ഗുകേഷ്, സിന്ദറോവ്
ലണ്ടൻ: ലോക ചെസ് ചാമ്പ്യൻഷിപ് പുരുഷ-വനിത വിഭാഗങ്ങളിൽ ഇന്ത്യൻ സാന്നിധ്യമുറപ്പിച്ച് ആർ. വൈശാലി കാൻഡിഡേറ്റ്സ് ചെസ് വനിത ചാമ്പ്യനാകുമ്പോൾ പുരുഷന്മാരിൽ ഒരു 20കാരനായിരുന്നു കിരീടം ചൂടിയത്, ഉസ്ബക് താരമായ ജവാഹിർ സിന്ദറോവ്. അങ്ങനെ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഇളമുറക്കാരൻ ചാമ്പ്യനെതിരെ കരുക്കൾ നീക്കാൻ സമപ്രായക്കാരൻ തന്നെ തീരുമാനിക്കപ്പെട്ടു. വനിതകളിൽ നിലവിലെ ചാമ്പ്യൻ ജു വെൻജുമിനെ കീഴടക്കി അടുത്ത ചാമ്പ്യൻപട്ടം പിടിക്കാൻ വൈശാലി ഇറങ്ങുമ്പോൾ പുരുഷന്മാരിൽ ഗുകേഷിനെ വീഴ്ത്താൻ സിന്ദറോവും കരുനീക്കും.
മാഗ്നസ് കാൾസണെന്ന എതിരാളികളില്ലാത്ത ഒന്നാം നമ്പറുകാരൻ തൽക്കാലം മാറിനിന്ന ചാമ്പ്യൻ പോരാട്ടത്തിലേക്ക് അങ്കം മുറുക്കി പ്രമുഖർ പലരുമുണ്ടായിരിക്കെയാണ് സിന്ദറോവ് എത്തുന്നത്. സാധ്യത പട്ടികയിലെ പ്രമുഖരായിരുന്ന ഫാബിയാനോ കരുവാന, അനീഷ് ഗിരി, ഹികാരു നകാമുറ തുടങ്ങി ഇന്ത്യക്കാരൻ പ്രഗ്നാനന്ദവരെ എട്ടുപേർ അണിനിരന്ന കാൻഡിഡേറ്റ്സ് ചെസിൽ കളി തുടങ്ങിയപ്പോൾതന്നെ സിന്ദറോവ് നയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏഴു ചാമ്പ്യൻഷിപ്പുകളിലും ഒരാളും അഞ്ചിൽ കൂടുതൽ ജയം പിടിച്ചിരുന്നില്ല. എന്നാൽ, ഒരാൾക്ക് 14 മത്സരങ്ങളുള്ള ടൂർണമെന്റ് പകുതി പിന്നിടുമ്പോഴേക്ക് സിന്ദറോവ് അഞ്ചുവട്ടം ജയം സ്വന്തമാക്കി കഴിഞ്ഞിരുന്നു. പോയന്റ് രണ്ടക്കം കടത്തിയാണ് താരം കാൻഡിഡേറ്റ്സ് ചാമ്പ്യനാകുന്നത്. ഒരു കളിപോലും തോറ്റില്ലെന്നത് കൂടുതൽ വെല്ലുവിളി ഉയർത്തുക സാക്ഷാൽ ലോക ചാമ്പ്യൻ ഗുകേഷിനാകും. മുമ്പ് മാഗ്നസ് കാൾസൺ, വിശ്വനാഥൻ ആനന്ദ് തുടങ്ങിയവർപോലും സ്വന്തമാക്കാത്ത വിജയ മാർജിനായിരുന്നു താരത്തിന്റെത്.
അടുത്ത നവംബറിലോ ഡിസംബറിലോ ആകും ഗുകേഷ്- സിന്ദറോവ് ലോക പോരാട്ടം. ഗുകേഷ് 19കാരനാണെങ്കിൽ ഒരു വയസ്സിന്റെ മൂപ്പാണ് ഉസ്ബക് താരത്തിനുള്ളത്. ചരിത്രത്തിലാദ്യമായാണ് രണ്ടാം തവണയാണ് രണ്ട് ഏഷ്യക്കാർ ലോക ചാമ്പ്യൻഷിപ്പിൽ മുഖാമുഖം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ തവണ ചൈനക്കാരൻ ഡിങ് ലിറനെയായിരുന്നു ഗുകേഷ് മറിച്ചിട്ടത്. ഇരുവരും തമ്മിൽ ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയതിൽ രണ്ടും സമനിലയായപ്പോൾ ഒരു തവണ സിന്ദറോവ് ജയിച്ചു. 12ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർമാരായ ഇരുവരും 2022 ഒളിമ്പ്യാഡിലെ വ്യക്തിഗത സ്വർണമെഡൽ ജേതാക്കളാണ്. തങ്ങളുടെ ആദ്യ കാൻഡിഡേറ്റ്സ് പോരാട്ടം ജയിച്ചാണ് ഇരുവരും ലോക ചാമ്പ്യൻഷിപ്പിനെത്തുന്നത്. നിലവിലെ ഫോം പരിഗണിച്ചാൽ സിന്ദറോവ് കൂടുതൽ മിടുക്ക് കാട്ടുന്നുണ്ടെങ്കിലും പോരാട്ടം ലോക ചാമ്പ്യൻഷിപ്പിലെത്തുമ്പോൾ ഗുകേഷ് തന്നെ ചാമ്പ്യനാകുമെന്ന് ഇന്ത്യക്കാർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.