ഗോൾഡ്കോസ്റ്റ്: മെഡൽ നഷ്ടപ്പെടുത്തിയ ‘20 സെൻറിസെക്കൻഡിനെ’ കുറിച്ചാവും ഇനി അത്ലറ്റിക്സ് പ്രേമികളുടെ തീരാസങ്കടം. ഗോൾഡ്കോസ്റ്റ് കറാറ സ്റ്റേഡിയത്തിലെ മഴയിൽ കുതിർന്ന ട്രാക്കിൽ മലയാളികളുടെ പ്രാർഥനകൾ നെഞ്ചിലേറ്റി മുഹമ്മദ് അനസ് മിന്നൽപ്പിണറായി കുതിച്ചെങ്കിലും കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ മെഡൽ എന്ന മോഹം തലനാരിഴവ്യത്യാസത്തിൽ അകന്നുപോയി. 400 മീറ്റർ പോരാട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ചെങ്കിലും അനസ് നാലാമതായാണ് ഫിനിഷ് ചെയ്തത്. 45.31 സെക്കൻഡിലാണ് മലയാളിതാരം ഒാട്ടം പൂർത്തിയാക്കിയത്. മൂന്നാം സ്ഥാനക്കാരനായ ജമൈക്കയുടെ ജാവോൺ ഫ്രാൻസിസിെൻറ സമയം 45.11 സെക്കൻഡ്. ബോത്സ്വാനയുടെ െഎസക് മക്വാല സ്വർണവും (44.35 സെ), ബബോലോകി തെബെ (45.09 സെ) വെള്ളിയും നേടി.
2017ലെ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിനു തൊട്ടുമുമ്പായി നടന്ന യോഗ്യതാപോരാട്ടത്തിൽ മെച്ചപ്പെടുത്തിയ ദേശീയ റെക്കോഡ് സമയം (45.32 സെ) വീണ്ടുമൊരിക്കൽ തിരുത്തിയെന്ന മികവുമായാണ് അനസ് ഗോൾഡ്കോസ്റ്റിലെ ട്രാക്കിൽനിന്ന് തിരികെ കയറിയത്. ഒറ്റലാപ്പിൽ അനസ് ദേശീയ റെക്കോഡ് തിരുത്തുന്നത് മൂന്നാം തവണ. മെഡൽപട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും തന്നേക്കാൾ മികച്ച സമയമുള്ളവർക്കൊപ്പം മത്സരിച്ച് നാലാമനായി എന്ന് മലയാളിതാരത്തിന് ആശ്വസിക്കാം. അനസ് ഒഴികെ ഫൈനലിൽ മാറ്റുരച്ച എല്ലാവരുടെയും മികച്ച വ്യക്തിഗത സമയം 43-44 സെക്കൻഡായിരുന്നു.
മിൽഖ സിങ്ങിെൻറ 1958ലെ സുവർണ നേട്ടത്തിനുശേഷം 400 മീറ്ററിൽ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ അത്ലറ്റായി ട്രാക്കിലിറങ്ങി, അവസാന 100 മീറ്ററിൽ മിന്നൽപ്പിണറായി കുതിച്ചെങ്കിലും മെഡൽ പൊസിഷനിൽ ഫിനിഷ് ചെയ്യാനായില്ലെന്നത് നിരാശയായി. എങ്കിലും ഇൗ 23കാരനിൽ ഇന്ത്യക്ക് ഇനിയും സ്വപ്നം കാണാം. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ കൊല്ലം നിലമേൽ സ്വദേശിയുടെ പേരിൽ സുവർണമെഴുതുന്നതിന് കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.