ജകാർത്ത: ഏഷ്യൻ ഗെയിംസിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സിന് ശനിയാഴ്ച തുടക്കം. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജകാർത്തയിലെ ഗെലോറ ബുങ് കർനോ മെയിൻ സ്റ്റേഡിയത്തിലെ ട്രാക്കും ഫീൽഡും ഉണരുന്നതോടെ ഗെയിംസിന് ആവേശമേറും. ഷൂട്ടിങ്, ഗുസ്തി, ടെന്നിസ് എന്നിവയിലെ മെഡൽ നേട്ടങ്ങളുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യ അത്ലറ്റിക്സിൽനിന്ന് സ്വർണമടക്കം ഏറെ മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
2014 ഇഞ്ചിയോൺ ഗെയിംസിൽ രണ്ടു സ്വർണമടക്കം 13 മെഡലുകളാണ് ഇന്ത്യ അത്ലറ്റിക്സിൽ കരസ്ഥമാക്കിയിരുന്നത്. അത് ഇത്തവണ മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ഇന്ത്യൻ അത്ലറ്റിക്സിലെ പുതിയ സെൻസേഷൻ ഹിമ ദാസ്, വേഗക്കാരി ദ്യുതി ചന്ദ്, ഡിസ്കസ് ത്രോയിൽ സീമ പൂനിയ, ഷോട്ട്പുട്ടിൽ തേജീന്ദർ പാൽ സിങ്, മലയാളി താരങ്ങളായ മുഹമ്മദ് അനസ് (200 മീ, 400 മീ, 4x400 മീ. റിലേ), ജിൻസൺ ജോൺസൺ (800 മീ, 1500 മീ.) തുടങ്ങിയവരാണ് പ്രധാന മെഡൽ പ്രതീക്ഷകൾ.
400 മീറ്ററിൽ അനസ് ഇന്ന് ട്രാക്കിലിറങ്ങും. 45.24 സെക്കൻഡിൽ ദേശീയ റെക്കോഡുകാരനായ അനസ് ഇൗ സീസണിൽ ഏഷ്യയിൽ മികച്ച നാലാമത്തെ സമയത്തിനുടമയാണ്. ഖത്തറുകാരായ ആദ്യ മൂന്നു സ്ഥാനക്കാരുടെ ഇടയിൽ അനസിന് സ്വർണ സാധ്യത കുറവാണെങ്കിലും മികച്ച പ്രകടനം മെഡൽ കൊണ്ടുവരും. അനസും മറ്റു മലയാളി താരങ്ങളായ ജിത്തു ബേബി, കുഞ്ഞുമുഹമ്മദ് എന്നിവരുമടങ്ങുന്ന 4x400 മീ. റിലേ ടീമും മെഡൽ പ്രതീക്ഷയുള്ളവരാണ്.
ജാവലിൻ ത്രോയിൽ 87.43 മീറ്റർ ദൂരമാണ് നീരജിെൻറ സീസണിലെ ബെസ്റ്റ്. മുമ്പ് 91.36 മീറ്റർ വരെ എറിഞ്ഞിട്ടുള്ള ചൈനീസ് തായ്പേയിയുടെ ചെങ് ചാവോ സുൻ ആണ് പ്രധാന എതിരാളി. എന്നാൽ, ഇൗ സീസണിൽ 84.60 മീറ്റർ വരെയേ സുന്നിന് ജാവലിൻ പായിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നത് നീരജിന് പ്രതീക്ഷയേകുന്നതാണ്. തിങ്കളാഴ്ചയാണ് ജാവലിൻ ഫൈനൽ. 1982ൽ ഗുർതേജ് സിങ് വെങ്കലം നേടിയ ശേഷം ജാവലിനിൽ ഇന്ത്യ മെഡൽ നേടിയിട്ടില്ല. ലോക ജൂനിയർ ചാമ്പ്യൻ ഹിമ ദാസ് മികച്ച ഫോമിലാണെങ്കിലും 400 മീറ്ററിൽ സ്വർണ പ്രതീക്ഷയില്ല. കാരണം, ലോകനിലവാരത്തിലുള്ള ബഹ്റൈൻകാരി സൽവ ഇൗദ് നാസറിെൻറ സാന്നിധ്യം തന്നെ. ലോക ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരിയും സീസണിലെ നാല് ഡയമണ്ട് ലീഗിലെ ജേത്രിയുമായ സൽവ പതിവായി 50 സെക്കൻഡിൽ താഴെയോടുന്നവളാണ്. 49.08 സെക്കൻഡിൽ ഏഷ്യൻ റെക്കോഡും നൈജീരിയയിൽ ജനിച്ച സൽവയുടെ പേരിൽ തന്നെയാണ്. 51.32 സെക്കൻഡാണ് ഹിമയുടെ മികച്ച സമയം. ഒാരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന 18കാരി സ്വർണം നേടിയില്ലെങ്കിലും മെഡൽനേട്ടം കൈവരിക്കുമെന്നാണ് ഇന്ത്യൻ സംഘത്തിെൻറ പ്രതീക്ഷ.
രാകേഷ് ബാബു (ട്രിപ്ൾ ജംപ്), എം. ശ്രീശങ്കർ (ലോങ്ജംപ്), കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം), പി.യു. ചിത്ര (1500 മീ.), അനു രാഘവൻ (400 മീ. ഹർഡ്ൽസ്), നയന ജെയിംസ്, വി. നീന (ഇരുവരും ലോങ് ജംപ്), ബി. സൗമ്യ (20 കി.മീ. നടത്തം) എന്നിവരാണ് അത്ലറ്റിക്സിലെ മറ്റു മലയാളി സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.