ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര കിരീടം ലക്ഷ്യമിട്ടായിരുന്നു അവസാന ദിനം ഇന്ത്യന്‍ താരങ്ങള്‍ കലിംഗയിലെ പോരാട്ടത്തിനിറങ്ങിയത്. അവധിദിനത്തില്‍ ഗാലറിയില്‍ ഒഴുകിയെത്തിയ കാണികളുടെ പിന്തുണയില്‍ ആതിഥേയ താരങ്ങള്‍ ട്രാക്കിലും ഫീല്ഡിലുമെത്തി. എന്നാല്‍, വനിതകളുടെ പോള്‍വാള്‍ട്ടിലും ഡിസ്കസ്ത്രോയിലും സ്വര്‍ണം കൈയിലൊതുക്കി ചൈന കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. പോള്‍വാള്‍ട്ടില്‍ ചെന്‍ ക്വിയോലിങ്ങും (4.40 മീറ്റർ) ഡിസ്കസ്ത്രോയില്‍ ചെന്‍ യാങ്ങുമാണ് (60.41 മീറ്റർ) ചുവന്ന നാടിെൻറ ജേത്രിമാര്. ഇതോടെ സ്വര്‍ണപ്പോരാട്ടം 7-7 എന്ന നിലയിലായി. എന്നാല്‍, അര്‍ച്ചന ആദവ് 800 മീറ്ററിലും സ്വപ്ന ബര്മന് ഹെപ്റ്റാത്ലണിലും ഒന്നാമതായതോടെ വീണ്ടും സന്തോഷം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ജി. ലക്ഷ്മണ് സ്വര്‍ണം നേടിയതോടെ കിരീടവും ഉറപ്പിച്ച നിലയിലായി. ഇതിനിടെയായിരുന്നു 800 മീറ്ററില്‍ അര്‍ച്ചനയെ അയോഗ്യയാക്കിയെന്ന സംഘാടകരുടെ തീരുമാനമെത്തിയത്. എന്നാലും, രണ്ടു സ്വര്‍ണത്തിന് ലീഡായിരുന്നു. പിന്നാലെ പുരുഷന്മാരുടെ 4-x400 മീറ്റര്‍ റിലേയിലെ രണ്ടു സ്വര്‍ണം ആതിഥേയരുടെ ആധിപത്യം കൂട്ടി. ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയും മഞ്ഞപ്പതക്കവുമായി മടങ്ങിയതോടെ കലിംഗയില്‍ എല്ലാം ശുഭമായി. 85.23 മീറ്റര്‍ എറിഞ്ഞ നീരജിന് മീറ്റ് റെക്കോഡും സ്ഥാപിക്കാനായി. അവസാന ദിനം മാത്രം അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമായാണ് ഇന്ത്യന്‍ മടക്കം. 18ാം കിരീടത്തിലേക്ക് കണ്ണെറിഞ്ഞ ചൈനക്ക് നിരാശ ബാക്കി.
ഇടറിവീണ് ടിൻറു; ഡബ്ളടിച്ച് ലക്ഷ്്മണ്
പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ജിന്സണ് ജോണ്സണ് ഒരു മിനിറ്റ് 50.07 സെക്കന്‍ഡോടെയാണ് വെങ്കലം നേടിയത്്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിന്സണ് കഴിഞ്ഞ തവണ വെള്ളിമെഡലുണ്ടായിരുന്നു. കുവൈത്തിെൻറ അല്സഫൈരിക്കാണ് സ്വര്‍ണം (ഒരു മിനിറ്റ് 49.47 സെക്കന്‍ഡ്).
വനിതകളില്‍ മലയാളി താരം ടിൻറു ലൂക്കക്ക് സ്വര്‍ണം നിലനിര്‍ത്താനായില്ല. ലങ്കന്‍ താരമായ നിമാലിയാണ് ജേത്രിയായത്. ഗംഭീരമായി ഓടിയ അര്‍ച്ചന ആദവിന് ലങ്കന്‍ താരത്തെ ഫിനിഷിങ്ങിനുമുമ്പ്് കൈകൊണ്ട് തടഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് അയോഗ്യയായി മടങ്ങേണ്ടിവന്നു. ആദ്യ ലാപ്പില്‍ ലീഡ് നിലനിര്‍ത്തിയ ടിൻറുവിനെ പിന്നീട് മറ്റു താരങ്ങള്‍ പിന്നിലാക്കി. 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ ടിൻറു ട്രാക്കില്‍ വീണുപോയി. പനിയും ജലദോഷവും ശിഷ്യയുടെ പ്രകടനത്തെ ബാധിച്ചതായി പി.ടി. ഉഷ പറഞ്ഞു. പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സിലും ടിൻറു തളര്‍ന്നുവീണിരുന്നു.
ഹെപ്റ്റാത്ലണില് 5942 പോയൻറുമായാണ് സ്വപ്ന ബര്മന് നിര്‍ണായക സ്വര്‍ണം സ്വന്തമാക്കിയത്. ഒഡിഷയുടെ പുത്രി പൂര്‍ണിമ ഹെംബ്റാം വെങ്കലം നേടി (5798 പോയൻറ്). 2015ല്‍ മെഡലുണ്ടായിരുന്ന ലിക്സി ജോസഫ് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. പുരുഷന്മാരുടെ 10,000 മീറ്ററില്‍ 29 മിനിറ്റ് 55. 87 സെക്കന്‍ഡിലാണ് ലക്ഷ്മണിെൻറ ഗോള്‍ഡന്‍ ഡബ്ൾ. 5000 മീറ്റര്‍ പോലെ ആവേശമുണര്ത്തിയായിരുന്നു ഈ തമിഴ്നാട്ടുകാരെൻറ ഓട്ടം. ദക്ഷിണേഷ്യന്‍ ഗെയിംസ് ചാമ്പ്യനും മലയാളി താരവുമായ ടി. ഗോപിക്കാണ് വെള്ളി (29 മിനിറ്റ് 58.89 സെക്കന്‍ഡ്).
ജിസ്നയുടെ മികവില്‍ റിലേ ടീം
4-x400 മീറ്ററിലെ ഇരുവിഭാഗം റിലേയിലും ആതിഥേയര്‍ എതിരാളികളെ വാഴാന്‍ അനുവദിച്ചില്ല. വനിതകളില്‍ മൂന്നാം ലാപ്പില്‍ ഓടിയ ജിസ്ന മാത്യുവാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. തുടര്‍ന്ന് ആങ്കര്‍ ലാപ്പില്‍ നിര്‍മല അനായാസം ഫിനിഷ് ചെയ്്തു (മൂന്നു മിനിറ്റ് 31.34 സെക്കന്‍ഡ്). ദേബശ്രീ മജുംദാർ, എം.ആര്. പൂവമ്മ എന്നിവരായിരുന്നു സഹതാരങ്ങൾ. 4x-400 മീറ്റര്‍ പുരുഷ റിലേ ടീമില്‍ ആരോക്യ രാജീവും മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞിമുഹമ്മദ്, അമോജ് ജേക്കബ് എന്നിവരുമാണ് സ്വര്‍ണം കൈമാറിയെടുത്തത്. സമയം: മൂന്നു മിനിറ്റ് 02.92 സെക്കന്‍ഡ്.
കസാഖ്സ്താെൻറ വിക്ടോറിയ സ്യാബ്കിന സ്പ്രിൻറ് ഡബ്ളിനര്ഹയായി. വനിതകളുടെ 200 മീറ്ററില്‍ 23.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വിക്ടോറിയ തുടര്‍ച്ചയായി മൂന്നാം വട്ടവും 200 മീറ്ററില്‍ ജേത്രിയായത്. ഇന്ത്യയുടെ ദ്യുതി ചന്ദ് നാലും ശ്രാബനി നന്ദ അഞ്ചും സ്ഥാനത്തായി. പുരുഷന്മാരുടെ 200 മീറ്ററില്‍ ചൈനീസ് തായ്പേയിയുടെ യാങ് ചുന്‍ ഹാനിനാണ് സ്വര്‍ണം (20.66 സെക്കന്‍ഡ്). കൊറിയയുടെ പാര്‍ക് ബോങ്ങിനാണ് രണ്ടാം സ്ഥാനം. സമയം: 20.76 സെക്കന്‍ഡ്. വനിതകളുടെ 10,000 മീറ്ററില്‍ ജയിച്ച കിര്ഗിസ്താെൻറ ദാരിയ മസ്ലോവ രണ്ടാം സ്വര്‍ണം ഒാടിയെടുത്തു.
ഇനി ദോഹയില്‍
23ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാകും. 2019 ജൂലൈയിലാകും മത്സരങ്ങൾ. ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിച്ച മീറ്റായിരുന്നു ഇതെന്ന്് അത്ലറ്റിക്സ് ഫെഡറേഷന് ഒാഫ് ഇന്ത്യ (എ.എഫ്.ഐ) സെക്രട്ടറി ജനറല്‍ സി.കെ. വത്സന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഫലസ്തീൻ, ബ്രൂണെ, ബഹ്റൈന്‍ എന്നിവരൊഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ചാമ്പ്യന്ഷിപ്പിനെത്തിയതായി അദ്ദേഹം അറിയിച്ചു. സമാപനച്ചടങ്ങുകള്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.