നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് തട്ടിപ്പ്: യുവ് രാജിനെയും ഹര്‍ഭജനെയും സി.ബി.ഐ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: വിവാദമായ പേള്‍സ് നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനെയും ഹര്‍ഭജന്‍ സിങ്ങിനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് തട്ടിപ്പിലൂടെ 45,000 കോടി രൂപ  വെട്ടിച്ച ‘പേള്‍സ്’ (പി.എ.സി.എല്‍) കമ്പനിയില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചവരില്‍ ഹര്‍ഭജനും യുവരാജുമുണ്ടെന്ന കണ്ടത്തെിയതിനെ തുടര്‍ന്നാണ് കേസന്വേഷിക്കുന്ന സി.ബി.ഐ ഇരുവരെയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മള്‍ട്ടിലെവല്‍ ശൃംഖലയിലൂടെ 45,000 കോടി രൂപ പേള്‍സ് ചെയര്‍മാന്‍ നിര്‍മല്‍ സിങ് ഭാങ്കു സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു. കമ്പനി സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയതായാണ് കണ്ടത്തെല്‍. ഇവരുടെ ലിസ്റ്റ് സി.ബി.ഐ തയാറാക്കിവരികയാണ്. ജനുവരി ഒമ്പതിന് നിര്‍മല്‍ സിങ് ഭാങ്കുവിനെയും മറ്റ് മൂന്നുപേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് താരങ്ങളുടെ പേരുകള്‍ പുറത്തുവന്നത്. പഞ്ചാബിലെ വെറുമൊരു പാല്‍ക്കാരന്‍ മാത്രമായിരുന്ന നിര്‍മല്‍ സിങ് ഭാങ്കു 1996ല്‍ ആരംഭിച്ച നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിലൂടെ 45,000 കോടി തട്ടിയെടുത്തെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം.
ആസ്ട്രേലിയക്കെതിരായ മൂന്ന് ട്വന്‍റി20 മത്സരങ്ങളുടെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജനും യുവരാജും ഇടംപിടിച്ചിട്ടുണ്ട്. ഒരിടവേളക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയത്തെിയ യുവരാജിനാണ് സി.ബി.ഐ നടപടി ഏറ്റവും വിനയായി മാറുക. പേള്‍സ് കമ്പനിയില്‍നിന്ന് സമ്മാനമായി ഇരുവര്‍ക്കും മൊഹാലിയില്‍ സ്ഥലം ലഭിച്ചെന്നാണ് സി.ബി.ഐ പറയുന്നത്. ഈ സ്ഥലം സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആസ്ട്രേലിയയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണ് പേള്‍സ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
എന്നാല്‍, കമ്പനിയില്‍നിന്ന് ഇങ്ങനെ ഭൂമി ലഭിച്ചിട്ടില്ളെന്നാണ് യുവരാജിന്‍െറ അമ്മ ശബ്നം പ്രതികരിച്ചത്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് സമ്മാനമായി ഭൂമി നല്‍കുമെന്ന് പേള്‍ ഗ്രൂപ് അറിയിച്ചിരുന്നു. പക്ഷേ, സ്ഥലം തങ്ങള്‍ സ്വീകരിച്ചില്ളെന്നും ഈ കമ്പനിയുമായി ഒരു ബന്ധവുമില്ളെന്നും ശബ്നം പറയുന്നു. 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് ഇതുപോലെ സ്ഥലം സമ്മാനമായി നല്‍കിയിട്ടുണ്ടോ എന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. പ്രമുഖരായ മറ്റ് താരങ്ങളിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ടെന്നാണ് സി.ബി.ഐ നല്‍കുന്ന സൂചന.
ഐ.പി.എല്ലും 2011ല്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരവും സ്്പോണ്‍സര്‍ ചെയ്തത് പേള്‍സ് കമ്പനിയായിരുന്നു.  2012ല്‍ ആലപ്പുഴ  പുന്നമട കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളം കളിയുടെയും സ്പോണ്‍സര്‍മാര്‍ പി.എ.സി.എല്‍ ആയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.