കൊച്ചി: സംസ്ഥാനത്തെ സ്പോർട്സ് ആൻഡ് ഗെയിംസ് ഉപജില്ല സെക്രട്ടറിമാർ തൽസ്ഥാനം രാജിവെച്ച് കായികമേളകൾ ബഹിഷ്കരിക്കും. കായികാധ്യാപക തസ്തികനിർണയ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് തസ്തികകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാറിന് സമര നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ തീരുമാനം.
തിങ്കളാഴ്ച പാലായിൽ നടക്കുന്ന സംസ്ഥാന അത്ലറ്റിക്സ് സംഘാടക യോഗം ബഹിഷ്കരിച്ച് സമരത്തിന് തുടക്കം കുറിക്കും. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ആരോഗ്യ കായിക വിദ്യാഭ്യാസ പരിശീലന പരിപാടി പ്രതിഷേധ ദിനമായി ആചരിക്കും. എട്ടിന് ജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തും. തുടർന്ന് എല്ലാ റവന്യൂ ജില്ല, ഉപജില്ല സെക്രട്ടറിമാരും രാജിവെക്കും.
ഭാഷാ അധ്യാപകർക്ക് തുല്യമായി പീരിയഡുകൾ കണക്കാക്കി യു.പി സ്കൂളുകളിലും എട്ട്, ഒമ്പത്,10 ക്ലാസുകളിലെ ടൈംടേബിൾ പ്രകാരം പീരിയഡുകൾ കണക്കാക്കി ഹൈസ്കൂളുകളിലും തസ്തിക സൃഷ്ടിക്കണമെന്നും കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്തി എച്ച്.എസ്.എസിൽ തസ്തിക അനുവദിക്കണമെന്നുമാണ് കായികാധ്യാപകർ ആവശ്യപ്പെടുന്നത്. എറണാകുളം അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന പ്രസിഡൻറ് റെജി ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.