്റിലും ബൂട്ടിലും തട്ടിയുയര്‍ന്ന പന്ത് ഇന്ത്യന്‍ താരം കൈപിടിയിലൊതുക്കിയെങ്കിലും അതിനിടെ ഹെല്‍മറ്റില്‍ തട്ടിയതിനാല്‍ അമ്പയര്‍ ക്യാച്ച് അനുവദിച്ചില്ല
 

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കറങ്ങിവീണ ഗ്രീന്‍പാര്‍ക് പിച്ചില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാമെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മോഹങ്ങള്‍ക്ക് ന്യൂസിലന്‍ഡ് ബാറ്റുകൊണ്ട് മറുപടി നല്‍കിയപ്പോള്‍ ഐതിഹാസിക ടെസ്റ്റില്‍ ആദ്യഘട്ടത്തില്‍തന്നെ ആതിഥേയര്‍ പരുങ്ങലിലായി. വന്‍ ഭീഷണിയാവുമെന്ന് കരുതപ്പെട്ടിരുന്ന ഇന്ത്യയുടെ സ്പിന്‍ ദ്വയത്തെ ഫലപ്രദമായി നേരിട്ടായിരുന്നു കിവി മുന്നേറ്റം. രവിചന്ദ്ര അശ്വിന്‍െറ ഓഫ് സ്പിന്നിനെയും രവീന്ദ്ര ജദേജയുടെ ഇടങ്കൈയന്‍ സ്പിന്നിനെയും വലങ്കൈയന്‍ ബാറ്റ്സ്മാനായ വില്യംസണും ഇടങ്കൈയന്‍ ലതാമും ആധികാരികതയോടെ നേരിട്ടു. കഴിയാവുന്നത്ര ബാക്ഫൂട്ടിലിറങ്ങി കളിച്ച ഇരുവരും പിച്ചിന്‍െറ വേഗക്കുറവ് പരമാവധി മുതലെടുത്തു. ഇടക്കിടെ സ്വീപ് ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തുകയും ചെയ്തു. വില്യംസണ്‍ സ്വതസിദ്ധമായ ശൈലിയില്‍ ഒഴുക്കോടെ സ്കോര്‍ ചെയ്തപ്പോള്‍ ലതാം അല്‍പം പതുക്കെയാണെങ്കിലും ഫലപ്രദമായി സ്കോര്‍ മുന്നോട്ടുനീക്കി. 115 പന്തില്‍ ഏഴ് ബൗണ്ടറിയടങ്ങിയതായിരുന്നു വില്യംസണിന്‍െറ ഇന്നിങ്സെങ്കില്‍ 137 പന്തില്‍ അഞ്ച് ഫോറുകള്‍ പായിച്ചാണ് ലതാം 56ലത്തെിയത്.
അവസാനഘട്ടത്തില്‍ ഇരുവര്‍ക്കും ഓരോ തവണ ജീവന്‍ ലഭിച്ചു, രണ്ടും ജദേജയുടെ പന്തില്‍. സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ലതാമിന്‍െറ ബാറ്റിലും ബൂട്ടിലും കൊണ്ട പന്ത് ഫോര്‍വേഡ് ഷോര്‍ട്ട്ലെഗില്‍ ലോകേഷ് രാഹുല്‍ കൈയിലൊതുക്കിയെങ്കിലും അതിനിടെ ഹെല്‍മറ്റില്‍ തട്ടിയതിനാല്‍ അമ്പയര്‍ ഒൗട്ട് അനുവദിച്ചില്ല. തൊട്ടുപിന്നാലെ വില്യംസണിനെ ബീറ്റ് ചെയ്ത പന്തില്‍, വ്യക്തമായ ശബ്ദം കേള്‍ക്കാമായിരുന്നിട്ടും ജദേജയുടെ അപ്പീല്‍ അമ്പയര്‍ തള്ളി.
 

നേരത്തേ ആദ്യ ദിനം ഒമ്പതിന് 291 എന്ന നിലയില്‍നിന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയുടെ ഒറ്റയാള്‍ പേരാട്ടമാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്. ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് രണ്ടാം ദിനം 27 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജദേജ 44 പന്തില്‍ ഏഴു ഫോറും ഒരു സിക്സുമുള്‍പ്പെടെ പുറത്താകാതെ 42 റണ്‍സ് എടുത്തു. അവസാന വിക്കറ്റില്‍ ഇരുവരും 41 റണ്‍സ് ചേര്‍ത്തു. കിവി നിരയില്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടും ഇടംങ്കൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പേസര്‍ നീല്‍ വാഗ്നര്‍ രണ്ടു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റുകള്‍ സ്പിന്നര്‍മാരായ മാര്‍ക് ക്രെയ്ഗും ഇഷ് സോധിയും പങ്കിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.