മടങ്ങിവരുമെന്നുറച്ച് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: പത്തു വര്‍ഷം മുമ്പ് ഇതുപോലൊരു ജനുവരിയില്‍ കറാച്ചി നാഷനല്‍ സ്റ്റേഡിയത്തിലെ രാവിലത്തെ ആ ബൗളിങ് സെഷന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. ഇര്‍ഫാന്‍ പത്താന്‍ എന്ന 21കാരന്‍െറ മാരക സ്വിങ് ബൗളിങ് പ്രകടനം കണ്ട് പാകിസ്താന്‍ സ്റ്റേഡിയം നിശ്ശബ്ദമായ നിമിഷം. ടോസ് നേടി ബൗളിങ്ങിനിറങ്ങിയ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ആദ്യ പന്തെറിയാന്‍ വിളിച്ചത് ഇര്‍ഫാന്‍ പത്താനെ. ആദ്യ മൂന്നു പന്തും പുറത്തേക്ക് സ്വിങ് ചെയ്ത ശേഷം നാലാം പന്തില്‍ സല്‍മാന്‍ ഭട്ട് സ്ലിപ്പില്‍ കാത്തുനിന്ന ദ്രാവിഡിന്‍െറ കൈയില്‍. അടുത്ത പന്തില്‍ വിശ്വസ്തനായ യൂനിസ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ഹാട്രിക് തികച്ച് മുഹമ്മദ് യൂസുഫിന്‍െറ കുറ്റി പത്താന്‍ പിഴുതെടുത്തപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്ണുപോലും എത്തിയിരുന്നില്ല.

പിന്നീട് ലോക ട്വന്‍റി20 കപ്പ് നേടാന്‍ ഇന്ത്യന്‍ ടീമിന് പത്താന്‍െറ ഓള്‍റൗണ്ട് മികവ് തുണയായി. കപില്‍ദേവിന് ശേഷം ലക്ഷണമൊത്ത ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിലേക്ക് ഉയരുന്നതിനിടെയായിരുന്നു പരിക്കും ഫോമില്ലായ്മയും കാരണം ടീമിന് പുറത്തേക്ക് പത്താന്‍ ഇറങ്ങി നടന്നത്. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന പത്താന്‍ 31ാമത്തെ വയസ്സില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ്. മുംബൈയില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ട്രോഫിയില്‍ ഫൈനലിലത്തെിയ ബറോഡ ടീമിന്‍െറ ക്യാപ്റ്റനാണ് ഇര്‍ഫാന്‍. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇര്‍ഫാന്‍ മുഷ്താഖ് അലി ട്രോഫിയില്‍ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഉത്തര്‍പ്രദേശിനെതിരെ ബുധനാഴ്ച നടക്കുന്ന ഫൈനല്‍ ജയിക്കുമെന്ന് ഉറപ്പിച്ചുപറയുന്ന ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയത്തെുമെന്ന ആത്മവിശ്വാസത്തിലാണ്. പരിക്കുകള്‍ അകന്ന് ഫിറ്റ്നസോടെ കളത്തില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞ തനിക്ക് പ്രായം ഒരു തടസ്സമല്ളെന്നാണ് പത്താന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT