തിരുവനന്തപുരം: പുനർനിർമാണത്തിനൊരുങ്ങുന്ന കേരളത്തിെൻറ കായിക ഭാവി ഇൗ താരങ്ങളിൽ ഭദ്രം. ആർഭാടങ്ങളില്ലാതെ തുടക്കം കുറിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം ആവേശഭരിതം. ചാമ്പ്യൻപട്ടം ഉറപ്പിച്ച് എറണാകുളം കുതിപ്പ് തുടങ്ങി. രണ്ട് പുതിയ മീറ്റ് റെേക്കാഡ് പിറന്ന വെള്ളിയാഴ്ച 88 പോയൻറുമായാണ് എറണാകുളം മുന്നിട്ടുനിൽക്കുന്നത്. പാലക്കാടും (46) കോഴിക്കോടും (35) രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 25 പോയൻറുമായി നിലവിലെ ജേതാക്കളായ കോതമംഗലം മാർബേസിലാണ് മുന്നിൽ. കോതമംഗലം സെൻറ് ജോർജും (23) കോഴിക്കോട് പുല്ലൂരാംപാറ സെൻറ്ജോസഫ്സ് എച്ച്.എസ്.എസും (20) തൊട്ടുപിന്നിലുണ്ട്.
ആദ്യദിനം 31 ഇനങ്ങളുടെ മത്സരം പൂർത്തിയായി. പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയതും ഷോട്ട്പുട്ട്, ജാവലിൻ എന്നിവയുടെ ഭാരം കുറച്ചതും പുതിയ മീറ്റ് റെക്കോഡ് പിറവിയെടുക്കുന്നതിന് തടസ്സമായി. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഒാട്ടത്തിൽ എറണാകുളം തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ എ.എസ്. സാന്ദ്രയും ആൺകുട്ടികളുടെ പോൾവാൾട്ടിൽ പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസിലെ സി.എ. മുഹമ്മദ് ബാസിമുമാണ് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. രണ്ടാംദിനം 38 ഇനങ്ങളിൽ ഫൈനൽ നടക്കും.
ആദ്യദിനം തെളിഞ്ഞത് അട്ടിമറികളും പ്രതിഭകളുടെ മിന്നലാട്ടവും
തിരുവനന്തപുരം: ആർഭാടങ്ങളൊഴിവാക്കി മുണ്ടുമുറുക്കിയുടുത്ത് സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ ആദ്യദിനം പൂർത്തിയായപ്പോൾ തെളിഞ്ഞത് അട്ടിമറികളും പ്രതിഭകളുടെ മിന്നലാട്ടവും. നാലുദിവസത്തെ േമള മൂന്ന് ദിവസമാക്കി ചുരുക്കിയത് താരങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പി.ടി. ഉഷയെപോലുള്ള പരിശീലകർ കുറ്റപ്പെടുത്തുന്നു. ഹർഡിലുകളുടെ പൊക്കം കുറച്ചും ഷോട്ട്, ജാവലിൻ എന്നിവയുടെ ഭാരം കുറച്ചും പുത്തൻ പരീക്ഷണങ്ങൾ ഇത്തവണയുണ്ട്. ചിരവൈരികളും അയൽക്കാരുമായ കോതമംഗലം മാർബേസിലും സെൻറ് ജോർജും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും കോഴിക്കോട് പുല്ലൂരംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസും തൃശൂർ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസും പാലക്കാട് കല്ലടി എച്ച്.എസ്.എസും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
റെക്കോഡിൽ സാന്ദ്രയും മുഹമ്മദ് ബാസിമും
ആദ്യദിനം രണ്ട് മീറ്റ് റെക്കോഡും പിറന്നത് ജൂനിയർ വിഭാഗത്തിലാണ്. 400 മീറ്ററിൽ എറണാകുളം തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ എ.എസ്. സാന്ദ്രയും പോൾവാൾട്ടിൽ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് ബാസിമുമാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. സാന്ദ്ര 55.95 സെക്കൻറ്സിൽ ഒാടിയെത്തി നേട്ടം െകവരിച്ചു. 2014ൽ പൂവമ്പായി എ.എം.വി.എച്ച്.എസ്.എസിലെ ജിസ്ന മാത്യു സ്ഥാപിച്ച 56.04 സെക്കൻറ്സിെൻറ റെക്കോഡാണ് പഴങ്കഥയായത്. 2014ൽ അനീഷ് മധു സ്ഥാപിച്ച 4.05 മീറ്റർ 4.06 മീറ്റർ എന്ന പുതിയ ദൂരം കൊണ്ട് ഭേദിച്ചാണ് ബാസിം റെക്കോഡിന് ഉടമയായത്.
താരോദയം
മൂവായിരം മീറ്ററിൽ പാലക്കാടിെൻറ കുത്തക തകർന്നപ്പോൾ 3000 മീറ്ററിൽ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചെത്തിയ കല്ലടി എച്ച്.എസ്.എസിലെ ചാന്ദ്നിയും തിരുവനന്തപുരം സായിയുടെ മിന്നു പി. റോയിയും അട്ടിമറിക്കിരയായി. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.പി. സനിക ചാന്ദ്നിയുടെ സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ പുത്തൻ താരോദയമായ കല്ലടിയുടെ എൻ. പൗർണമി മുന്നി പി. റോയിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി. സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോങ്ജംപിലെ ത്രിമൂർത്തിപ്പോരിൽ പി.എസ്. പ്രഭാവതി സ്വർണം ചൂടി.
മണിപ്പൂർ വീരഗാഥ
മണിപ്പൂരിൽനിന്നുള്ള മൊട്ടക്കൂട്ടത്തിെൻറ മികച്ച പ്രകടനത്തിനും ആദ്യദിനം സാക്ഷിയായി. എട്ട് മണിപ്പൂരി താരങ്ങളുമായി രാജുപോളിെൻറ നേതൃത്വത്തിലെ കോതമംഗലം സെൻറ്ജോർജ് നാല് മെഡലുകളാണ് സ്വന്തമാക്കിയത്. സബ്ജൂനിയർ വിഭാഗത്തിലാണ് ഇൗ നേട്ടം. മാസങ്ങൾക്ക് മുമ്പ് മണിപ്പൂരിൽനിന്നെത്തിയ ഇവർക്ക് മലയാളമോ ഹിന്ദിയോ വശമില്ല. എങ്കിലും ട്രാക്കിൽ മികച്ച പ്രകടനം കാഴ്ചെവക്കുന്നു. സബ്ജൂനിയർ 400 മീറ്റർ ഒാട്ടമത്സരത്തിൽ ചിങ്കിസ്ഖാനും ആരിഫ്ഖാനും ഒന്നും രണ്ടും സ്ഥാനം നേടിയേപ്പാൾ 80 മീ. ഹർഡിൽസിൽ മുഹമ്മദ് ഷാഹിദുറഹ്മാൻ ഒന്നും വാങ്മയൗം മുക്റം മൂന്നും സ്ഥാനം നേടി. മണിപ്പൂരിലെ തൗബൽ സ്വദേശികളാണ് ഇവർ.
പോയൻറ് നില
എറണാകുളം 88
പാലക്കാട് 46
കോഴിക്കോട് 35
തൃശൂർ 31
ആലപ്പുഴ 24
തിരുവനന്തപുരം 23
കോട്ടയം 9
കണ്ണൂർ 8
മലപ്പുറം 5
കാസർകോട് 5
പത്തനംതിട്ട 3
ഇടുക്കി 1
കൊല്ലം 1
സ്കൂൾ നില
മാർബേസിൽ 25
സെൻറ് ജോർജ് 23
പുല്ലൂരാംപാറ 20
നാട്ടിക ഫിഷറീസ് 19
കല്ലടി എച്ച്.എസ്.എസ് 19
ലോങ് ജംപിൽ സജന് മീറ്റ് റെക്കോഡ് നഷ്ടമായത് ഒരു സെൻറീ മീറ്റർ വ്യത്യാസത്തിൽ
തിരുവനന്തപുരം: ലോങ് ജംപ് പിറ്റിൽ സെൻറി മീറ്ററിന് റെക്കോഡിെൻറ വിലയുണ്ടെന്ന് സജൻ തിരിച്ചറിഞ്ഞത് ഇന്നലെയായിരുന്നു. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ഒരു സെൻറി മീറ്റർ വ്യത്യാസത്തിലാണ് കാര്യവട്ടം സായിയുടെ സജന് റെക്കോഡ് നഷ്ടമായത്. ഗവ. എച്ച്.എസ് മണീടിെൻറ കെ.എം. ശ്രീകാന്ത് കഴിഞ്ഞ വർഷം പാലായിൽ തീർത്ത 7.05 മീറ്ററാണ് നിലവിലെ റെക്കോഡ്. എന്നാൽ, റെക്കോഡ് തകർക്കാനിറങ്ങിയ സജന് 7.04 മീറ്റർ വരെ ചാടാനേ കഴിഞ്ഞുള്ളൂ. മൂന്നാം ചാട്ടത്തിൽ തന്നെ 6.98 മീറ്റർ ചാടി സജൻ സ്വർണം ഉറപ്പിച്ചിരുന്നു. പിന്നീട് റെക്കോഡായിരുന്നു ലക്ഷ്യം. നാലാം ചാട്ടം പിഴച്ചു. എന്നാൽ, ഗാലറിയിലുണ്ടായിരുന്ന കോച്ച് വിക്ടറും കൂട്ടുകാരും ആത്മവിശ്വാസം പകർന്നതോടെ അഞ്ചാം ജംപിനായി താരം വീണ്ടും പിറ്റിലേക്ക് ചുവടുവെച്ചു.
കൈയടികളോടെ ഗാലറി സജെൻറ കുതിപ്പിന് ആവേശം നൽകി. പക്ഷേ, ചെറിയൊരു ‘കൈപ്പിഴയിൽ’ റെക്കോഡ് തലനാരിഴക്ക് വഴുതുകയായിരുന്നു. നിലവിലെ റെക്കോഡ് തകർക്കാൻ കഴിഞ്ഞില്ലെങ്കിലും കരിയറിലെ മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വർണം നേടാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി കൂടിയായ സജൻ പറയുന്നു. ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് എണ്ണക്കാട്ട് ചിറയിൽ കൂലിപ്പണിക്കാരായ റജി-സിദ്ധു ദമ്പതികളുടെ മകനാണ്. മത്സരത്തിൽ എറണാകുളം പനംപള്ളി നഗർ സ്പോർട്സ് അക്കാദമിയുടെ ടി.ജെ. ജോസഫ് (6.71മീറ്റർ) വെള്ളിയും കോഴിക്കോട് സെൻറ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറയുടെ വിഷ്ണു രാജൻ (6.69 മീറ്റർ) വെങ്കലവും േനടി.
പ്രളയം കടന്ന ആലപ്പുഴക്ക് മെഡൽ പ്രളയം
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിലതെറ്റിയ ആലപ്പുഴക്ക് സ്കൂൾ കായികമേളയിൽ കുതിപ്പ്. ഒന്നാം ദിനത്തിൽ നാല് സ്വർണവും നാല് വെങ്കലവും അക്കൗണ്ടിലൊതുക്കിയാണ് ആലപ്പുഴ കുതിക്കുന്നത്. താരങ്ങൾ പലരും പ്രളയമേഖലകളിലുള്ളവരാണ്. പരിശീലന സ്ഥലമടക്കം വെള്ളം കയറിയതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളും ഏറെ. യാത്രസൗകര്യം തടസ്സപ്പെട്ടതും മെറ്റാരു പ്രതിസന്ധി. ഇവയെയെല്ലാം അതിജീവിച്ചാണ് ആലപ്പുഴയിലെ താരങ്ങൾ മിന്നും പ്രകടനം കാഴ്ചവെച്ചത്.
മികവ് ഏറെയും േത്രാ ഇനങ്ങളിലാണ്. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്കസ് ത്രോ, ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് ഇനങ്ങളിലാണ് ആലപ്പുഴക്ക് കനകനേട്ടം. അലൻസ് സെബാസ്റ്റ്യൻ, മഹേഷ്, എസ്. ആരതി, എസ്. ശ്രീശാന്ത് എന്നിവരാണ് ആലപ്പുഴയെ സ്വർണമണിയിച്ചവർ.സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഡിസ്കസിൽ ആഷ്ലി തെരേസ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ജാവലിനിൽ അഭിരാമി ബൈജു, സിനിയർ ആൺകുട്ടികളുടെ ഡിസ്കസിൽ ആൻഡ്രിക് മിഖായേൽ ഫെർണാണ്ടസ്, സീനിയർ േഗൾസ് ജാവലിനിൽ ബി. ചന്ദ്രശേഖർ എന്നിവരാണ് മൂന്നാം സ്ഥാനത്തെത്തിയത്.
ഒറ്റലാപ്പിൽ എറണാകുളം
തിരുവനന്തപുരം: 400 മീറ്റർ ഒാട്ടമത്സരത്തിൽ എറണാകുളത്തിെൻറ ആധിപത്യം. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിെൻറ മണിപ്പുരി താരങ്ങളായ ചിങ്കിസ്ഖാനും ആരിഫ്ഖാനും ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുമാനൂർ സെൻറ് തോമസ് ഗേൾസ് എച്ച്.എസ്.എസിലെ ഇരട്ട സഹോദരങ്ങളായ അനീറ്റ മരിയജോൺ, അലീന മരിയേജാൺ എന്നിവർ ആദ്യ രണ്ടുസ്ഥാനം നേടി.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ എ.എസ്. സാന്ദ്ര സ്വർണം നേടി. സീനിയർ വിഭാഗത്തിൽ കോതമംഗലം മാർ ബേസിലിെൻറ ആധിപത്യമാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിഷേക് മാത്യുവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ആരതിയുമാണ് മാർ ബേസിലിന് വേണ്ടി മെഡൽ നേടിയത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ സി.ആർ. അബ്ദുൽ റസാക്കാണ് എറണാകുളത്തിെൻറ കുത്തക തകർത്ത ഏക താരം.
മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിയുെടയും കോതമംഗലം സ്കൂളുകളുടെയും മികവിലാണ് 400 മീറ്ററിൽ എറണാകുളം കുത്തക സ്ഥാപിച്ചത്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ എ.എസ്. സാന്ദ്ര, ഗൗരിനന്ദന എന്നിവരും അനീറ്റ-അലീന ഇരട്ടക്കുട്ടികളും േമഴ്സിക്കുട്ടെൻറ കീഴിൽ പരിശീലിക്കുന്നവരാണ്.
ഇരട്ടിമധുരം ഇൗ ഇരട്ടകൾക്ക്...
തിരുവനന്തപുരം: ഫിനിഷിങ്പോയൻറിലേക്ക് ഒാടിയടുക്കുേമ്പാഴും അനീറ്റയുടെ കണ്ണുകൾ പിന്നിലേക്കായിരുന്നു. ഒരമ്മയുടെ ഉദരത്തിൽ ഒരുമിച്ച് വളർന്ന് നിഴലായി എപ്പോഴും കൂടെ നടക്കുന്ന അലീന തനിക്കൊപ്പമുണ്ടോയെന്നായിരുന്നു ആ നോട്ടം. എന്നാൽ, മനസ്സൊന്നുപിടഞ്ഞു, പേശിവലിവ് മൂലം സഹോദരി പിന്നാക്കം വലിഞ്ഞുവോ എന്ന തോന്നൽ. മാധ്യമപ്രവർത്തകർ ചുറ്റും കൂടിയേപ്പാഴും അനീറ്റയുടെ മുഖം തെളിഞ്ഞില്ല. എന്നാൽ, ഫലപ്രഖ്യാപനം വന്നതോടെ നിഴൽ മാഞ്ഞു, അലീനക്ക് രണ്ടാം സ്ഥാനം. സബ്ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഒാട്ടമത്സരത്തിലാണ് എറണാകുളം പെരുമാനൂർ സെൻറ് തോമസ് എച്ച്.എസ്.എസിലെ ഇരട്ട സഹോദരങ്ങളായ അനീറ്റ മരിയജോണും അലീന മരിയജോണും ഒന്നും രണ്ടും സ്ഥാനം നേടിയത്. 59.98 സെക്കൻഡിലാണ് അനീറ്റ ഫിനിഷ് ചെയ്ത് ഒന്നാംസ്ഥാനം നേടിയത്. കാസർകോട് ഇൗട്ടിക്കൽ ജോൺ-ബിന്ദുജോൺ ദമ്പതികളുടെ മക്കളായ അനീറ്റക്കും അലീനക്കും ഒളിമ്പ്യൻ ജെ. മേഴ്സിക്കുട്ടെൻറ കീഴിലാണ് പരിശീലനം. ഏഴാംതരം വിദ്യാർഥികളായ ഇരുവരും രണ്ടുവർഷമായി അക്കാദമിയിൽ പരിശീലനത്തിലാണ്. അനീറ്റ 100, 200 മീറ്ററുകളിലും അലീന 600 മീറ്ററിലുമാണ് ഇനി മത്സരിക്കാനിറങ്ങുക.
തിര മുറിച്ച കരങ്ങൾ കരുത്തായി, കാറ്റിനെ കീറി മകൾക്ക് സ്വർണം
തിരുവനന്തപുരം: പേരെടുത്തു പറയാൻ അഞ്ജലിക്ക് പരിശീലകരില്ല. എല്ലാം വലയെറിഞ്ഞ കരങ്ങളുടെ കരുത്തിൽ ജീവിതം തഴമ്പിച്ച പിതാവിെൻറ പാഠങ്ങൾ. മത്സ്യത്തൊഴിലാളിയായ അദ്ദേഹത്തിെൻറ പരിശീലനത്തിൽ മത്സരിക്കാനെത്തി, സീനിയർ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞിട്ട് മടങ്ങുേമ്പാൾ തൃശൂർ നാട്ടിക ഗവൺമെൻറ് ഫിഷറീസ് എച്ച്.എസ്.എസിലെ പി.ഡി. അഞ്ജലിയുടെ മനസ്സിൽ ആഹ്ലാദത്തിര. മകൾ വിജയനേട്ടമണിയുേമ്പാൾ ഗ്രൗണ്ടിന് പുറത്തെ വേലിക്കരികിൽ ആരവമില്ലാതെ പരിശീലകെൻറയും പിതാവിെൻറയും ആഹ്ലാദ നിറവിൽ ദിനേശനുണ്ടായിരുന്നു.
നാട്ടിക സ്കൂൾ ഗ്രൗണ്ടിൽ രാവിെലയും ൈവകീട്ടും അഞ്ചുമുതൽ ഏഴുവരെയാണ് പരിശീലനം. ‘രാവിലെ ഒറ്റക്കാണ് പരിശീലനം. വൈകീട്ട് പിതാവും ഒപ്പമുണ്ടാകും’- അഞ്ജലി പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ദിനേശൻ പഴയ കായികതാരം കൂടിയാണ്. നാട്ടിൽ ഫുട്ബാൾ, ക്രിക്കറ്റ് ടീമുകളിൽ സജീവായിരുന്നു. ട്രാക്കിനങ്ങളിൽ പരിചയമില്ല. പക്ഷേ, മകളുടെ താൽപര്യത്തിൽ അനുഭവജ്ഞാനം കൈമുതലാക്കി പരിശീലകെൻറ വേഷം കെട്ടി. രണ്ടു വർഷമായി പരിശീലനം തുടരുകയാണ്. സംശയമുള്ള ട്രിക്കുകളൊക്കെ യൂ ട്യൂബിലും മറ്റും തെരഞ്ഞാണ് പരിശീലിക്കുന്നത്.
കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായി. തൊട്ടു മുമ്പത്തെ കൊല്ലം സ്വർണം സ്വന്തമാക്കിയിട്ടുണ്ട്. നാട്ടിലെ ക്ലബുകളുടെ സഹായമുണ്ടായി. 2014 മുതൽ അഞ്ജലി കായിക രംഗത്തുണ്ട്. 3000, 1500 മീറ്റർ ഒാട്ടത്തിലാണ് ആദ്യം മത്സരിച്ചിരുന്നത്. പരിക്കിനെ തുടർന്ന് ഒാട്ടം ഒഴിവാക്കി ജാവലിനിലേക്ക് തിരിഞ്ഞു.മിനിയാണ് മാതാവ്. മകളുടെ പ്രകടനം കാണാൻ മാതാവ് വന്നില്ല. ‘‘രണ്ടു പേർക്ക് തന്നെ വന്നുപോകാൻ വലിയ ചെലവാണ്, 10,000 രൂപയോളം വേണം. സ്കൂളുകാർ 3000 രൂപ തന്നു. ബാക്കിയുള്ളത് നമ്മളറിയണം’’ എന്നായിരുന്നു ദിനേശിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.