തിരുവനന്തപുരം: ഓടാൻ ഷൂ ഇല്ലാത്തതിെൻറ പേരില്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ട് യുവതാരം. തിരുവനന്തപുരം സ്വദേശി സജീവിനാണ് (24) മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ അധികൃതരുടെ ശാഠ്യത്തിന് മുന്നിൽ പിന്‍വാങ്ങേണ്ടിവന്നത്. ഇതോടെ 5000 മീറ്ററിൽ മത്സരം ട്രാക്കിന് പുറത്തിരുന്ന് കണ്ണിരോടെ കണ്ടാണ് സജീവ് വീട്ടിലേക്ക് മടങ്ങിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സജീവ് കൂലിപ്പണിക്കാരനാണ്. തെൻറ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന കുടുംബത്തിന് സ്പൈക്കൊക്കെ സ്വപ്നം മാത്രമാണെന്ന് സജീവ് പറഞ്ഞു. പക്ഷേ, ദീർഘദൂര ഓട്ടത്തിനോടുള്ള കമ്പം കാരണം ജില്ലയിലെ പല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ ദേശീയ ചാമ്പ്യൻഷിപ് ലക്ഷ്യമിട്ടാണ് സജീവ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ എത്തിയത്. ചൊവ്വാഴ്ച നടന്ന 1000 മീറ്ററിൽ ഒരു സുഹൃത്തിൽനിന്ന് കടംവാങ്ങിയ സ്പൈക്കുമായി ഓടിയെങ്കിലും ഏഴാമാനായിപ്പോയി. കോരിച്ചൊരിയുന്ന മഴയിൽ പാകമാകാത്ത ഷൂവുമായി ഓടിയതായിരുന്നു കാരണം. മഴയിൽ ഷൂ നനഞ്ഞതിനാൽ ബുധനാഴ്ച നടന്ന 5000 മീറ്ററിൽ വെറും കാലുമായാണ് സജീവ് ട്രാക്കിലിറങ്ങിയത്. എന്നാൽ, സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഇല്ലാതെ ഓടാൻ കഴിയില്ലെന്ന് സംഘാടകർ വാശിപിടിക്കുകയായിരുന്നു. തെൻറ കഷ്ടപ്പാട് സജീവ് സംഘാടകരോട് വിവരിച്ചെങ്കിലും അപ്പോഴേക്കും മത്സരത്തിനുള്ള വെടി മുഴങ്ങിയിരുന്നു.
രണ്ടുദിവസത്തെ പണി ഉപേക്ഷിച്ചാണ് സജീവ് മേളക്കെത്തിയത്. സജീവിനെ പരിശീലിപ്പിക്കുന്നത് കുടവൂർ എ.കെ.എം.എച്ച്.എസിലെ കായികാധ്യാപകൻ അൻസറാണ്. എന്തായാലും ഭാവിയിൽ ഇന്ത്യക്കായി താൻ സ്വർണം വാങ്ങിക്കുമെന്ന് സംഘാടകരോട് കട്ടായം പറഞ്ഞിട്ടാണ് ഈ താരം വെഞ്ഞാറമൂട്ടിലേക്ക് ബസ് കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.