ദോഹ: സിഫാൻ ഹസൻ എന്ന നെതർലൻഡ്സ് അത്ലറ്റിെൻറ ജീവിതവും വിജയങ്ങളും ഒരുപാട് ച ോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഇത്യോപ്യയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആഭ്യന്തരകലാപവും 15ാം വയസ്സിൽ അഭയാർഥിയാക്കിമാറ്റിയ നാൾമുതൽ അവൾ നേടുന്ന ഓരോ ജയവും തനിക്കെതിരെ എറിയുന്ന വിമർശനങ്ങൾക്കുള്ള മറുപടികളാണ്. ദോഹ ഖലീഫ സ്റ്റേഡിയത്തിൽ 10,000 മീറ്ററിൽ സ്വർണമണിഞ്ഞ് ഓറഞ്ച് കുപ്പായത്തിൽ തലയുയർത്തിനിന്ന് സിഫാൻ ഹസൻ എതിർ ശബ്ദങ്ങളുടെ വായടപ്പിക്കുന്നു.
ഇത്യോപ്യയിലെ അഡാമയിൽനിന്ന് അഭയാർഥിയായാണ് സിഫാൻ നെതർലൻഡ്സിലേക്ക് നാടുവിടുന്നത്. എങ്ങനെയെങ്കിലും പഠിച്ച് ഒരു നഴ്സാവണം. ഇതുമാത്രമായിരുന്നു മോഹം. പക്ഷേ, വിധി അവളെ കൊണ്ടെത്തിച്ചത് ട്രാക്കിലെ റാണിയെന്ന പദവിയിലേക്ക്. സ്കൂൾ പഠനകാലത്ത് അത്ലറ്റിക്സിൽ മികവുകാട്ടിയത് വഴിത്തിരിവായി. നെതർലൻഡ്സിലെത്തി മൂന്നാം വർഷം ഐന്തോവൻ ഹാഫ് മാരത്തണിൽ മികച്ച സമയം കുറിച്ചു. തൊട്ടുപിന്നാലെ രണ്ട് ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പുകളിൽ റണ്ണർഅപ്പാവുകയും ചെയ്തതോടെ ഡച്ച് അത്ലറ്റിക്സ് ഫെഡറേഷൻ അവളെ ചേർത്തുപിടിച്ചു. ജീവിക്കാൻ ഒരിടം തേടിയെത്തിയവളെ അവർ താരമാക്കിമാറ്റി.
2013ലെ ഡയമണ്ട് ലീഗിൽ 1500 മീറ്ററിൽ റണ്ണർഅപ്പായതിനു പിന്നാലെ ഡച്ച് പൗരത്വം നൽകി. ഡച്ച് താരമായി യൂറോപ്യൻ ക്രോസ്കൺട്രിയിൽ സ്വർണമണിഞ്ഞ് സിഫാന അഭയം നൽകിയ മണ്ണിൽ വസന്തം വിരിയിച്ചു. പിന്നെ ഒന്നിനു പിന്നാലെ ഒന്നായി വിജയങ്ങൾ. 2015, 2017 ലോക ചാമ്പ്യൻഷിപ്പുകളിൽ 1500, 5000 മീറ്ററുകളിലായി വെങ്കലം. അപ്പോഴെല്ലാം വർണവെറി ബാധിച്ച ചില ഡച്ചുകാർക്ക് അവൾ ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരിയായിരുന്നു. 2015ലെ ലോക ചാമ്പ്യൻഷിപ് മെഡലിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അവർ വിഷം തുപ്പി. ഡച്ച് ഭാഷയറിയാത്തവർ എങ്ങനെ ഓറഞ്ച് കുപ്പായമണിയും, േദശീയഗാനമറിയാതെ എങ്ങനെ ഡച്ചുകാരിയാവും...
മൗനം കൊണ്ടായിരുന്നു സിഫാനയുടെ മറുപടി. ഏറ്റവും ഒടുവിൽ കഴിഞ്ഞ മേയിൽ അവൾ തെൻറ ഇനമൊന്നു മാറ്റിപ്പിടിച്ചു. മധ്യദൂരം വിട്ട് 10,000 മീറ്ററിലേക്ക് ചുവടുവെച്ചവൾ ആദ്യ ലോക മീറ്റിൽതന്നെ പൊന്നണിഞ്ഞ് നെതർലൻഡ്സിെൻറ ലോക ചാമ്പ്യൻഷിപ് ട്രാക്ക് ഇനത്തിലെ ആദ്യ സ്വർണത്തിനുടമയായി. തെൻറ ദേശീയബോധത്തെ ചോദ്യംചെയ്തവർക്കുള്ള മധുരപ്രതികാരം. 30:17.62 എന്ന സീസണിലെ ഏറ്റവും മികച്ച സമയത്തിലായിരുന്നു സിഫാനയുടെ ഫിനിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.