കോഴിക്കോട്: വെൺചാമരം പോലുള്ള താടി തടവി, നെഞ്ച് വിരിച്ച്, മീശ പിരിച്ച് ധനിറാം യാദ വ് വീണ്ടും മല്ലയുദ്ധത്തിന് വെല്ലുവിളിക്കുകയാണ്. അപ്പുറത്ത് നിസ്സാരക്കാരനല്ല. ഗു സ്തി മത്സരത്തിനിറങ്ങാൻ യോഗ ഗുരു ബാബ രാംദേവിനോടാണ് ഡൽഹി പൊലീസിൽനിന്ന് സ്വയ ം വിരമിച്ച ധനിറാമിെൻറ വെല്ലുവിളി. കഴിഞ്ഞ വർഷം മാധ്യമങ്ങളിലൂടെയും ദൂതൻ വഴിയും ആവശ്യപ്പെട്ടിട്ടും രാംദേവ് പേടിച്ച് പിന്മാറിയെന്നാണ് ധനിറാമിെൻറ പക്ഷം. ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കോഴിക്കോട് മെഡിക്കൽ കോളജ് മൈതാനത്തെത്തിയതായിരുന്നു ഈ 66കാരൻ.
മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ രാജ്യത്തെ ‘മാസ്റ്റർ’ താരങ്ങളിലൊരാളായ ധനിറാം ദേശീയതലത്തിൽ 85 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു വർഷം മുമ്പ് പ്രോ റെസ്ലിങ് ലീഗിനിടെ െബയ്ജിങ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ യുക്രെയ്ൻ താരം ആന്ദ്രെ സ്റ്റാഡ്നികും ബാബ രാംദേവും ഗുസ്തി പിടിച്ചിരുന്നു. രണ്ട് മിനിറ്റ് കൊണ്ട് രാംദേവ് സ്റ്റാഡ്നികിനെ ‘തോൽപിക്കുകയും’ ചെയ്തു. ഇന്ത്യക്കായി രണ്ടുവട്ടം ഒളിമ്പിക് മെഡൽ നേടിയ സുശീൽ കുമാറിനെ വരെ മലർത്തിയടിച്ച സ്റ്റാഡ്നികിനെതിരായ ജയം വലിയ മികവായി രാംദേവ് പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഹരിയാനയിലെ മനേസർ സ്വദേശിയായ ധനിറാമിന് കലിയിളകിയത്.
ഒളിമ്പിക് മെഡൽ ജേതാവിനെ തോൽപിച്ച രാംദേവിനെ താനുമായി ഏറ്റുമുട്ടാൻ െവല്ലുവിളിച്ചു. ദേശീയ മാധ്യമങ്ങളടക്കം ഈ ‘അങ്കക്കലി’ വലിയ വാർത്തയാക്കി. തോറ്റാൽ രണ്ടേക്കർ ഭൂമി രാംദേവിന് വെറുതെ വിട്ടുകൊടുക്കാമെന്നും താൻ ജയിച്ചാൽ രാംദേവ് പകരമൊന്നും തരേണ്ടെന്നും പറഞ്ഞിട്ടും യോഗ ഗുരു വെല്ലുവിളി ഏറ്റെടുത്തില്ലെന്ന് ധനിറാം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യയിൽ വേണ്ടെങ്കിൽ വിദേശത്ത് മത്സരിക്കാൻ തയാറാണെന്നും രാംദേവിനോട് പറഞ്ഞിരുന്നു. ഗുസ്തിയിൽ മിടുക്കനാണെന്ന രാംദേവിെൻറ അവകാശവാദം തട്ടിപ്പാണെന്ന് ധനിറാം പറഞ്ഞു. സാധാരണക്കാരനായ തന്നോട് ഏറ്റുമുട്ടാൻ എന്തിനാണ് ഭയമെന്നും അദ്ദേഹം ചോദിക്കുന്നു.
40 വയസ്സിനു ശേഷം കായികരംഗത്തേക്കിറങ്ങിയ ധനിറാം ഹാഫ് മാരത്തണിൽ 49 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആകെ മെഡലുകൾ 85ലേറെ. 1996ൽ ഡൽഹി പൊലീസിൽ എസ്.ഐ ആയിരിക്കേ സ്വയം വിരമിച്ച ധനിറാം സ്വന്തമായി കട നടത്തിയിരുന്നു.
പിന്നീട് കട പൂട്ടി, 2009ൽ 54ാം വയസ്സിൽ ഗുസ്തി പഠിക്കാൻ തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവരുെട ഗുസ്തിയിൽ ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലും ശ്രദ്ധേയതാരമാണ് ഇദ്ദേഹം. ‘ധോബി പച്ചഡ്’ സ്റ്റൈലിൽ എതിരാളികളെ മലർത്തിയടിക്കുന്നതിൽ മിടുക്കാനാണ് ധനിറാം. കോഴിക്കോട്ട് നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിൽ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ധനിറാം പങ്കെടുക്കുന്നുണ്ട്. രാംദേവിേനാട് ഏറ്റുമുട്ടാൻ എത്രകാലം വരെ കാത്തിരിക്കാനും തയാറാണെന്ന് ധനിറാം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.