ഗെയ്ല്‍ കമന്‍റടി വീരനെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍


സിഡ്നി: വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറി വെട്ടിലായ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഗ്ബാഷ് ട്വന്‍റി20 ലീഗിനിടെ വനിതാ റിപ്പോര്‍ട്ടര്‍ മെല്‍ മക്ലാഫിനോട് മോശമായി പെരുമാറി ഗെയ്ല്‍ വെട്ടിലായത്. 10,000 ഡോളര്‍ പിഴയടച്ച താരം പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സിഡ്നി സംഭവത്തിനു ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഫോക്സ് കായിക ലേഖിക നെറോലി മെഡോസ് ഗെയ്ലിനെതിരെ ആരോപണമുന്നയിച്ചത്. സ്ഥിരമായി ഗെയ്ലിന്‍െറ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം കാണുന്നുവെന്ന് ആസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനെ ലേഖിക അറിയിച്ചു. 2011ല്‍ ഒരു ഇന്‍റര്‍വ്യൂവിനിടെ  ‘താങ്കളുടെ സുന്ദരമുഖം കണ്ട് എന്‍െറ മനസ്സ് തെന്നിപ്പോയി’ എന്നുപറഞ്ഞ് മാധ്യമ പ്രവര്‍ത്തകയോട് ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ പറഞ്ഞു. ചാനല്‍ നയന്‍  റിപ്പോര്‍ട്ടര്‍ യോന്നെ സാംപ്സണിനോട് പുറത്തുനിന്ന് ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹംപ്രകടിപ്പിച്ചതും വെളിവായി. പിന്നീട് താരത്തെ കണ്ടിട്ടില്ളെന്നും അദ്ദേഹമൊരു സ്ത്രീലമ്പടനാണെന്നും കരുതുന്നതായി സാംപ്സണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനിടെ ഗെയ്ല്‍ മോശമായി പെരുമാറിയതായി വെസ്റ്റിന്‍ഡീസ് ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിലുണ്ടായിരുന്ന വനിതയും വെളിപ്പെടുത്തി. ഡ്രസിങ് റൂമില്‍വെച്ച്  തുണിയുരിഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണങ്ങളെല്ലാം ഗെയ്ല്‍ നിഷേധിച്ചു.
താരത്തിന്‍െറ പഞ്ചാരവാക്കിനെതിരെ സാമൂഹികമാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.