ഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): 21ാമത് കോമൺവെൽത്ത് ഗെയിംസിലെ മത്സരവേദി ഉണർന്ന ദിനം ഇന്ത്യക്ക് സ്വർണവും വെള്ളിയും. വെയ്റ്റ്ലിഫ്റ്റിങ്ങിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ. വനിതകളുടെ 48 കി. വിഭാഗത്തിൽ മീരാഭായ് ചാനു ഗെയിംസ് റെക്കോഡോടെ സ്വർണം മാറിലണിഞ്ഞപ്പോൾ പുരുഷന്മാരുടെ 58 കി. വിഭാഗത്തിൽ പി. ഗുരുരാജ വെള്ളി സ്വന്തമാക്കി. കഴിഞ്ഞതവണ ഗ്ലാസ്ഗോയിൽ വെള്ളി സ്വന്തമാക്കിയിരുന്ന ചാനു സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജർകിൽ 110 കിലോയുമടക്കം 196 കിലോ ഉയർത്തിയാണ് റെക്കോഡ് പ്രകടനവുമായി സ്വർണം നേടിയത്. ഗുരുരാജ സ്നാച്ചിൽ 111 കിലോയും ക്ലീൻ ആൻഡ് ജർകിൽ 138 കിലോയുമടക്കം 249 കിലോ ഉയർത്തിയാണ് വെള്ളി നേടിയത്.
സുവർണ ചാനു; രജത രാജ
ഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): റിയോ ഡി ജനീറോയിലെ കണ്ണീർ സായ്കോം മീരാഭായ് ചാനു സുവർണതീരത്ത് തുടച്ചുകളഞ്ഞു. മെഡൽ പ്രതീക്ഷയോടെ ഒളിമ്പിക്സിനെത്തി ഒരു ലിഫ്റ്റ് പോലും ഉയർത്താനാവാതെ പതറിയ ചാനു ഇന്ത്യൻ ക്യാമ്പിലെ കണ്ണീർകാഴ്ചയായിരുന്നു. എന്നാൽ, കരാറ സ്പോർട്സ് ആൻഡ് ലീഷർ സെൻററിൽ വ്യാഴാഴ്ച ചാനുവിെൻറ ദിനമായിരുന്നു. കോമൺവെൽത്ത് റെക്കോഡും ഗെയിംസ് റെക്കോഡും സ്വന്തമാക്കിയായിരുന്നു 23കാരിയുടെ സുവർണനേട്ടം.
48 കിലോ വിഭാഗത്തിൽ മത്സരിച്ച ചാനു ആദ്യം സ്നാച്ചിലാണ് റെക്കോഡുകൾ തകർത്തത്. ആദ്യ ശ്രമത്തിൽ 80 കിലോയും രണ്ടാംവട്ടം 84 കിലോയും ഉയർത്തിയശേഷം മൂന്നാം അവസരത്തിൽ 86 കിലോ ഉയർത്തിയായിരുന്നു റെക്കോഡ് പ്രകടനം. പിന്നീട് സ്നാച്ചിൽ മൂന്ന് ശ്രമങ്ങളിലായി 103 കി., 107 കി., 110 കി. ഉയർത്തി. ഇതോടെ മൊത്തം 196 കിലോ (സ്നാച്ചിൽ 86 കിലോ + ക്ലീൻ ആൻഡ് ജർകിൽ 110 കിലോ) ഉയർത്തിയ ചാനു അതിലും കോമൺവെൽത്ത്, ഗെയിംസ് റെക്കോഡുകൾ തെൻറ പേരിലാക്കി.
‘‘ഇൗ വിജയത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഇവിടെ വരുേമ്പാൾ റെക്കോഡ് തകർക്കാനാവുമെന്ന് കരുതിയിരുന്നില്ല. റെക്കോഡോടെ സ്വർണം നേടാനായതിൽ അതിയായ സന്തോഷമുണ്ട്. ഒളിമ്പിക്സിലെ ഭാഗ്യദോഷം മനസ്സിൽനിന്ന് മായുന്നില്ല. പക്ഷേ, ഇതുപോലുള്ള വിജയങ്ങൾ ഏറെ സന്തോഷം പകരുന്നു. അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്’’ -ചാനു പറഞ്ഞു.
ചാനുവിന് വെല്ലുവിളിയുയർത്തുമെന്ന് കരുതപ്പെട്ടിരുന്ന കാനഡയുടെ അമാൻഡ ബ്രാഡ്കോക്ക് സ്നാച്ചിൽ 76 കിലോ മാത്രം ഉയർത്തിയപ്പോൾ ക്ലീൻ ആൻഡ് ജർകിൽ ഒരു ലിഫ്റ്റ് പോലും പൂർത്തിയാക്കാൻ സാധിക്കാതെ പിൻവാങ്ങി. േമാറിത്താനിയയുടെ മേരി റനൈവോസോവ (170 കി.) വെള്ളിയും ശ്രീലങ്കയുടെ ധിനുഷ ഗോമസ് (155 കി.) വെങ്കലവും കരസ്ഥമാക്കി.2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്ന ചാനു നിലവിലെ ലോക ചാമ്പ്യൻഷിപ് സ്വർണ ജേത്രിയുമാണ്. അവിടെ ഉയർത്തിയ 194 കിലോ എന്ന വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും മണിപ്പുരുകാരിക്കായി.
ആദ്യ കോമൺവെൽത്ത് ഗെയിംസിനിറങ്ങിയ ഗുരുരാജ പുറത്താവലിെൻറ വക്കിൽനിന്ന് തിരിച്ചെത്തിയാണ് 56 കിലോ വിഭാഗത്തിൽ വെള്ളിനേട്ടത്തിലെത്തിയത്. സ്നാച്ചിൽ 111 കിലോയുമായി മൂന്നാം സ്ഥാനത്തായിരുന്ന ഗുരുരാജ ക്ലീൻ ആൻഡ് ജർകിൽ ആദ്യ രണ്ട് ശ്രമത്തിലും ഉയർത്താനാവാതായതോടെ വൻ സമ്മർദത്തിലായി. എന്നാൽ, അവസാന അവസരത്തിൽ 138 കിലോ ഉയർത്തിയ ഇന്ത്യൻതാരം രണ്ടാം സ്ഥാനത്തേക്കുയരുകയായിരുന്നു. മൊത്തം 249 കിലോയാണ് (സ്നാച്ചിൽ 111 കിലോ + ക്ലീൻ ആൻഡ് ജർകിൽ 138 കിലോ) കർണാടകയിൽനിന്നുള്ള 25 കാരൻ ഉയർത്തിയത്.
ട്രിപ്ൾ കോമൺവെൽത്ത് ചാമ്പ്യനായ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹർ അഹ്മദ് ആണ് 161 കിലോയുമായി (117+144) സ്വർണം നേടിയത്. സ്നാച്ച്, ഒാവറോൾ ഗെയിംസ് റെക്കോഡോടെയായിരുന്നു അഹ്മദിെൻറ നേട്ടം. ശ്രീലങ്കയുടെ ലക്മൽ ചതുരംഗ 248 (114+134) വെങ്കലം സ്വന്തമാക്കി. ‘‘ഇന്ത്യക്കായി മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ട്.എേൻറത് മികച്ച പ്രകടനമായിരുന്നില്ല. എന്നാലും, വെള്ളിനേട്ടം മികച്ചതാണ്’’ -ഗുരുരാജ പറഞ്ഞു.
സജൻ പ്രകാശ് പുറത്ത്
പുരുഷവിഭാഗം നീന്തൽ 50 മീ. ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് സെമിയിലെത്താതെ പുറത്തായി. ഇതേവിഭാഗത്തിൽ ഇന്ത്യയുടെ വീർധവാൽ ഖഡെയും 100 മീ. ബാക്ക്സ്ട്രോക്കിൽ ശ്രീഹരി നടരാജും സെമിയിലേക്ക് മുന്നേറി. സ്ക്വാഷിൽ പുരുഷവിഭാഗത്തിൽ ഹരീന്ദർ പാൽ സന്ധുവും വിക്രം മൽഹോത്രയും രണ്ടാം റൗണ്ടിൽ കടന്നു. ടേബിൾ ടെന്നിസ് വനിത ടീം വിഭാഗത്തിൽ ഇന്ത്യ 3-0ത്തിന് ശ്രീലങ്കയെ തോൽപിച്ചു.
ബാഡ്മിൻറണിൽ വിജയത്തുടക്കം
ഇന്ത്യ മെഡൽവേട്ട പ്രതീക്ഷിക്കുന്ന ബാഡ്മിൻറണിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യ 5-0ത്തിന് ശ്രീലങ്കയെയാണ് തകർത്തത്. സിംഗ്ൾസിൽ കെ. ശ്രീകാന്ത്, സൈന നെഹ്വാൾ എന്നിവരും ഡബ്ൾസിൽ സാത്വിക് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി, അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി, പ്രണവ് ചോപ്ര-റിത്വിക ഗഡെ ടീമുകളുമാണ് ജയിച്ചത്.
ശ്രീകാന്ത് 21-16, 21-10ന് നിലുക കരുണരത്നെയെയും സൈന 21-8, 21-4ന് മധുഷിക ബെറുലഗയെയുമാണ് തോൽപിച്ചത്. സാത്വിക് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി ജോടി 21-17, 21-14ന് ധിനുക കരുണരത്നെ-ബൂവെങ്ക ഗുണതിലകെ ടീമിനെയും അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യം 21-12, 21-14ന് തിലിനി പ്രമോദിക-കവിദി സിറിനഗെ ജോടിയെയും പ്രണവ് ചോപ്ര-റിത്വിക ഗഡെ ടീം 21-15, 19-21, 22-20ന് സചിൻ ഡയസ്-തിലിനി പ്രമോദിക സഖ്യത്തെയുമാണ് തോൽപിച്ചത്.
ഹോക്കിയിൽ വനിതകൾക്ക് തോൽവി
ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് ആദ്യ കളിയിൽ അപ്രതീക്ഷിത പരാജയം. ഗ്രൂപ് എയിൽ വെയിൽസാണ് 3^2ന് ഇന്ത്യയെ അട്ടിമറിച്ചത്. വെയിൽസിനായി ലിസ ഡാലി, സിയാൻ ഫ്രഞ്ച്, നതാഷ മാർക് ജോൺസ് എന്നിവർ ഗോൾ നേടിയപ്പോൾ ഇന്ത്യയുടെ ഗോളുകൾ റാണി രാംപാൽ, നിക്കി പ്രധാൻ എന്നിവരുടെ സ്റ്റിക്കിൽനിന്നായിരുന്നു. 14 പെനാൽറ്റി കോർണറുകൾ തുലച്ചാണ് ലോക പത്താം നമ്പർ ടീമായ ഇന്ത്യ, ചെറുമീനുകളായ വെയിൽസിനോട് അടിയറവ് പറഞ്ഞത്.
ഗോൾഡ് കോസ്റ്റിൽ ഇന്ത്യ ഇന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.