ദേശീയ സീനിയർ സ്കൂൾ മീറ്റ്: 11 സ്വർണവുമായി കേരളത്തിന് കീരിടം

പുണെ: പ്രഥമ ദേശീയ സീനിയര്‍ സ്കൂള്‍ കായികമേളയില്‍ കേരളം ജേതാക്കള്‍. ദീര്‍ഘദൂര ഓട്ടങ്ങളിലൂടെ വെല്ലുവിളിയാകുമെന്ന് കരുതിയ  മഹാരാഷ്ട്രയെയും തമിഴ്നാടിനെയും ഏറെ പിന്നിലാക്കിയാണ് കേരളം കിരീടം ചൂടിയത്. ബാലെവാടി ശിവ്ഛത്രപതി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും നിന്ന് 11 സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവുമാണ് നാലുദിവസം നീണ്ട മേളയില്‍ കേരളം നേടിയത്. ആകെ പിറന്ന 10 ദേശീയ റെക്കോഡുകളില്‍ മൂന്നെണ്ണം കേരളതാരങ്ങളുടെ പേരിലാണ്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാട് (4-5-7) മൂന്നാം സ്ഥാനത്തത്തെി. ആണ്‍കുട്ടികളിലും (4-7-5) പെണ്‍കുട്ടികളിലും (7-6-2) കേരളം തന്നെയാണ് മുന്നില്‍. ഇരട്ട സ്വര്‍ണം നേടിയ ഉഷ സ്കൂളിലെ അബിത മേരി മാനുവലാണ് പെണ്‍കുട്ടികളിലെ മികച്ച താരം. ആണ്‍കുട്ടികളില്‍ കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി മത്സരിച്ച പാലക്കാട്ടുകാരന്‍ എം. ശ്രീശങ്കറാണ് മികച്ച താരം. ആറ് പതിറ്റാണ്ടിലേറെയായി സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ കായികമേള ഇത്തവണ മൂന്നായി വിഭജിച്ചാണ് നടത്തിയത്. 
 

800 മീറ്ററില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ അബിത മേരി മാനുവല്‍ സ്പൈക്കില്‍ മുത്തം നല്‍കുന്നു
 


മേളയുടെ അവസാനദിവസമായ ശനിയാഴ്ച നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് കേരളം ബാലെവാടിയിലെ ട്രാക്കില്‍നിന്ന് ഓടിയെടുത്തത്. കല്ലടി എച്ച്.എസ്.എസിലെ വി. മുഹമ്മദ് അജ്മലും (200 മീറ്റര്‍) അനില വേണുവും (400 മീറ്റര്‍) അബിത മേരി മാനുവലും (800 മീറ്റര്‍) ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേ ടീമുമാണ് സ്വര്‍ണം നേടിയത്. തിരുവനന്തപുരം സെന്‍റ് ജോസഫിലെ കെ.ജെ. അലന്‍, തുവൂര്‍ മാര്‍ അഗസ്റ്റിനിലെ നിബില്‍ ബൈജു, കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് അജ്മല്‍, കോതമംഗലം സെന്‍റ് ജോര്‍ജിലെ ഓംകാര്‍നാഥ് എന്നിവരാണ് റിലേ ടീം അംഗങ്ങള്‍. സ്വന്തം പേരിലെ ദേശീയ റെക്കോഡ് (2015ല്‍ 2:08.69 മിനിറ്റ്) 2:08.53 മിനിറ്റായി മെച്ചപ്പെടുത്തിയാണ് 800 മീറ്ററില്‍ അബിത സ്വര്‍ണം നേടിയത്. മേളയുടെ രണ്ടാം ദിവസം 400 മീറ്ററിലും റെക്കോഡോടെയായിരുന്നു അബിതയുടെ സ്വര്‍ണനേട്ടം. ഇതോടെ സ്കൂള്‍ കായികമേളയോട് അബിത വിടപറഞ്ഞു. കല്ലടി എച്ച്.എസ്.എസിലെ കെ. മുഹമദ് അനസും (400 മീറ്റര്‍ ഹര്‍ഡ്ല്‍സ്), പെണ്‍കുട്ടികളുടെ 4x100 മീ. റിലേയിലും വെള്ളി നേടി. പറളി എച്ച്.എസ്.എസിലെ എം. അഞ്ചന, കൊല്ലം സ്പോര്‍ട്സ് ഹോസ്റ്റലിലെ അബിഗെയ്ല്‍ ആരോഗ്യനാഥന്‍, തിരുവനന്തപുരം സായിയിലെ കെ.എം. നിഭ, കല്ലടി എച്ച്.എസ്.എസിലെ അഞ്ചലി ജോണ്‍സണ്‍ എന്നിവരാണ് റിലേ ടീം അംഗങ്ങള്‍. 

ആര്‍.എം.എച്ച്.എസ്.എസ് ആളൂരിലെ ലിബിന്‍ ഷിബു (200 മീ.), മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.വി. സുഗന്ധ്കുമാര്‍ (800 മീ.), പറളി എച്ച്.എസ്.എസിലെ പി.എന്‍. അജിത് (ക്രോസ്കണ്‍ട്രി), തിരുവനന്തപുരം സായിയിലെ എസ്. അര്‍ഷിദ (400 മി. ഹര്‍ഡ്ല്‍സ്) എന്നിവരാണ് വെങ്കല നേട്ടക്കാര്‍. കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന 61ാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗം 17 സ്വര്‍ണവും 17 വെള്ളിയും എട്ട് വെങ്കലവും നല്‍കിയ 156 പോയന്‍റാണ് നേടിയത്. 12 സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 97 പോയന്‍റ് പെണ്‍കുട്ടികളുടെ വകയായിരുന്നു.

 

ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടുന്ന കേരളത്തിന്‍െറ വി. അജ്മലിന്‍െറ ഫിനിഷിങ് -ബൈജു കൊടുവള്ളി
 


പതിവ് തെറ്റിച്ച്  സ്ഥാനനിര്‍ണയം 
പോയന്‍റ് അടിസ്ഥാനത്തില്‍ സ്ഥാനം നിര്‍ണയിക്കുന്ന സ്കൂള്‍ കായികമേളയിലെ പതിവ് തെറ്റിച്ചാണ് ഇത്തവണ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിര്‍ണയിച്ചത്. ക്രോസ്കണ്‍ട്രിയിലെ മെഡലുകളും ഉള്‍പ്പെടുത്തി മെഡലെണ്ണം നോക്കിയായിരുന്നു ചാമ്പ്യന്മാരെ പ്രഖ്യാപിച്ചത്. ഇതോടെ പോയന്‍റ് പ്രകാരം രണ്ടാം സ്ഥാനക്കാരാവേണ്ട തമിഴ്നാട് മൂന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുവരേണ്ട മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമായി. പെണ്‍കുട്ടികളുടെ ക്രോസ്കണ്‍ട്രിയില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയതാണ് മെഡലെണ്ണത്തില്‍ മഹാരാഷ്ട്രയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. 
പോയന്‍റ് കണക്കില്‍ കേരളത്തിന് 114ഉം തമിഴ്നാടിന് 60ഉം മഹാരാഷ്ട്രക്ക് 45ഉമാണ്. ആദ്യം പോയന്‍റ് അടിസ്ഥാനത്തില്‍ പട്ടിക പുറത്തുവിട്ട സംഘാടകര്‍ പെട്ടെന്നുതന്നെ അത് പിന്‍വലിച്ച് മെഡല്‍പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. 

Tags:    
News Summary - national senior school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT