ഇന്ത്യ ജയത്തിലേക്ക്

ഗല്ളെ: മൂന്നാംദിനം തന്നെ തീരുമാനമായിരുന്ന പോരാട്ടത്തിന് ആയുസ്സ് നീട്ടിയെടുക്കാന്‍ സഹായിച്ചതിന് ദിനേശ് ചണ്ഡിമല്‍ എന്ന ആറാമനോട് ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്‍െറ രണ്ടാം ഇന്നിങ്സില്‍ അഞ്ചിന് 95 എന്ന നിലയില്‍ കുടുങ്ങിയ ലങ്കയെ സെഞ്ച്വറിയിലൂടെ ലീഡിലേക്ക് നയിച്ചാണ് ചണ്ഡിമല്‍ താരമായത്. 162 റണ്‍സുമായി ചണ്ഡിമല്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യക്കുമുന്നില്‍ ഉയര്‍ന്നത് 176 റണ്‍സിന്‍െറ ലക്ഷ്യം. 82.2 ഓവറില്‍ 367 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ലങ്ക നേടിയത്. സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലാണ്. ശിഖര്‍ ധവാനും (13) നൈറ്റ് വാച്ച്മാനായിറങ്ങിയ ഇശാന്ത് ശര്‍മയുമാണ് (5) ക്രീസില്‍.

സ്പിന്‍ തന്നെയായിരുന്നു രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ആയുധം. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ കൊയ്ത ആര്‍. അശ്വിന്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ സ്വന്തമാക്കിയത് നാലു വിക്കറ്റുകള്‍. മത്സരത്തില്‍ 10 വിക്കറ്റിന്‍െറ നേട്ടത്തിനും അശ്വിന്‍ അര്‍ഹനായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് എന്നനിലയില്‍ മൂന്നാംദിനം കളിതുടങ്ങിയ ആദ്യ പന്തില്‍തന്നെ ധമ്മിക പ്രസാദിനെ (3) നഷ്ടപ്പെട്ടു. തുടര്‍ന്ന് കുമാര്‍ സംഗക്കാരയും ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന സഖ്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 40 റണ്‍സെടുത്തുനിന്ന സംഗക്കാരയെ അശ്വിന്‍െറ പന്തില്‍ അവിശ്വസനീയമായൊരു ക്യാച്ചിലൂടെ അജിന്‍ക്യ രഹാനെ പുറത്താക്കിയതോടെ വീണ്ടും പ്രശ്നം തലപൊക്കി. തൊട്ടുപിന്നാലെ മാത്യൂസിനെ അമിത് മിശ്രയും പറഞ്ഞുവിട്ടതോടെ അഞ്ചിന് 95 എന്നനിലയിലായി ആതിഥേയര്‍. തുടര്‍ന്നാണ് ചണ്ഡിമലിന്‍െറ ഇന്നിങ്സ് പിറന്നത്.

ആറാം വിക്കറ്റില്‍ തിരിമന്നെക്കൊപ്പം ചേര്‍ന്ന് 125 റണ്‍സാണ് ചണ്ഡിമല്‍ കണ്ടത്തെിയത്. 44 റണ്‍സുമായി തിരിമന്നെ പോയതിനുപിന്നാലെ ജെഹാന്‍ മുബാറക്കിലും ചണ്ഡിമലിന് കൂട്ടുകിട്ടി. 82 റണ്‍സിന്‍െറ കൂട്ടുകെട്ട് മുബാറക്കിന്‍െറ(49) പുറത്താകലിലൂടെ പൊളിഞ്ഞു. എന്നാല്‍, കീഴടങ്ങാന്‍ കൂട്ടാക്കാതെ ചണ്ഡിമലും വാലറ്റവും നിന്നതോടെയാണ് സ്കോര്‍ 350 കടന്ന് മുന്നേറിയത്. ഒടുവില്‍ ശേഷിച്ചവരെയും പുറത്താക്കി ഇന്ത്യന്‍ ബൗളിങ് മൂന്നാംദിനംതന്നെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കി. ലോകേഷ് രാഹുലിനെയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിന്‍െറ തുടക്കത്തില്‍തന്നെ നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.