ദേശീയ സീനിയര്‍ വോളി: മൂന്ന് ജയവുമായി പുരുഷ-വനിതാ ടീമുകള്‍ ഗ്രൂപ് ജേതാക്കള്‍

ചെന്നൈ: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്ന് കളിയും ജയിച്ച് കേരളത്തിന്‍െറ പുരുഷ-വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പൂള്‍ ‘ബി’യില്‍ മത്സരിച്ച പുരുഷ ടീം തമിഴ്നാട്, സര്‍വീസസ്, ആന്ധ്രപ്രദേശ് എന്നിവരെ തോല്‍പിച്ചപ്പോള്‍, തമിഴ്നാട്, തെലങ്കാന, പഞ്ചാബ് ടീമുകളെ വനിതകള്‍ കീഴടക്കി.

തിങ്കളാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ പുരുഷ ടീം തമിഴ്നാടിനെ 3-2  തറപറ്റിച്ചു. സ്കോര്‍ 20- 25, 21- 25, 25-22, 25-16, 20-18. ആദ്യ രണ്ട് സെറ്റില്‍ കീഴടങ്ങിയ പ്രതിരോധത്തിലായ കേരളം ശക്തമായ തിരിച്ചുവരവിലൂടെയായിരുന്നു കളം വാണത്. അഞ്ച്സെറ്റിലേക്ക് നീണ്ട പോരാട്ടത്തില്‍ അവസാന മൂന്നിലായിരുന്നു കേരളത്തിന്‍െറ കൈച്ചുട് തമിഴ്നാട് അറിഞ്ഞത്. തകര്‍പ്പന്‍ സ്മാഷും പൊള്ളുന്ന സര്‍വുകളുമായി ആതിഥേയരെ വട്ടംകറക്കി.

വനിതകളും തമിഴ്നാടിനെയാണ് കീഴടക്കിയത്. സ്കോര്‍: 25-14, 25-11, 25-9. മലയാളികള്‍കൂടി ഉള്‍പ്പെട്ടതാണ് തമിഴ്നാട് നിര. കെ.എസ്.ഇ.ബി താരം ടിജി രാജുവിന്‍െറ നേതൃത്വത്തില്‍ ശക്തമായ സ്മാഷുകളാണ് എതിരാളികള്‍ക്കെതിരെ പാഞ്ഞത്. പിഴവുകള്‍ പരമാവധി കുറച്ച് കളിച്ചപ്പോള്‍, ആതിഥേയര്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താതെ കീഴടങ്ങി.

ക്രിസ്മസ് ദിനമായ ഞായറാഴ്ച കേരള വനിതകള്‍ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് തെലങ്കാനയെ തോല്‍പിച്ചിരുന്നു. സ്കോര്‍: 25-13, 25-13, 25-12. പുരുഷ വിഭാഗത്തില്‍ കേരളം എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് സര്‍വിസസിനെ തോല്‍പിച്ചു. സ്കോര്‍: 25-19, 25- 21, 29-27.

ഉദ്ഘാടന ദിവസമായ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ കേരള പുരുഷന്മാര്‍ ആന്ധ്രയെയും വനിതകള്‍ പഞ്ചാബിനെയും തോല്‍പിച്ചിരുന്നു. നിലവിലെ ജേതാക്കളായ റെയില്‍വേയുടെ പുരുഷ, വനിത ടീമുകള്‍ ഗ്രൂപ് ജേതാക്കളായി ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശനം നേടി. എട്ടു വര്‍ഷമായി റണ്ണേഴ്സപ്പായ കേരള വനിതകള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇപ്രാവശ്യവും റെയില്‍വേയായിരിക്കും വെല്ലുവിളി. കേരളത്തിന്‍െറ ഇരു ടീമുകള്‍ക്കും ചൊവ്വാഴ്ച കളിയില്ല.

 

Tags:    
News Summary - national senior volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT