ചതിയന്‍ പിച്ചുകള്‍ക്കെതിരെ ഐ.സി.സി


ആതിഥേയര്‍ക്ക് യോജിച്ച പിച്ചൊരുക്കിയത് മതിയെന്ന് കുംബ്ളെയുടെ കമ്മിറ്റി
ലണ്ടന്‍: എതിരാളികളെ വാരിക്കുഴി കുത്തി ചതിച്ചുവീഴ്ത്തി രണ്ട്, രണ്ടര ദിവസംകൊണ്ട് റിസല്‍ട്ട് പടച്ചുണ്ടാക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കളത്തിലിറങ്ങുന്നു. ആതിഥേയര്‍ക്ക് യോജിച്ച രീതിയില്‍ പിച്ചുണ്ടാക്കി സന്ദര്‍ശകരെ വട്ടംകറക്കുന്ന പരിപാടി ഇനി മതിയാക്കാമെന്നാണ് ഐ.സി.സിയുടെ ശാസനം. ഇതിനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയുടെ അധ്യക്ഷതയില്‍ കൂടിയ ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി തീരുമാനിച്ചു.
പിച്ചിന്‍െറ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഐ.സി.സി കടുത്ത തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്നത്. ആതിഥേയര്‍ക്ക് ഗുണകരമായ രീതിയിലാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളും ടെസ്റ്റ് ക്രിക്കറ്റിന് പിച്ചൊരുക്കുന്നതെന്ന് കമ്മിറ്റി വിമര്‍ശിച്ചു. ഇപ്പോഴത്തെ ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്‍െറ സ്വന്തം നാടായ നാഗ്പുരില്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ രണ്ടര ദിവസംകൊണ്ടാണ് ഇക്കഴിഞ്ഞ പരമ്പരയില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക തോല്‍വി ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ചൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ഐ.സി.സിയുടെ ‘പിച്ചൊരുക്കല്‍’ ടീമിലുണ്ട് എന്നതാണ് ഏറെ കൗതുകകരം. ഐ.സി.സിയുടെ മാധ്യമപ്രതിനിധിയാണ് കമന്‍േററ്റര്‍കൂടിയായ രവി ശാസ്ത്രി. എന്നാല്‍, കുംബ്ളെയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ശശാങ്ക് മനോഹറും രവി ശാസ്ത്രിയും പങ്കെടുത്തില്ല. അതേസമയം, രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റിലും പിച്ച് വില്ലനാകുന്നതിനെക്കുറിച്ച് കമ്മിറ്റി അംഗമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തുറന്നടിച്ചു. ക്രിക്കറ്റിന്‍െറ സമഗ്ര പുരോഗതിക്കായി അന്താരാഷ്ട്ര ക്രിക്കറ്റിന്‍െറ ഘടന സമൂലമായി ഉടച്ചുവാര്‍ക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.