അമൃത്സർ: 32ാമത് ഫെഡറേഷൻ കപ്പ് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിത വിഭാഗത്തിൽ ജേതാക്കളായി കേരളത്തിെൻറ അത്യുഗ്രൻ സ്മാഷ്. പുരുഷ ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ കേരളം തമിഴ്നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റിന് തകർത്തു. സ്കോർ: 25-21, 25-18, 25-18. ചെന്നൈയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരള പുരുഷ ടീം അത്യുഗ്രൻ തിരിച്ചുവരവാണ് ടൂർണമെൻറിലൂടെ നടത്തിയത്. സെമിയിൽ ആതിഥേയരായ പഞ്ചാബിനെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് കേരള പുരുഷന്മാർ കലാശക്കളിക്ക് അർഹത നേടിയത്.
ടൂർണമെൻറിൽ അപരാജിതരായി മുന്നേറിയ കേരളം സെമിയിൽ അൽപം വിയർത്തെങ്കിലൂം കൈവശം വെക്കുന്ന കിരീടം തിരിച്ചുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കേരളത്തിെൻറ ജെറോം വിനീത് മികച്ച ഓൾറൗണ്ടറും അഖിൻ ദാസ് മികച്ച ബ്ലോക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ റെയിൽവേസിനെ തോൽപിച്ചാണ് വനിതകൾ കഴിഞ്ഞ പ്രാവശ്യത്തെ രണ്ടാംസ്ഥാനം ഒന്നാക്കി മാറ്റിയത്. ദേശീയ സീനിയർ ചാമ്പ്യൻഷിപ് ഫൈനലിെൻറ ആവർത്തനമായി നടന്ന ഫൈനലിൽ 3-0ത്തിന് കേരളം അനായാസം ജയം കൊയ്യുകയായിരുന്നു. സ്കോർ: 25-11, 25-15, 25-19. ടൂർണമെൻറിൽ മികച്ച വനിത താരങ്ങൾക്കുള്ള നാല് പുരസ്കാരങ്ങൾ കേരളം നേടിയെടുത്തു.
11 വർഷത്തെ കാത്തിരിപ്പിനുശേഷം ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ റെയിൽവേസിനെ കീഴടക്കിയ കേരള വനിത ടീമിെൻറ കിരീടത്തിലെ മറ്റൊരു പൊൻതൂവൽകൂടിയായി ഫെഡറേഷൻ കപ്പ് വിജയം. രേഖ (മികച്ച താരം), അനുശ്രീ (യൂനിവേഴ്സൽ), ജിനി (സെറ്റർ), സൂര്യ (ബ്ലോക്കർ) എന്നിവരാണ് പുരസ്കാര ജേതാക്കൾ. പുരുഷ വിഭാഗത്തിൽ ആന്ധ്രപ്രദേശിനെ തോൽപിച്ച് ആതിഥേയരായ പഞ്ചാബ് മൂന്നാംസ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലും വനിത വിഭാഗത്തിൽ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലുമായിരുന്നു കളി. പുരുഷ വിഭാഗത്തിൽ ഒമ്പത് ടീമും വനിത വിഭാഗത്തിൽ അഞ്ച് ടീമും മാറ്റുരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.