ശ്രീശങ്കര്‍ ലോക റാങ്കിങ്ങില്‍ അഞ്ചാമന്‍

പാലക്കാട്: പരിശീലനത്തിന് ശരിയായ ജംപിങ് പിറ്റ് പോലുമില്ലാത്ത പാലക്കാട്ടുനിന്ന് 17കാരന്‍ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍െറ (ഐ.എ.എഫ്) ലോക റാങ്കിങ്ങില്‍ അഞ്ചാം നമ്പറുകാരനായി. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാര്‍ഥി എം. ശ്രീശങ്കറാണ് ലോങ് ജംപില്‍ റെക്കോഡ് നേട്ടംകുറിച്ച് ലോക ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം കുതിച്ചുയര്‍ന്നത്. ദേശീയ കായികതാരങ്ങളായിരുന്ന യാക്കര കളത്തില്‍ ഹൗസില്‍ എസ്. മുരളിയുടെയും ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. കൊച്ചിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 7.62 മീറ്റര്‍ എന്ന റെക്കോഡ് ദൂരം കുറിച്ചാണ് ശ്രീശങ്കര്‍ അണ്ടര്‍ 18 ലോക റാങ്കിങ്ങില്‍ അഞ്ചാമനായത്. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും ശ്രീശങ്കറിനായിരുന്നു ലോങ് ജംപില്‍ സ്വര്‍ണം.

റെയില്‍വേ കോളനി മൈതാനത്തെ ചെറിയ സൗകര്യത്തില്‍ മുന്‍ ട്രിപ്പിള്‍ ജംപ് താരമായ പിതാവ് മുരളിക്ക് കീഴില്‍ പരിശീലിച്ചാണ് ശ്രീശങ്കര്‍ നേട്ടത്തിലേക്ക് കുതിക്കുന്നത്. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ക്യൂബയുടെ മൈക്കല്‍ മാസ്സോ, ജപ്പാന്‍െറ യുകി ആഷിയോക്ക, ബ്രസീലിന്‍െറ ഇബര്‍സണ്‍ സില്‍വ, ഗ്രീസിന്‍െറ പാനായിയോടിസ് മാന്‍സൗറിയാനിസ് എന്നിവര്‍ക്ക് പിറകിലാണ് ശ്രീശങ്കറിന്‍െറ സ്ഥാനം. മുന്നിലുള്ള നാലുപേരും ലോക മീറ്റുകളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നവരും ഉന്നത സൗകര്യങ്ങളില്‍ സ്ഥിരമായി പരിശീലിക്കുന്നവരുമാണ്. 2014ല്‍ സ്റ്റേറ്റ് ഇന്‍റര്‍ ക്ളബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും സൗത് സോണ്‍ മീറ്റിലും ദേശീയ ജൂനിയര്‍ മീറ്റിലും ശ്രീശങ്കര്‍ സുവര്‍ണനേട്ടം കൊയ്തിരുന്നു. 2015ല്‍ സ്റ്റേറ്റ് യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 
ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഒരുക്കം. അനുജത്തി ശ്രീപാര്‍വതിയും കായികരംഗത്തുണ്ട്.
Tags:    
News Summary - m sreesankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT