ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 26 മുതൽ, ഫൈനൽ മേയ് 31ന്; ഉദ്ഘാടന മത്സരം ബംഗളൂരുവിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 19-ാം പതിപ്പിന് 2026 മാർച്ച് 26ന് തുടക്കമാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉദ്ഘാടന മത്സരത്തിന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്നാണ് വിവരം. ഇന്ന് നടക്കുന്ന മിനി താരലേലത്തിനു മുന്നോടിയായി ഐ.പി.എൽ സി.ഇ.ഒ ഹേമങ് അമീൻ തീയതികൾ ഔദ്യോഗികമായി അറിയിച്ചെന്ന് ക്രിക്ബസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സാധാരണ ഗതിയിൽ നിലവിലെ കിരീട ജേതാക്കളുടെ ഹോം ഗ്രൗണ്ടിലാണ് ഐ.പി.എൽ ഉദ്ഘാടന മത്സരം സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്സിന്‍റെ വിക്ടറി പരേഡിനിടെ തിക്കിലുംതിരക്കിലും 11 പേർ മരിച്ചതിനെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടില്ല. നിലവിൽ ഐ.പി.എൽ മത്സരങ്ങൾ നടത്താനായി സംസ്ഥാന സർക്കാറിൽനിന്ന് ഭാഗികമായി മാത്രമാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന് അനുമതി ലഭിച്ചിട്ടുള്ളത്. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമാകും അന്തിമാനുമതി നൽകുക. നേരത്തെ വനിത ലോകകപ്പിനുൾപ്പെടെ വേദി അനുവദിക്കാൻ കർണാടക സർക്കാർ തയാറായിരുന്നില്ല.

താരലേലത്തിനു ശേഷമാകും മത്സരക്രമത്തിന് അന്തിമ രൂപം നൽകുക. അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയിൽ 359 പേരാണുള്ളത്. 246 പേർ ഇന്ത്യൻ താരങ്ങളാണ്. ആകെ 77 താരങ്ങൾക്കായി 10 ഫ്രാഞ്ചൈസികൾ രംഗത്തിറങ്ങും. 30 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് അടിസ്ഥാന വില. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയിൽ 40 പേരുണ്ട്. രണ്ടുപേർ മാത്രമാണ് ഇന്ത്യക്കാർ, ബാറ്റിങ് ഓൾറൗണ്ടർ വെങ്കടേശ് അയ്യരും സ്പിന്നർ രവി ബിഷ്ണോയിയും. ആസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവർ രണ്ടു കോടി പട്ടികയിലുണ്ട്.

ലേലത്തിൽ പങ്കെടുക്കുന്നവരിൽ 113 പേർ വിദേശികളാണ്. അഫ്ഗാനിസ്താൻ (10), ആസ്‌ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയർലൻഡ് (1), ന്യൂസിലൻഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിൻഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.

മലയാളികൾ ആരൊക്കെ

12 മലയാളി താരങ്ങൾ ലേല പട്ടികയിലുണ്ട്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റിൽ തിളങ്ങിയ പേസർ കെ.എം. ആസിഫാണ് കൂടുതൽ അടിസ്ഥാന വിലയുള്ള താരം -40 ലക്ഷം രൂപ. മലപ്പുറം എടവണ്ണ സ്വദേശിയായ പേസർ മുഷ്താഖ് അലി ടൂർണമെന്‍റിൽ കേരളത്തിനായി 15 വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാക്കി 10 താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷമാണ്. കേരള ഓപണർ രോഹൻ കുന്നുമ്മൽ, മധ്യനിരബാറ്റർമാരായ സൽമാൻ നിസാർ, അഹമ്മദ് ഇംറാൻ, പേസർ ഏദൻ ആപ്പിൾ ടോം, ചൈനാമെൻ ബൗളർ വിഘ്‌നേഷ് പുത്തൂർ, ഇടംകൈയൻ സ്പിന്നർ ശ്രീഹരി നായർ, ഓൾ റൗണ്ടർമാരായ അബ്ദുൽ ബാസിത്, അഖിൽ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീൻ, കേരള സീനിയർ ടീമിൽ ഇതുവരെ കളിക്കാത്ത ജിക്കു ബ്രൈറ്റ്, അണ്ടർ 19 ഇന്ത്യൻ ബാറ്റർ ആരോൺ ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ.

പഴ്സിലെന്തുണ്ട് ബാക്കി

താരങ്ങളെ നിലനിർത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകൾക്കും ലേലത്തിൽ ചെലവഴിക്കാൻ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്. കൂടുതൽ പണം പഴ്സിലുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്, 64.3 കോടി. ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യൻസിന് ഇനി 2.75 കോടി മാത്രമേ ചെലവിടാൻ കഴിയൂ. ചെന്നൈ സൂപ്പർ കിങ്സ് 43.4, സൺറൈസേഴ്‌സ് ഹൈദരാബാദ് 25.5, ലഖ്‌നോ സൂപ്പർ ജയന്റ്‌സ് 22.95, ഡൽഹി കാപിറ്റൽസ് 21.8, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു 16.4, രാജസ്ഥാൻ റോയൽസ് 16.05, ഗുജറാത്ത് ടൈറ്റൻസ് 12.9, പഞ്ചാബ് കിങ്സ് 11.5 എന്നിങ്ങനെയാണ് മറ്റു ഫ്രാഞ്ചൈസികളുടെ ബാലൻസ് ഷീറ്റ്.

Tags:    
News Summary - IPL 2026 to be held between March 26 and May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.