കേരളം കുതിച്ചുതുടങ്ങി

പുണെ: ഒന്ന്, രണ്ട്, മൂന്ന്....കേരളം എണ്ണിത്തുടങ്ങി. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും. കൂടെ ഒരു ദേശീയ റെക്കോഡും. ദേശീയ സീനിയര്‍ സ്കൂള്‍ കായികമേളയില്‍ ആദ്യ ദിനത്തിലെ ക്ഷീണം മാറ്റി വ്യാഴാഴ്ച പുണെ ബാലെവാഡി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലുമിറങ്ങിയ കേരളത്തിന്‍െറ കുട്ടികള്‍ ഓടിയും ചാടിയും നേടിയതാണിവ. 11 ഫൈനലുകള്‍ നടന്ന രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ 28 പോയന്‍റുമായി കേരളം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നല്‍കിയ 15 പോയന്‍റില്‍ ഹരിയാന രണ്ടാമതും രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നല്‍കിയ 13 പോയന്‍റില്‍ പഞ്ചാബ് മൂന്നാമതും നില്‍ക്കുന്നു.

ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ കെ.എസ്. അനന്തു, ട്രിപ്ള്‍ ജംപില്‍ സെന്‍റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറയിലെ ലിസ്ബത്ത് കരോലിന്‍ ജോസഫ്, 400 മീറ്ററില്‍ പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ അബിത മേരി മാനുവല്‍ എന്നിവര്‍ സ്വര്‍ണം ചൂടിയപ്പോള്‍ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി. ആരോമല്‍, 100 മീറ്ററില്‍ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് അജ്മല്‍, ട്രിപ്ള്‍ ജംപില്‍ മുണ്ടൂര്‍ എച്ച്.എസ്.എസിന്‍െറ പി.വി. വിനി, ഹൈജംപില്‍ കടകശ്ശേരി ഐഡിയല്‍ എച്ച്.എസ്.എസിലെ കെ.എ. റുബീന എന്നിവര്‍ വെള്ളി നേടി. 100 മീറ്ററില്‍ സെന്‍റ് ജോര്‍ജ് കോതമംഗലത്തിന്‍െറ ഓംകാര്‍ നാഥാണ് വെങ്കല നേട്ടക്കാരന്‍. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ദേശീയ റെക്കോഡോടെയാണ് പി.ടി. ഉഷയുടെ ശിഷ്യ

അബിതയുടെ സ്വര്‍ണനേട്ടം.

ആണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപില്‍ പഞ്ചാബിന്‍െറ സോനുകുമാര്‍ 15.79 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നാട്ടുകാരന്‍ ഹര്‍പ്രീത് സിങ് കുറിച്ച 15.09 മീറ്റര്‍ മറികടന്നാണ് സോനുകുമാറിന്‍െറ റെക്കോഡ്. ആണ്‍കുട്ടികളില്‍ പഞ്ചാബിന്‍െറ ഗുരിന്ദര്‍വിര്‍ സിങ്ങും (10.85 സെക്കന്‍ഡ് ) പെണ്‍കുട്ടികളില്‍ പശ്ചിമ ബംഗാളിലെ രാജശ്രീ പ്രസാദും (12.17 സെക്കന്‍ഡ്) വേഗമേറിയ താരങ്ങളായി.
ആദ്യ സ്വര്‍ണം

ജംപിങ് പിറ്റില്‍നിന്ന്

ആദ്യ ദിനത്തിലെ ക്ഷീണത്തില്‍നിന്ന് കേരള ക്യാമ്പിനെ ആവേശത്തിലേക്കുയര്‍ത്തിയത് പെണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപ് മത്സരമായിരുന്നു. തന്‍െറ മൂന്നാമത്തെ ചാട്ടത്തില്‍തന്നെ ലിസ്ബത്ത് സ്വര്‍ണമുറപ്പിച്ചു. ആദ്യ കുതിപ്പില്‍ തന്നെ 12.52 മീറ്റര്‍ ചാടി ലിസ്ബത്ത് കേരള ക്യാമ്പിന് ഉണര്‍വേകി.
പ്രതീക്ഷയിലേക്ക് കാതും കണ്ണും കൂര്‍പ്പിച്ച് ഗാലറിയില്‍ കേരളത്തിന്‍െറ പരിശീലകരും അത്ലറ്റുകളും. ഈ വര്‍ഷം സീനിയര്‍ വിഭാഗത്തിലേക്ക് കടന്ന ലിസ്ബത്തിന്‍െറ ആദ്യ ദേശീയ സ്വര്‍ണമാണിത്. സബ്ജൂനിയറില്‍ തുടങ്ങി ഇതുവരെ 11 ദേശീയ മീറ്റുകളുടെ ചൂടറിഞ്ഞ ലിസ്ബത്തിന്‍െറ ഏഴാം സ്വര്‍ണനേട്ടം.
പരിശീലകന്‍ ടോമി ചെറിയാന്‍െറ അഭാവം നല്‍കിയ ചെറിയ വിഷമമൊഴിച്ചാല്‍ എല്ലാം ശുഭകരമായിരുന്നുവെന്ന് പുല്ലൂരാംപാറ, കൊല്ലിത്താനത്ത് സജി എബ്രഹാം- ലിന്‍സി ദമ്പതികളുടെ മകളായ ലിസ്ബത്ത് പറഞ്ഞു.
ലിസ്ബത്തിനുപിന്നാലെ 12.55 മീറ്റര്‍ ചാടി വിനി വെള്ളിയും നേടിയത് ആവേശമേറ്റി. ഫൗളുകള്‍ക്കിടയില്‍ 11.91 മീറ്റര്‍ ചാടി നിന്ന വിനി തന്‍െറ അവസാന ചാട്ടത്തിലാണ് 12.55ലേക്ക് വെച്ചുപിടിച്ചത്. അതുവരെ 12.35 ചാടി രണ്ടാമതു നിന്ന തമിഴ്നാടിന്‍െറ ആര്‍. പുണിത അതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു.

ഇളംപ്രായത്തിന്‍െറ മെഡല്‍ ആവേശം

ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണം നേടിയ അനന്തു പ്രായംകൊണ്ട് ഇപ്പോഴും സബ്ജൂനിയറുകാരനാണ്. 16കാരനായ അനന്തു പഠിക്കുന്നത് പ്ളസ് വണ്ണിന്. ഇടക്കൊന്നും കായിക താരങ്ങളുടെ പതിവ് തോല്‍വി അനന്ദുവിലുണ്ടായില്ല. അതുകൊണ്ട് മത്സരിക്കേണ്ടിവന്നത് സീനിയറുകാര്‍ക്കൊപ്പം. എന്നാല്‍, അതിന്‍െറ പേടിയൊന്നും അനന്തുവില്‍ കണ്ടില്ല. സംസ്ഥാന കായിക മേളയില്‍ 2.03 മീറ്റര്‍ ചാടി ആരോമലിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു അനന്തു. എന്നാല്‍, ബാലെവാഡിയില്‍ 2.05 മീറ്റര്‍ ചാടി അനന്തു ആരോമലിനെ മറികടന്നു. ആരോമലും 2.05 ചാടിയെങ്കിലും തൊട്ടു മുമ്പത്തെ രണ്ട് മീറ്റര്‍ ആദ്യാവസരത്തില്‍ ചാടിയ അനന്തുവിന് നറുക്കു വീഴുകയായിരുന്നു.   

കടമ്പകള്‍ കടന്ന് റെക്കോഡിന്‍െറ തിളക്കം

400 മീറ്ററില്‍ അബിത മേരി മാനുവല്‍ റെക്കോഡ് സ്വര്‍ണം നേടിയത് പ്രതിസന്ധികള്‍ മറികടന്ന്. ഒറ്റ ദിവസം ചെറു ഇടവേളകളില്‍ ഹീറ്റ്സും സെമിയും ഫൈനലും ഓടേണ്ടിവന്നിട്ടും റെക്കോഡിലേക്ക് തന്നെയായിരുന്നു അബിതയുടെ നോട്ടം. പിഴച്ചില്ല. 11 വര്‍ഷം മുമ്പ് 2005 ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ പഞ്ചാബിന്‍െറ മന്ദീപ് കൗര്‍ കുറിച്ച 55.18 സെക്കന്‍ഡ് വേഗം മറികടന്നാണ് അബിതയുടെ റെക്കോഡ് നേട്ടം.  
ആദ്യ ദിവസം കാലിടറിയവര്‍ തിരിച്ചത്തെുന്നു
കാലാവസ്ഥ ചതിച്ച ആദ്യ ദിവസം 5000 മീറ്റര്‍ ട്രാക്കില്‍നിന്ന് പിന്മാറിയ ആണ്‍കുട്ടികളിലെ ബിബിന്‍ ജോര്‍ജും ട്രാക്കില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടികളിലെ അനുമോള്‍ തമ്പിയും1500 മീറ്ററില്‍ തിരിച്ചത്തെുന്നു. വ്യാഴാഴ്ച നടന്ന സെമിയില്‍ ഇരുവരും യോഗ്യത നേടി.

മൂന്നാം ദിനം 15 ഫൈനലുകള്‍

കേരളത്തിന് പ്രതീക്ഷ നല്‍കുന്ന അഞ്ചു കിലോമീറ്റര്‍ നടത്ത മത്സരത്തോടെയാണ് മൂന്നാം ദിനത്തിന്‍െറ തുടക്കം. 1500, പോള്‍വാള്‍ട്ട്, ലോങ് ജംപ് തുടങ്ങി 15 ഫൈനലുകള്‍.

 

Tags:    
News Summary - school athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT