കേരള ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കി

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) റദ്ദാക്കി. രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ഐ.ഒ.എ നടപടി. ഒളിമ്പിക് ചാർട്ടർ ലംഘിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ലെന്നാണ് ഐ.ഒ.എ നിലപാട്. രാഷ്ട്രീയ സമ്മർദ്ദവും മത്സരാർഥികളുടെ സൂക്ഷ്മ പരിശോധനയും കൂടാതെയാണ് തെരഞ്ഞെടുപ്പെന്ന് അവസാന മണിക്കൂറുകളിലാണ് അറിഞ്ഞത്. തെരഞ്ഞെടുപ്പ് റദ്ദാക്കാതെ മറ്റു നടപടികളില്ല. നിയമപരമായ വെല്ലിവിളികൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തീരുമാനം കേരള ഹൈകോടതിയെ അറിയിച്ചതായും ഐ.ഒ.എ കേരള ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റിക്കയച്ച കത്തിൽ വ്യക്തമാക്കി.

ചൊവാഴ്ച കൊച്ചിയിലാണ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, അഞ്ച് വൈസ് പ്രസിഡൻറുമാർ, രണ്ട് ജോയിൻറ് സെക്രട്ടറിമാർ, അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 20 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. രണ്ടു പാനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഹോക്കി അസോസിയേഷൻ പ്രസിഡൻറും ബാർ ഹോട്ടൽ ഉടമയുമായ വി. സുനിൽകുമാർ പ്രസിഡൻറ് സ്ഥാനാർഥിയായുള്ള പാനൽ സി.പി.എം പിന്തുണയോടെയാണ്​ രംഗത്തുവന്നത്​.

പ്രഫ. നാലകത്ത് ബഷീർ ഉൾപ്പെടെ ആറു പേരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുണ്ടായിരുന്നത്. ലീഗ് അനുഭാവിയായ ബഷീർ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് വോളിബാൾ അസോസിയേഷൻ സെക്രട്ടറി സ്ഥാനം ഒഴിയാൻ സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടയാൾകൂടിയാണ്. സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗം എം.ആർ. രഞ്ജിത്ത് (ട്രഷറർ) ഉൾപ്പെടെ 16 അംഗങ്ങളാണ് പാനലിലുണ്ടായിരുന്നത്.

പാനലിനായി സർക്കാർ തലത്തിൽ ഉൾപ്പെടെ ഇടപെടലുകളുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സ്പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ കായിക അസോസിയേഷനുകളുടെ യോഗം വിളിച്ചു വോട്ട് അഭ്യർഥിച്ചതും വിവാദമായിരുന്നു. സ്പോർട്സ് കൗൺസിൽ ഭാരവാഹി മത്സരിക്കുന്ന സാഹചര്യത്തിൽ വോട്ടിനായി സമ്മർദ്ദം ചെലുത്തിയതാണ് വിവാദകാരണം. ഇതിനെതിരെ കെ.ഒ.എ അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷ മറിയാമ്മ കോശി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സർക്കാർ, രാഷ്ട്രീയ തലത്തിലെ ഇടപെടലുകൾ ഉണ്ടാകുന്നത് ഒളിമ്പിക് ചാർട്ടറിന് എതിരാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിൽ അത്തരം സാഹചര്യങ്ങൾ ഉണ്ടോയെന്നു ഐ.ഒ.എ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. വ്യവസായിയായ മാത്യു മുത്തൂറ്റും പ്രസിഡൻറും അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം വി.എൻ. പ്രസൂദ് സെക്രട്ടറിയുമായാണ് എതിർ പാനൽ.
Tags:    
News Summary - kerala olympic association- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT