വിടവാങ്ങിയത് ക്രിക്കറ്റിലെ ചാണക്യന്‍

‘മാക്യവെല്ലി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്’- ഇന്ത്യന്‍ ക്രിക്കറ്റിലെ കൗശലങ്ങളുടെ കാരണവര്‍, അതായിരുന്നു ജഗ്മോഹന്‍ ഡാല്‍മിയ എന്ന പേരിനൊപ്പം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകേട്ട വിശേഷണം. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐയെ പണംകായ്ക്കുന്ന മരമാക്കിമാറ്റിയ ചാണക്യന്‍. കുശാഗ്രത നിറഞ്ഞ ബിസിനസ് ബുദ്ധിയും മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി ഡാല്‍മിയ മുന്നില്‍നിന്ന് നയിച്ചപ്പോഴാണ് ലോക ക്രിക്കറ്റ് ബോര്‍ഡുകളില്‍ പണക്കൊഴുപ്പില്‍ ഒന്നാംസ്ഥാനത്തേക്ക് ബി.സി.സി.ഐ കുതിച്ചുകയറിയത്. ഇന്ത്യന്‍ കായികരംഗം കണ്ട കരുത്തുറ്റ അധികാരിയായി കളം വാണതിനൊപ്പം കാര്യംകാണാന്‍ എന്തുംചെയ്യുന്ന ബുദ്ധികൂര്‍മതയും ഡാല്‍മിയ എന്ന വ്യക്തിത്വത്തിന്‍െറ അവിഭാജ്യഘടകമായിരുന്നു.



ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചുനടക്കുന്നത് സ്വപ്നംകണ്ട കൗമാരത്തിന് ബിസിനസ് വഴിയിലേക്ക് തിരിയേണ്ടിവന്നപ്പോള്‍ തന്‍െറ പ്രിയ ഗെയിമിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം സാധ്യമാക്കിയത് അധികാരത്തിന്‍െറ പിച്ചിലൂടെയായിരുന്നു. ബംഗാള്‍ ലീഗില്‍ നാഷനല്‍ അത്ലറ്റിക് ക്ളബിനായും പിന്നീട് സ്കോട്ടിഷ് ചര്‍ച്ച് കോളജിനായും ബാറ്റും കീപ്പിങ് ഗ്ളൗസുമായി കളത്തില്‍ തിളങ്ങിയ ഡാല്‍മിയയെ അച്ഛന്‍െറ മരണമാണ് ബിസിനസ് ക്രീസില്‍ ഗാര്‍ഡെടുക്കാന്‍ നിര്‍ബന്ധിതനാക്കിയത്. എം.എല്‍. ഡാല്‍മിയ ആന്‍ഡ് കോ എന്ന കമ്പനിയെ ഇന്ത്യന്‍ നിര്‍മാണരംഗത്ത് മുന്‍നിരയിലത്തെിച്ച നാളുകളായിരുന്നു പിന്നീട്.



ബി.സി.സി.ഐയുടെ അധികാര ഇടനാഴികളിലേക്ക് 1979ലാണ് ഡാല്‍മിയ എന്ന കൊല്‍ക്കത്ത ബിസിനസുകാരന്‍െറ കാലടികള്‍ ആദ്യമായി പതിഞ്ഞത്. പില്‍ക്കാലത്ത് എതിരാളിയായിമാറിയ സുഹൃത്ത് ഐ.എസ്. ബിന്ദ്രക്കൊപ്പമായിരുന്നു ആ വരവ്. ഇന്ത്യ ആദ്യമായി ലോക ചാമ്പ്യന്മാരായ 1983ല്‍ ബോര്‍ഡിന്‍െറ ട്രഷറര്‍ പദവിയിലേക്ക് ഡാല്‍മിയ കടന്നിരുന്നു. ബിന്ദ്രയുമായി കൈകോര്‍ത്ത് 1987ല്‍ ലോകകപ്പ് ക്രിക്കറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള അവകാശം നേടിയെടുത്ത അദ്ദേഹം ഉപദ്വീപിലേക്ക് ക്രിക്കറ്റ് പണമൊഴുകുന്നതിന് ചാലൊരുക്കി.



90കളുടെ തുടക്കത്തില്‍ ക്രിക്കറ്റിന്‍െറ വാണിജ്യവത്കരണത്തിലും ഡാല്‍മിയ-ബിന്ദ്ര സഖ്യം മുന്നില്‍നിന്ന് നയിച്ചു. അതുവഴിയാണ് ബി.സി.സി.ഐ സമ്പത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 1996ലെ ലോകകപ്പും ഉപദ്വീപിലേക്കത്തെിച്ച ഡാല്‍മിയ ആഗോള ക്രിക്കറ്റില്‍തന്നെ അനിഷേധ്യനായി വളര്‍ന്നു.
 

1997ല്‍ ഐ.സി.സിയുടെ പ്രസിഡന്‍റ് പദവിയിലേറിയ ആദ്യ ഏഷ്യക്കാരനായ ഡാല്‍മിയ, അവിടെയും പണമൊഴുക്കി. ലോക ക്രിക്കറ്റിന്‍െറ തലപ്പത്ത് ഡാല്‍മിയ എത്തിയതോടെയാണ് ക്രിക്കറ്റ് ഭരണത്തിന്‍െറ അച്ചുതണ്ട് കിഴക്കന്‍ ചക്രവാളത്തിലേക്ക് തിരിഞ്ഞത്. ഡാല്‍മിയയുടെ കൂര്‍മബുദ്ധി ഏവരെയും അമ്പരപ്പിച്ചത് 2001ലെ ബി.സി.സി.ഐ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലായിരുന്നു. എ.സി. മുത്തയ്യ വീണ്ടും പ്രസിഡന്‍റാകുമെന്ന് ഉറച്ചിരിക്കെ നാലു വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ഡാല്‍മിയ ഉയര്‍ന്നുവന്നു. അവിടന്നങ്ങോട്ട് നാലുവര്‍ഷം.

വീഴ്ചയും പെട്ടെന്നായിരുന്നു. 2004ല്‍ തന്‍െറ അനുയായി രണ്‍ബീര്‍ സിങ് മഹേന്ദ്രയെ ബി.സി.സി.ഐ തലപ്പത്തത്തെിച്ച അദ്ദേഹത്തിനെ തൊട്ടടുത്തവര്‍ഷം ശരദ്പവാറും കൂട്ടരും ചേര്‍ന്ന് തറപറ്റിച്ചു. അഴിമതി ആരോപണങ്ങളില്‍ കുരുക്കി പവാറും കൂട്ടരും വിലക്കിന്‍െറ വജ്രായുധവും പ്രയോഗിച്ചു. എന്നാല്‍, കോടതിയുടെ വഴിയില്‍ അവയെല്ലാം നേരിട്ട ഡാല്‍മിയ ശക്തമായി തിരിച്ചുവന്നു.  2013ല്‍ എന്‍. ശ്രീനിവാസന്‍െറ കാലിടറിത്തുടങ്ങിയ വേളയില്‍ താല്‍ക്കാലികമായും പിന്നീട് ഈവര്‍ഷം തെരഞ്ഞെടുപ്പിന്‍െറ വഴിയിലൂടെയും ബി.സി.സി.ഐയുടെ തലപ്പത്തേക്ക് വീണ്ടും ഡാല്‍മിയ എത്തിയപ്പോള്‍ തിരിച്ചുവരവിന്‍െറ തമ്പുരാനെന്ന പട്ടവും ചാര്‍ത്തിക്കിട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.