പെരുംപോരിനൊരുങ്ങി ‘സര്‍വകായികശാല’കള്‍

കോയമ്പത്തൂര്‍: കലാലയ ഇന്ത്യയുടെ കായിക യൗവനം പുതിയ സമയവും ദൂരവും ഉയരവും തേടി ട്രാക്കിലും ഫീല്‍ഡിലും അണിനിരക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കമാവും. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി 200ഓളം താരങ്ങള്‍ മെഡല്‍ കൊയ്ത്തിനായി അവസാനവട്ട ഒരുക്കത്തില്‍. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളടക്കം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ കായിക മാമാങ്കത്തിന് ഞായറാഴ്ച കൊടിയിറങ്ങും. ആദ്യ ദിനം ഫൈനലുകളൊന്നുമില്ല.

മൂന്നു തവണ വനിതാ ചാമ്പ്യന്മാരായ എം.ജി സര്‍വകലാശാല  39 പെണ്‍കുട്ടികളും 33 ആണ്‍കുട്ടികളുമായാണ് എത്തിയത്. കോതമംഗലം എം.എ കോളജ്, പാല അല്‍ഫോന്‍സ കോളജ്, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ താരനിരയെ ഇവര്‍ രംഗത്തിറക്കുന്നു. അല്‍ഫോന്‍സയിലെ ജിനു മരിയ ഇമ്മാനുവലും എയ്ഞ്ചല്‍ ദേവസിയും വനിത ഹൈജംപിലും അല്‍ഫോന്‍സയുടെ സിഞ്ജു പ്രകാശും അസംപ്ഷന്‍െറ രേഷ്മ രവീന്ദ്രനും പോള്‍വാള്‍ട്ടിലും മെഡല്‍ പ്രതീക്ഷയിലാണ്. സ്പ്രിന്‍റില്‍ അസംപ്ഷന്‍െറ കെ. മഞ്ജുവും ട്രിപ്ള്‍ജംപില്‍ അല്‍ഫോന്‍സയുടെ അഞ്ജലി ജോസും ഹാമര്‍ ത്രോയില്‍ എം.എ കോളജിന്‍െറ ആതിര മുരളീധരനുമുണ്ട്. എം.എ കോളജിലെ പുരുഷ താരങ്ങളായ പി.വി. സുഹൈല്‍ (ലോങ്ജംപ്), ബി. എബിന്‍ (ലോങ്ജംപ്, ട്രിപ്ള്‍ ജംപ്), അബ്ദുല്ല അബൂബക്കര്‍ (ട്രിപ്ള്‍ ജംപ്), കെ.എസ്. പ്രണവ് (100 മീ.) എന്നിവരും മെഡലുമായി ചേര്‍ന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബി സര്‍വകലാശാലക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് എം.ജി. കാലിക്കറ്റും ഇക്കുറി മുന്നേറ്റം പ്രതീക്ഷിക്കുന്നു.

30 വീതം ആണ്‍, പെണ്‍ താരങ്ങളാണ് സംഘത്തിലുള്ളത്. 10,000 മീറ്റര്‍ ഓട്ടത്തിലും മാരത്തണിലും എം.ഡി. താര, 1500 മീറ്ററില്‍ പി.യു. ചിത്ര, 100 മീറ്ററിലും 100 മീറ്റര്‍ ഹര്‍ഡ്ല്‍സിലും എം. സുഗിന, 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ് തുടങ്ങിയവര്‍ കാലിക്കറ്റിന്‍െറ പെണ്‍കരുത്താണ്. 15 പെണ്‍കുട്ടികളെയും 16 ആണ്‍കുട്ടികളെയും ഇറക്കുന്ന കേരള സര്‍വകലാശാല ഇക്കുറി അരഡസന്‍ സ്വര്‍ണമെങ്കിലും കൈക്കലാക്കണമെന്ന വാശിയിലാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ താരങ്ങളായ നയന ജെയിംസ് (ലോങ് ജംപ്, ട്രിപ്ള്‍ ജംപ്), ജെനി മോള്‍ ജോയ് (ട്രിപ്ള്‍ ജംപ്), ആല്‍ഫി ലൂക്കോസ് (ലോങ് ജംപ്, ട്രിപ്ള്‍ ജംപ്), അഞ്ജലി ഫ്രാന്‍സിസ് (പോള്‍വാള്‍ട്ട്) തുടങ്ങിയവര്‍ വെറുംകൈയോടെയായിരിക്കില്ല മടങ്ങുകയെന്ന് പരിശീലകര്‍ പറയുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 13ഉം തിരുവനന്തപുരം എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് മൂന്നും താരങ്ങളുണ്ട്.

Tags:    
News Summary - Practice-Of-Calicut-University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT