ഗോൾഡ്കോസ്റ്റ്: ടൺകണക്കിന് ഭാരം പുല്ലുപോലെ എടുത്തുയർത്തി ഗോൾഡ്കോസ്റ്റിനെ സ്വർണഖനിയാക്കി ഇന്ത്യൻ ഭാരോദ്വാഹകർ. ആദ്യ രണ്ടുദിനം വനിതകളിലൂടെ സ്വർണപ്പട്ടികയിൽ ഇടം പിടിച്ച ഇന്ത്യക്കായി ശനിയാഴ്ച പൊന്നണിഞ്ഞത് രണ്ട് പുരുഷ ഭാരോദ്വാഹകർ. മീരാഭായ് ചാനുവിനും (48 കി) സഞ്ജിത ചാനുവിനും (53 കി) പിന്നാലെ, സതീഷ് കുമാർ ശിവലിംഗം (77 കിലോ), വെങ്കട രാഹുൽ രഗാല (85 കിലോ) എന്നിവരാണ് ശനിയാഴ്ച ഇന്ത്യയുടെ പൊൻതാരകങ്ങളായത്. ഇതോടെ, 21ാമത് കോമൺവെൽത്ത് ഗെയിംസിലെ വെയ്റ്റ്ലിഫ്റ്റിങ് ഇന്ത്യയുടേതായിമാറി. പുരുഷ-വനിതകളിലായി 16 മത്സരങ്ങളിൽ ഒമ്പതെണ്ണം പൂർത്തിയായപ്പോഴാണ് ഇന്ത്യൻ മുന്നേറ്റം.
നാലുവർഷം മുമ്പ് ഇതേ വിഭാഗത്തിൽ ഗ്ലാസ്ഗോയിൽ സ്വർണം നേടിയ സതീഷ് കുമാറിെൻറ മെഡൽനേട്ടത്തോടെയാണ് മൂന്നാംദിനം തുടങ്ങിയത്. സ്നാച്ചിൽ 144 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 173 കിലോയും ഉയർത്തി ആകെ ഭാരം 317ലെത്തിച്ചാണ് സതീഷ് െമഡൽ നേട്ടം ആവർത്തിച്ചത്. തുടർച്ചയായി രണ്ട് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി തമിഴ്നാട് വെല്ലൂർ ജില്ലക്കാരനായ സതീഷ്. നിലവിൽ ദക്ഷിണ റെയിൽവേയിൽ ക്ലർക്കാണ്.
ശനിയാഴ്ച വൈകീേട്ടാടെയാണ് 85 കിേലാ വിഭാഗത്തിൽ വെങ്കട്ട് രാഹുലിെൻറ സ്വർണനേട്ടം. 338 കിലോയാണ് ഇദ്ദേഹം ്ഉയർത്തിയത്. അവസാന ശ്രമത്തിൽ 187 കിലോ ഉയർത്തിയാണ് രാഹുൽ, സമോവയുടെ ഡോൺ ഒപലോഗിനെ തോൽപിച്ചത്. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് ഇൗ 21കാരൻ.
പാകിസ്താനെതിരെ സമനില
പുരുഷ ഹോക്കിയിലെ ആദ്യ മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വഴങ്ങിയ ഗോളിൽ ഇന്ത്യക്ക് പാകിസ്താനോട് സമനില (2-2). ദിൽപ്രീത് സിങ് 12ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ, ഹർമൻപ്രീത് സിങ്ങിെൻറ പെനാൽറ്റി കോർണറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിെൻറ മൂന്നാം ക്വാർട്ടറിൽ മുഹമ്മദ് ഇർഫാൻ നേടിയ ഗോളിലൂടെ പാകിസ്താൻ ഒപ്പമെത്തി. അവസാന നിമിഷം ആക്രമിച്ചു കളിച്ച പാകിസ്താന് ടി.വി അമ്പയർ സമ്മാനിച്ച വിവാദ പെനാൽറ്റി ഗോളാക്കിയ അലി മുബഷിറാണ് ഇന്ത്യൻ ജയപ്രതീക്ഷകൾ തട്ടിത്തെറിപ്പിച്ചത്.
ബാഡ്മിൻറണിൽ സെമി
മിക്സഡ് ടീം വിഭാഗത്തിെൻറ ക്വാർട്ടർ ഫൈനലിൽ മൊറീഷ്യസിനെ 3-0ത്തിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ പ്രവേശിച്ചു. കിഡംബി ശ്രീകാന്ത് 21-12, 21-14 എന്ന സ്കോറിന് ജൂലിയൻ പോളിനെ തോൽപിച്ചു. പുരുഷ ഡബ്ൾസ് പോരാട്ടത്തിൽ സാത്വിക് രങ്കി റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യവും വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യവും ജയിച്ചു.
ബോക്സിങ്ങിൽ മുന്നേറ്റം
ഗ്ലാസ്കോ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ സരിതാദേവി 60 കിലോ വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലെത്തി. ബാർബഡോസിെൻറ കിംബെർലി ഗിട്ടൻസിനെ 30-25ന് തോൽപിച്ചാണ് സരിതയുടെ മുന്നേറ്റം. പുരുഷ ബോക്സർമാരായ മുഹമ്മദ് ഹുസാമുദ്ദീൻ (56 കി), മനോജ് കുമാർ (69) എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു.
സജൻ എട്ടാമത്
ശനിയാഴ്ച നടന്ന 200 മീറ്റർ ബട്ടർഫ്ലൈയിൽ തെൻറ തന്നെ ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ച് സജൻ പ്രകാശ് എട്ടാമതായി ഫിനിഷ് ചെയ്തു. 1:59.10 എന്ന തെൻറ മുൻ സമയമാണ് 1:58.87 ആക്കി സജൻ തിരുത്തിയത്. 50 മീറ്റർ ബാക്സ്ട്രോക്കിൽ ശ്രീഹരി നടരാജ് സെമിയിൽ പുറത്തായി.
ടേബ്ൾ ടെന്നിസ്: പുരുഷ-വനിത വിഭാഗങ്ങളുടെ ക്വാർട്ടറിൽ മലേഷ്യയെ 3-0ത്തിന് തോൽപിച്ച് ഇന്ത്യ സെമിയിലെത്തി.
ബാസ്കറ്റ് ബാൾ: പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ-വനിത ടീമുകൾക്ക് പരാജയം. പുരുഷവിഭാഗം ഇംഗ്ലണ്ടിനോട് 54-100ന് തോറ്റപ്പോൾ, വനിത വിഭാഗം മലേഷ്യയോടാണ് 72-85െൻറ തോൽവി പിണഞ്ഞത്.
സ്ക്വാഷ്: വനിത സിംഗ്ൾസിൽ ജോഷ്ന ചിന്നപ്പ തോറ്റു. വനിത സിംഗ്ൾസ് പ്ലേറ്റ് ക്വാർട്ടറിൽ ദീപിക പള്ളിക്കലിന് വാക്കോവർ ലഭിച്ചു.
ട്രാക്കുണരും; നല്ലനടപ്പിന് ഇർഫാൻ അനസിന് യോഗ്യത റൗണ്ട്
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിന് ഇന്ന് ട്രാക്കുണരും. മലയാളി താരങ്ങളായ കെ.ടി. ഇർഫാൻ (20 കി.മീ നടത്തം), മുഹമ്മദ് അനസ് (400 മീ), ബി. സൗമ്യ (20 കി.മീ നടത്തം) എന്നിവർ ഉൾപ്പെടെ ആറ് ഇന്ത്യൻ താരങ്ങൾ ആദ്യ ദിനത്തിൽ ട്രാക്കിലിറങ്ങും. മനീഷ് സിങ് റാവത്, കുശ്ഭീർ കൗർ (20 കി.മീ നടത്തം), തജീന്ദർപാൽ സിങ് (ഷോട്ട്പുട്ട്) എന്നിവരാണ് മറ്റ് താരങ്ങൾ.
2014 ഗ്ലാസ്ഗോയിൽ ഒരോ സ്വർണവും വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ ഇക്കുറി മെഡൽ എണ്ണം വർധിപ്പിക്കാനാണ് ഗോൾഡ്കോസ്റ്റിലെത്തിയത്. നീരജ് ചോപ്ര (ജാവലിൻ), തേജസ്വിൻ ശങ്കർ (ഹൈജംപ്) ഉൾപ്പെടെ ഉറച്ച മെഡൽ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ വരവ്. പുരുഷ-വനിത വിഭാഗങ്ങളിലായി 28 പേരാണ് സംഘത്തിലുള്ളത്.
സീസണിൽ മികച്ച ഫോമിലാണ് മലയാളിതാരം കെ.ടി. ഇർഫാൻ. ലണ്ടൻ ഒളിമ്പിക്സിൽ 10ാം സ്ഥാനത്തായിരുന്ന താരം പരിക്ക് കാരണം റിയോ ഒളിമ്പിക്സിന് പുറത്തായി. എന്നാൽ, ഇക്കുറി ഏഷ്യൻ റേസ്വാക്കിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും (1:20.59) ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണവും (1:22.43) നേടി മികച്ച ഫോമിലാണ് ഗോൾഡ്കോസ്റ്റിലെത്തുന്നത്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, കെനിയ താരങ്ങളാണ് ഇർഫാന് പ്രധാന വെല്ലുവിളി. ഇന്ത്യൻ സമയം പുലർച്ച 2.30നാണ് മത്സരം. വനിത വിഭാഗം പുലർച്ച 4.45ന് നടക്കും. പുരുഷവിഭാഗം 400 മീറ്റർ ഹീറ്റ്സിലാണ് അനസിെൻറ മത്സരം. നാലാം ഹീറ്റ്സിൽ രാവിലെ 11.30നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.