അയല്‍നാട്ടില്‍ വെല്ലുവിളിക്കാന്‍ കോഴിക്കോട്

കോഴിക്കോട്: ആവനാഴിയില്‍ അസ്ത്രങ്ങള്‍ കുറവാണെങ്കിലും മെഡല്‍ പ്രതീക്ഷയുള്ള പുതിയ താരങ്ങളുമായാണ് കോഴിക്കോട് സംസ്ഥാന കായികമേളയുടെ അങ്കത്തട്ടിലേക്കിറങ്ങുന്നത്. പ്ളസ് ടു കഴിഞ്ഞതോടെ സ്കൂള്‍ മീറ്റിനോട് വിടപറഞ്ഞ ഉഷ സ്കൂളിലെ ഷഹര്‍ബാന സിദ്ദീഖ്, ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടം മുന്നില്‍ കണ്ട്, സ്കൂള്‍ മീറ്റില്‍നിന്ന് പിന്മാറിയ ഒളിമ്പ്യന്‍ ജിസ്ന മാത്യു എന്നിവരുടെ അഭാവം സീനിയര്‍ വിഭാഗത്തിലെ സ്പ്രിന്‍റ് ഇനങ്ങളില്‍ കോഴിക്കോടിന്‍െറ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ്. ജിസ്നയുടെ അസാന്നിധ്യത്തിലും സംസ്ഥാന മീറ്റില്‍ കോഴിക്കോടിന്‍െറ വജ്രായുധമാകുമെന്നുറപ്പുള്ള താരമാണ് സീനിയര്‍ വിഭാഗത്തില്‍ പൂവമ്പായി എ.എം.എച്ച്.എസ് വിദ്യാര്‍ഥിയായ ഉഷ സ്കൂളിലെ അബിത മേരി മാനുവല്‍. 1500, 800, 400 മീറ്ററുകളിലാണ് അബിത ട്രാക്കിലിറങ്ങുന്നത്. സീനിയര്‍ പെണ്‍കുട്ടികളില്‍ ജംപിങ് പിറ്റില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫുമിറങ്ങും. പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസ്.എസിലെ ദേശീയതാരമായ ലിസ്ബത്ത് ട്രിപ്ള്‍ജംപ്, ഹൈജംപ്, ലോങ് ജംപ് എന്നിവയിലാണ് മത്സരിക്കുന്നത്.

800ല്‍ ഉഷ സ്കൂളിലെ തന്നെ സ്നേഹയും മെഡല്‍ പ്രതീക്ഷയുള്ള താരമാണ്. സീനിയര്‍ വിഭാഗത്തിലെ മറ്റൊരു മെഡല്‍ പ്രതീക്ഷയുള്ള താരമാണ് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസിലെ കെ.ആര്‍. ആതിര. എന്നാല്‍, പരിക്കിനത്തെുടര്‍ന്ന് ക്രോസ്കണ്‍ട്രിയില്‍ മാത്രമായിരിക്കും ആതിര സംസ്ഥാന മീറ്റില്‍ പങ്കെടുക്കുക. ക്രോസ്കണ്‍ട്രി, 3000, 5000 എന്നിവയില്‍ സ്വര്‍ണവും 1500 വെള്ളിയും ജില്ല മീറ്റില്‍ നേടിയ ആതിരയുടെ പരിക്ക് കോഴിക്കോടിന് തിരിച്ചടിയാകും. സീനിയര്‍ ആണ്‍കുട്ടികളില്‍ മധ്യദൂര ഇനങ്ങളില്‍ മത്സരിക്കുന്ന കുളത്തുവയലിന്‍െറ ലിജിന്‍ ഡൊമനിക്, 400 മീറ്ററില്‍ സായി താരം കെ. റിഥിന്‍ അലി, ജാവ്ലിന്‍ ത്രോയില്‍ കുളത്തുവയലിന്‍െറ അനൂപ് വത്സന്‍, 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സായി താരം അകാശ് ബിജു പീറ്റര്‍, പോള്‍വാള്‍ട്ടില്‍ പുല്ലൂരാംപാറയുടെ ഡിവിന്‍ ടോം എന്നിവരും ആദ്യ മൂന്നില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കുളത്തുവയലിന്‍െറ തോമസ് റോബിനും പ്രതീക്ഷ നല്‍കുന്നു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ജാവ്്ലിന്‍ത്രോയില്‍ കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ മെഡല്‍ നേടിയ കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ വിഘ്നേഷ് ആര്‍. നമ്പ്യാര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

 ചാത്തമംഗലം ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസിലെ പി.കെ. അഖില്‍ (1500, 800, 300 മീറ്റര്‍), സായി താരം ടി.കെ. സായൂജ് (200, 400), പുല്ലൂരാംപാറയുടെ അമല്‍ ദാസ് ജോബി (100 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡ്ല്‍സ്), സായി താരം മുഹമ്മദ് ലസാന്‍ (100 മീറ്റര്‍ ഹര്‍ഡ്ല്‍സ്) എന്നിവരും ജൂനിയര്‍ വിഭാഗത്തിലെ പ്രതീക്ഷകളാണ്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ വീണ്ടും താരമാകാനൊരുങ്ങുകയാണ് പുല്ലൂരാംപാറയുടെ അപര്‍ണ റോയ്. 100 മീറ്റര്‍ ഹര്‍ഡ്ല്‍സ്, ലോങ്ജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയിലെ ഉറച്ച മെഡലാണ് അപര്‍ണയുടേത്. ഒപ്പം ജൂനിയറില്‍ 400, 200, 100 മീറ്റര്‍ ഓട്ടത്തില്‍ ട്രാക്കിലിറങ്ങുന്ന ഉഷ സ്കൂളിലെ ടി. സൂര്യാമോളും തിളങ്ങും. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്കൂളിലെ എല്‍ഗ തോമസ് (100, 200, 400) ആണ്‍കുട്ടികളില്‍ കുളത്തുവയല്‍ സ്കൂളിലെ അഭയ് കൃഷ്ണ (100, 600, 200) എന്നിവരാണ് പ്രതീക്ഷയുള്ള മറ്റു രണ്ടുപേര്‍. ജില്ല കായികമേളിയില്‍ ഏഴുതവണയായി ചാമ്പ്യന്മാരാകുന്ന പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെയും ഉഷ സ്കൂളിലെയും താരങ്ങള്‍ക്കൊപ്പം കട്ടിപ്പാറ, കുളത്തുവയല്‍, മുക്കം, ചാത്തമംഗലം, കൂടരഞ്ഞി, കൊയിലാണ്ടി തുടങ്ങിയ സ്കൂളുകളിലെയും താരങ്ങള്‍ സംസ്ഥാന മീറ്റില്‍ കോഴിക്കോടിന്‍െറ കരുത്താകും.

മൂന്നു പതിറ്റാണ്ടിനിപ്പുറത്തും റെക്കോഡുകള്‍ ചരിത്രം പറയുന്നു

60ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ പുതുമണം പോവാത്ത സിന്തറ്റിക് ട്രാക്ക് വേദിയാവുമ്പോള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഉയരുന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കായികപ്രേമികള്‍. 1983 മുതല്‍ പിറന്ന നിരവധി റെക്കോഡുകള്‍ ചരിത്രപുസ്തകത്തില്‍ അതേപടി തുടരുന്നു.
പുതിയ ഉയരവും സമയവും ദൂരവും കുറിക്കാനത്തെിയവരില്‍ ആര്‍ക്കെങ്കിലും 33 വര്‍ഷത്തിനിപ്പുറം തിരുത്താനാവുമോ എന്നാണ് അറിയേണ്ടത്.
1983: 4x100 സബ് ജൂനിയര്‍ പെണ്‍ റിലേ: 51.78 സെ. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്ഥാപിച്ച മീറ്റ് റെക്കോഡിനുശേഷം 32 മേളകള്‍ റെക്കോഡ് തിരുത്താതെ കടന്നുപോയി. ഈ ഇനത്തിലെ ദേശീയ റെക്കോഡും കേരളത്തിലെ പെണ്‍കുട്ടികള്‍ കുറിച്ചതാണ്.
1984- ജാവലിന്‍ ത്രോ ജൂനിയര്‍ പെണ്‍: 41.42 മീ. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷൈനി വര്‍ഗീസിന്‍െറ ദൂരത്തിന് മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇളക്കമില്ല.
1986- 200 മീ. ജൂനിയര്‍ ആണ്‍: 22.40 സെ. തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.എസ്. സജിയെ ആര്‍ക്കും പിറകിലാക്കാനായില്ല.
1988- 100 മീ. ജൂനിയര്‍ ആണ്‍: 10.90 സെ. ജി.വി രാജയിലെ രാംകുമാറിന്‍െറ പേരില്‍ തന്നെ ഈ റെക്കോഡ്.
1990ല്‍ 10.80 സെക്കന്‍ഡിലേക്ക് സ്വന്തം പ്രകടനം മെച്ചപ്പെടുത്തി ദേശീയ റെക്കോഡും രാംകുമാര്‍ പേരിനൊപ്പം ചേര്‍ത്തു.
1987- സബ്ജൂനിയര്‍ പെണ്‍: 100 മീ. 12.70 സെ., 200 മീ. 26.30 സെ. ഇളക്കമില്ലാത്ത രണ്ടു റെക്കോഡിനും ഉടമ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ സിന്ധു മാത്യു.
1988 -ജൂനിയര്‍ പെണ്‍:  100 മീ. 12.10 സെ. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷെര്‍ലി മാത്യുവിന്‍െറ മീറ്റ് റെക്കോഡിന് പ്രായം 27.
1990 -സബ്ജൂനിയര്‍ ഗേള്‍സ് ഹൈജംപ് (1.56 മീ.), ലോങ് ജംപ് (5.28 മീ.)
പാലാ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിലെ ബി. രശ്മിയുടെ പേരിലാണ് ഇരട്ട റെക്കോഡുകള്‍.
1993-സബ്ജൂനിയര്‍ ആണ്‍: 200 മീ. (23.70 സെ.), 80 മീ. ഹര്‍ഡ്ല്‍സ് (11സെ.)
ജി.വി രാജയിലെ ടി. താലിബിന്‍െറ നേട്ടത്തെ വെല്ലാന്‍ തുടര്‍ന്നുവന്നവര്‍ക്കായില്ല.
1993- ജൂനിയര്‍ ആണ്‍: 4x100 റിലേ തിരുവനന്തപുരം ജില്ല ടീം സ്ഥാപിച്ച 44.30 സെ. റെക്കോഡിന് ഇളക്കമില്ല.
1994 -സീനിയര്‍ ആണ്‍ 5000 മീറ്റര്‍- 15:16.10 മി. ഇടുക്കി സി.എച്ച്.എസ് കാല്‍വരി മൗണ്ടിലെ ടി.എന്‍. ഷാജി.

Tags:    
News Summary - school athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT