സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോല്‍വി

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ആറു വിക്കറ്റ് തോല്‍വി. കരുത്തരായ മുംബൈയോടാണ് കേരളം തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കേരളം രോഹന്‍ പ്രേമിന്‍െറ അര്‍ധസെഞ്ച്വറി മികവില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. രോഹന്‍ 45 പന്തില്‍ 69ഉം, ക്യാപ്റ്റന്‍ സചിന്‍ ബേബി 26 പന്തില്‍ 32 റണ്‍സുമെടുത്ത് കേരള സ്കോറിങ്ങിന് വേഗം നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ മുംബൈക്ക് ഓപണര്‍മാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും കളിയുടെ ഗതിനിര്‍ണയിക്കാന്‍ അതിനൊന്നും കഴിഞ്ഞില്ല. രണ്ടിന് 21 എന്ന നിലയില്‍ തകര്‍ന്നവരെ മൂന്നാം വിക്കറ്റില്‍ നായകന്‍ ആദിത്യ താരെയും (46 പന്തില്‍ 71), സിദേഷ് ലാഡും 31 പന്തില്‍ 36) ചേര്‍ന്ന് സുരക്ഷിതമായ നിലയിലത്തെിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞുവീശിയ അഭിഷേക് നായര്‍ (20 പന്തില്‍ 38) പുറത്താവാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 19. 1 ഓവറില്‍ ആറു വിക്കറ്റ് കൈയിലിരിക്കെയായിരുന്നു മുംബൈയുടെ ജയം. 
കേരള ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (0) രണ്ടാം ഓവറില്‍തന്നെ മടങ്ങിയെങ്കിലും മധ്യനിരയാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. സഞ്ജു വി സാംസണ്‍ (22), റൈഫി ഗോമസ് (12), വിനൂപ് മനോഹരന്‍ (2), മനു കൃഷ്ണന്‍ (6 നോട്ടൗട്ട്)  എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. 
ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ബറോഡ ആറു വിക്കറ്റിന് വിദര്‍ഭയെ തോല്‍പിച്ചു. 
ഗ്രൂപ് ‘ബി’യില്‍ ഉത്തര്‍പ്രദേശ് ഒമ്പതു വിക്കറ്റിന് ജാര്‍ഖണ്ഡിനെയും ഗുജറാത്ത് എട്ടുവിക്കറ്റിന് ഡല്‍ഹിയെയും തോല്‍പിച്ചു. 
രണ്ടാം മത്സരത്തില്‍ കേരളം ശനിയാഴ്ച ബറോഡയെ നേരിടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.