?????????? ????????

ഐ.സി.സി ക്രിക്കറ്റര്‍ പുരസ്കാരം: സ്റ്റീവന്‍ സ്മിത്ത് മിന്നുംതാരം

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരട്ട അവാര്‍ഡുകളുമായി ഐ.സി.സി വാര്‍ഷിക അവാര്‍ഡ് രാവില്‍ ആസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് മിന്നും താരമായി. വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററും ടെസ്റ്റ് താരവുമായി തെരഞ്ഞെടുക്കപ്പെട്ടാണ് സ്മിത്ത് 2015ന്‍െറ കളിക്കാരനായത്. ഒരേ വര്‍ഷം ഇരട്ട ബഹുമതി സ്വന്തമാക്കുന്ന ഏഴാമത്തെ താരം കൂടിയാണ് സ്മിത്ത്. രാഹുല്‍ ദ്രാവിഡ് (2004), ജാക്വിസ് കാലിസ് (2005), റിക്കിപോണ്ടിങ് (2006), കുമാര്‍ സംഗക്കാര (2012), മൈക്കല്‍ ക്ളാര്‍ക്ക് (2013), മിച്ചല്‍ ജോണ്‍സന്‍ (2014) എന്നിവരാണ് ഒരു സീസണില്‍ രണ്ട് സുപ്രധാന അവാര്‍ഡുകളും സ്വന്തംപേരിലാക്കിയ താരങ്ങള്‍.
മികച്ച ഏകദിന ക്രിക്കറ്റര്‍ പട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്യേഴ്സ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നിലനിര്‍ത്തി. മികച്ച ട്വന്‍റി20 പ്രകടനത്തിനുള്ള പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫ് ഡുപ്ളെസിസിന് ലഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 56 പന്തില്‍ 119 റണ്‍സ് അടിച്ചെടുത്ത പ്രകടനമാണ് ഡുപ്ളെസിസിന് നേട്ടം സമ്മാനിച്ചത്. അതേസമയം, ഇന്ത്യക്കാരാരും തന്നെ പട്ടികയില്‍ ഇടം നേടിയില്ല.

2014 സെപ്റ്റംബര്‍ 18 മുതല്‍ 2015 സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് മികച്ച താരങ്ങളെ കണ്ടത്തെിയത്. 25 ഇന്നിങ്സില്‍ 1734 റണ്‍സ് നേടിയ സ്മിത്താണ് ഈകാലയളവിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. ഏഴ് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും അടങ്ങിയ പ്രകടനമായിരുന്നു ഇത്. 26 ഏകദിനത്തില്‍ നാല് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമായി 1249 റണ്‍സും നേടി.‘മികച്ച താരങ്ങളുള്ള ലോകക്രിക്കറ്റില്‍നിന്ന് വലിയൊരു ബഹുമതി ലഭിച്ചതില്‍ സന്തോഷമുണ്ട്. എങ്കിലും, ടീമിന്‍െറ വിജയം തന്നെയാണ് എന്നും ഒന്നാമത്’ -സ്മിത്തിന്‍െറ പ്രതികരണം.

ഐ.സി.സി അവാര്‍ഡുകള്‍
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: സ്റ്റീവന്‍ സ്മിത്ത് (ആസ്ട്രേലിയ)
ടെസ്റ്റ് ക്രിക്കറ്റര്‍: സ്റ്റീവന്‍ സ്മിത്ത് (ആസ്ട്രേലിയ)
ഏകദിന ക്രിക്കറ്റര്‍: എ.ബി ഡിവില്യേഴ്സ് (ദക്ഷിണാഫ്രിക്ക)
വനിതാ ഏകദിന ക്രിക്കറ്റര്‍: മെഗ് ലാനിങ് (ആസ്ട്രേലിയ)
ട്വന്‍റി20 വനിതാ ക്രിക്കറ്റര്‍: സ്റ്റെഫാനി ടെയ്ലര്‍ (വെസ്റ്റിന്‍ഡീസ്)
ട്വന്‍റി20 പെര്‍ഫോമന്‍സ്: ഫാഫ് ഡുപ്ളെസിസ് (ദക്ഷിണാഫ്രിക്ക)
എമേര്‍ജിങ് ക്രിക്കറ്റര്‍: ജോഷ് ഹാസ്ലെവുഡ് (ആസ്ട്രേലിയ)
അസോസിയേറ്റ് ക്രിക്കറ്റര്‍: ഖുറം ഖാന്‍ (യു.എ.ഇ)
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്: ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്)
അമ്പയര്‍ ഓഫ് ദ ഇയര്‍: റിച്ചാഡ് കെറ്റല്‍ബറോ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.