ഭുവനേശ്വര്‍: മൂന്നാം ദിനം സ്വര്‍ണനേട്ടം ഒന്നിലൊതുങ്ങിയെങ്കിലും ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയര്‍ കിരീടത്തിനരികെ. ചാമ്പ്യന്‍ഷിപ് ഇന്ന് അവസാനിക്കാനിരിക്കേ ഏഴു സ്വര്‍ണവും നാലു വെള്ളിയും ഒമ്പതു വെങ്കലവുമായാണ് ഇന്ത്യ വിജയകിരീടം ഏറക്കുറെ ഉറപ്പാക്കിയത്. ശനിയാഴ്ച വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്്ള്ചേസില് സുധ സിങ് സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മലയാളിതാരം അനു രാഘവന് വെള്ളിയും നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ എം.പി. ജാബിറും വനിതകളുടെ ട്രിപ്ള്‍ ജംപില്‍ എന്‍.വി. ഷീനയും മൂന്നാംസ്ഥാനക്കാരായി കലിംഗയില്‍ തിളക്കമേറിയ മലയാളി സാന്നിധ്യമായി. വനിതകളുടെ സ്പ്രിൻറ് റിലേയില്‍ മെര്ലിന് ജോസഫുള്പ്പെട്ട ഇന്ത്യന്‍ ടീമിന് വെങ്കലമുണ്ട്.
ഒമ്പതു മിനിറ്റ് 59.47 സെക്കന്‍ഡ് സമയത്തോടെയാണ് സുധ സ്വര്‍ണം നേടിയത്. സഹതാരം പാറുള്‍ ചൗധരി നാലാമതായി. ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയ സുധ സിങ്ങിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഒന്നാംസ്ഥാനമാണിത്. 2009ലും 13ലും വെള്ളി നേടിയിരുന്നു. റിയോ ഒളിമ്പിക്സിനുശേഷം പക്ഷിപ്പനി പിടിപെട്ട് അല്പകാലം ട്രാക്കിന് പുറത്തായിരുന്ന സുധയുടെ ഗംഭീര തിരിച്ചുവരവാണിത്. പുരുഷ വിഭാഗത്തില്‍ ഇറാെൻറ ഹുസൈന് കെഹ്യാനിക്കാണ് സ്വര്‍ണം. സമയം: എട്ടു മിനിറ്റ് 43.82 സെക്കന്‍ഡ്.
വനിതകളുടെ 400 മീറ്ററില്‍ പാലക്കാട് നെന്മാറ സ്വദേശിനി അനു രാഘവന് ജപ്പാെൻറ മനാമി കിരയടക്കമുള്ള താരങ്ങളെ മറികടന്നാണ് രണ്ടാം സ്ഥാനക്കാരിയായത്. സമയം: 57.22 സെക്കന്‍ഡ്. വിയറ്റ്നാമിെൻറ എന്‍ഗുയെന്‍ തിക്കാണ് സ്വര്‍ണം (56.14 സെ.) വനംവകുപ്പില്‍ സൂപ്രണ്ടായ അനുവിെൻറ ആദ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് മെഡലാണ്. റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അകാരണമായി പുറത്താക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി അനുവിെൻറ വെള്ളിത്തിളക്കം. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 50.22 സെക്കന്‍ഡിലാണ് മലപ്പുറം മുടിക്കോട് സ്വദേശിയായ ജാബിര്‍ മൂന്നാമനായത്. ഫിലിപ്പീന്സിെൻറ എറിക് ഷോണിനാണ് സ്വര്‍ണം (49.57 സെ.)വനിതകളുടെ ട്രിപ്ള്‍ജംപില്‍ 13.42 മീറ്ററാണ് മലയാളി താരം എന്‍.വി. ഷീന വെങ്കലത്തിലേക്ക് താണ്ടിയത്. കസാഖ്സ്താെൻറ മരിയ ഒവ്ഷിനിക്കോവ (13.72 മീറ്റര്‍) സ്വര്‍ണവും ഐറിന എക്തോവ (13.62 മീറ്റര്‍) വെള്ളിയും നേടി. ഫെഡറേഷന്‍സ് കപ്പില്‍ കഴിഞ്ഞ മാസം ഷീനക്കായിരുന്നു സ്വര്‍ണം. തൃശൂര്‍ ചേലക്കര സ്വദേശിനിയാണ്. 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കുവൈത്തിെൻറ അല്‍ മന്ദില് സ്വര്‍ണവും യാക്കൂബ് വെള്ളിയും നേടി. 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കൊറിയയുടെ ജംഗ് ഹെയ്ലിമ്മാണ് ജേത്രി. ഹൈജംപിൽ കൊറിയയുടെ വൂ സംഗിയോകിനാണ് സ്വര്‍ണം (2.30 മീറ്റർ). ചൈനയുടെ ഷാങ് ഗുയോവെയ് 2.28 മീറ്ററോടെ വെള്ളിയണിഞ്ഞു. സിറിയക്കാരനായ മജീദ് അല്‍ദിന്‍ ഗസല്‍ മൂന്നാം സ്ഥാനവുമായി ൈകയടി നേടി. (2.24 മീറ്റര്‍). പുരുഷന്മാരുടെ സ്പ്രിൻറ് റിലേ സ്വര്‍ണം ചൈന നേടി.
ആർ. അനു (400മീ ഹർഡ്ൽസ് വെള്ളി), എം.പി ജാബിർ (400മീ ഹർഡ്ൽസ് വെങ്കലം), എൻ.വി ഷീന (ട്രിപ്പ്ൾ ജംപ്, വെങ്കലം)
പകിട്ടു കുറക്കാതെ ഒളിമ്പിക്സ് ജേതാവ് റിയോ ഒളിമ്പിക്സില്‍ ഹാമര്‍ത്രോയില്‍ സ്വര്‍ണം നേടിയ തജികിസ്താെൻറ ദില്‍ഷോദ് നസറോവ് കലിംഗയിലും കരുത്തുകാട്ടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍താരമായ നസറോവ് 76.69 മീറ്റര്‍ എറിഞ്ഞാണ് നാലാം സ്വര്‍ണം കൈവരിച്ചത്. ചൈനയുടെ വാങ് ഷിഷുവിനാണ് വെള്ളി (73.81 മീറ്റര്‍). 78.68 മീറ്ററായിരുന്നു റിയോയില്‍ നസറോവിെൻറ ദൂരം. ആറ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 34കാരനായ നസറോവിെൻറ ഏഴാം മെഡലാണ് കലിംഗയില്‍ പിറന്നത്. ഏഷ്യന്‍ ഗെയിംസില്‍ മൂന്നു തവണ ജേതാവായിരുന്നു. പുരുഷന്മാരുടെ 100 മീറ്ററില്‍ ഖൈറുല്‍ ഹാഫിസിനെ ഫൗൾസ്റ്റാര്ട്ടിെൻറ പേരില്‍ കഴിഞ്ഞ ദിവസം അയോഗ്യനാക്കിയതിനെതിരെ മലേഷ്യന്‍ ടീം നല്കിയ അപ്പീല്‍ സംഘാടകര്‍ തള്ളി. ഫൈനലില്‍ മൂന്നാം െലെനില്‍ ഓടിയ ഖൈറുലും അഞ്ചാം െലെനിലുണ്ടായിരുന്ന താങ് സിങ് ക്വിയാങ്ങും അയോഗ്യനായിരുന്നു.
ഇന്ന് സമാപനം ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച സമാപനമാവും. അവസാനദിനം 12 ഫൈനലുകള്‍ നടക്കും. വൈകീട്ട് 5.10ന് വനിതകളുടെ പോൾവാള്ട്ടോടെയാണ് ഫൈനലുകള്‍ തുടങ്ങുക. വനിതകളുടെയും പുരുഷന്മാരുടെയും 4-400 മീറ്റര്‍ റിലേയാണ് അവസാന ഇനങ്ങള്‍. വനിതകളില്‍ ടിൻറു ലൂക്ക രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ന് ഫൈനലിലിറങ്ങും. പുരുഷന്മാരുടെ 800 മീറ്ററില്‍ നിലവിലെ വെള്ളിമെഡല്‍ ജേതാവ് ജിന്സണ് ജോണ്സണ് ഫൈനലിലെത്തി. ജാവലിന്‍ത്രോയില്‍ സ്വര്‍ണ പ്രതീക്ഷയായ നീരജ് ചോപ്രക്കും ഇന്ന് മത്സരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.