ഭുവനേശ്വർ: നാട്ടുകാരുടെ മുന്നില്‍ തിണ്ണമിടുക്ക് കാട്ടി മെഡല്‍കൊയ്ത്ത് ലക്ഷ്യമിട്ട് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യ ആദ്യദിനമായ വ്യാഴാഴ്ച പോരിനിറങ്ങുന്നു. ഒന്നാം ദിനം ഏഴു ഫൈനലുകളാണ് അരങ്ങേറുന്നത്. രാവിലെ ഡക്കാത്ലണിലെ വിവിധ മത്സരങ്ങളും ഹീറ്റ്സുമാണ് കലിംഗ സ്റ്റേഡിയത്തിലെ മത്സരങ്ങൾ.
വൈകീട്ട് ആറിനാണ് ഏഴു ഫൈനലുകളും. പുരുഷന്മാരുടെ ഡിസ്കസ്ത്രോ, പോൾവാള്‍ട്ട്, വനിതകളുടെ ലോങ്ജംപ്, ഷോട്ട്പുട്ട്, 5000 മീറ്റർ, ജാവലിന്‍ത്രോ, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് ആദ്യ ദിനത്തിലെ ഫൈനല്‍ പോരാട്ടങ്ങൾ. പുരുഷന്മാരുടെ ഡിസ്കസ്ത്രോയില്‍ ഹാട്രിക് സ്വര്‍ണം തേടിയാണ് വികാസ് ഗൗഡയുടെ വരവ്. പ്രായം തളര്‍ത്തിയ താരം പതിവ് ഫോമിൽ അല്ലെന്നത് ഇന്ത്യന്‍ ക്യാമ്പിന് ആശങ്കയേറ്റുന്നു. ധര്‍മരാജ യാദവ്, കൃപാല്‍ സിങ് എന്നിവരും ഡിസ്കസ്ത്രോയില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങും. പുരുഷ പോൾവാള്‍ട്ടില്‍ എസ്. ശിവയാണ് ഏക ഇന്ത്യന്‍താരം. എന്നാല്‍, ഈ സീസണില്‍ 5.14 മീറ്റര്‍ മാത്രം ചാടിയ ശിവക്ക് മെഡല്‍സാധ്യത കുറവാണ്. 5.70 മീറ്റര്‍ ചാടിയ ചൈനയുടെ ഡിങ് ബാങ്ചോക്കാണ് സാധ്യത കൂടുതൽ.
വനിതകളുടെ ലോങ്ജംപില്‍ മലയാളികള്‍ മെഡല്പ്രതീക്ഷയിലാണ്. ഈ സീസണില്‍ 6.55 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തുള്ള നയന ജെയിംസാണ് മുന്നിൽ. മറ്റൊരു മലയാളി താരമായ വി. നീനയും ഒപ്പം ജി. കാര്‍ത്തികയും ലോങ്ജംപില്‍ ഇറങ്ങും. 6.61 മീറ്റര്‍ ചാടിയ ചൈനയുടെ ജിയാന്‍ യെന്ഫിയുടെ പേരിലാണ് സീസണിലെ മികച്ച പ്രകടനം. ജാവലിന്‍ത്രോയില്‍ അന്നു റാണിയില്‍നിന്ന് ഇന്ത്യ ഒരു മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. സീസണിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തില്‍ അന്നു ചൈനയുടെ ലീ ലിങ് വിയുടെ പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പൂനം റാണി, സുമന്‍ദേവി എന്നിവരാണ് ഈയിനത്തില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍താരങ്ങൾ. ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗർ 17.04 മീറ്റര്‍ എറിഞ്ഞ് സീസണില്‍ മൂന്നാം സ്ഥാനത്താണ്. അനാമിക ദാസ്, രമണ്‍പ്രീത് കൗര്‍ എന്നിവരും എറിയാനുണ്ടാകും. ഈ സീസണില്‍ 18.14 മീറ്റര്‍ എറിഞ്ഞ ചൈനയുടെ നിലവിലെ ജേത്രി ഗുവോ ടിയാന് ഖിയാനും മത്സരിക്കാനെത്തുന്നുണ്ട്. വനിതകളുടെ 5000 മീറ്ററില്‍ എൽ. സൂര്യയും മത്സരിക്കും. പുരുഷന്മാരുടെ 5000 മീറ്ററില്‍ നിലവിലെ മെഡല്‍ജേതാവ് തമിഴ്നാട്ടുകാരന് ജി. ലക്ഷ്മണിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.