ലഖ്നോ: 56ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വപ്നത്തുടക്കം. അഞ്ച് ഫൈനലുകള്‍ നടന്ന ആദ്യ ദിനത്തില്‍ സുവര്‍ണ നേട്ടവുമായി മെഡല്‍ പട്ടികയില്‍ ഇടംപിടിച്ച് കേരളം ലഖ്നോ സായി സെന്‍ററിലെ സിന്തറ്റിക് ട്രാക്കില്‍ മിന്നിത്തിളങ്ങി. വനിതകളുടെ ഹൈജംപില്‍ ദേശീയ റെക്കോഡിന് ഉടമകൂടിയായ സഹന കുമാരിയെ അട്ടിമറിച്ച് കോട്ടയം പാല അല്‍ഫോണ്‍സ കോളജ് വിദ്യാര്‍ഥി ജിനു മരിയ മാനുവലാണ് ആദ്യ ദിനത്തില്‍ കേരളത്തിന്‍െറ സ്വര്‍ണമായി മാറിയത്. 1.82 മീറ്ററാണ് ജിനുവിന്‍െറ പ്രകടനം. റെയില്‍വേക്ക് വേണ്ടി മത്സരിച്ച മലയാളി താരങ്ങളായ വി. നീനയും എം.എ. പ്രജുഷയും ലോങ്ജംപില്‍ യഥാക്രമം സ്വര്‍ണവും വെള്ളിയുമണിഞ്ഞു. ആറ് മലയാളി താരങ്ങള്‍ മത്സരിച്ച ലോങ് ജംപില്‍ തമിഴ്നാടിന്‍െറ കാര്‍ത്തികക്കാണ് വെങ്കലം.

ആദ്യ ദിനത്തില്‍ അഞ്ച് ഫൈനല്‍ അവസാനിച്ചപ്പോള്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയുമായി 44 പോയന്‍േറാടെ റെയില്‍വേ കുതിപ്പ് തുടങ്ങി. കേരളത്തിന് പുറമെ സര്‍വിസസ്, ഒ.എന്‍.ജി.സി എന്നിവരും ഓരോ സ്വര്‍ണമണിഞ്ഞു. ഓവറോള്‍ പട്ടികയില്‍ ഒ.എന്‍.ജി.സിക്ക് 19ഉം, സര്‍വിസസിന് 16ഉം, കേരളത്തിന് 8.5ഉം പോയന്‍റാണുള്ളത്. ചൊവ്വാഴ്ച രാവിലെ നടന്ന 5000 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ സര്‍വിസസിന്‍െറ ജി. ലക്ഷ്മണ്‍ (14മി 16.07സെ) സ്വര്‍ണം നേടി. റെയില്‍വേയുടെ സചിന്‍ പാട്ടില്‍, അഭിഷേക് പാല്‍ എന്നിവര്‍ക്കാണ് വെള്ളിയും വെങ്കലവും. വനിതാ വിഭാഗത്തില്‍ റെയില്‍വേയുടെ തമിഴ്നാട് താരം എല്‍. സൂര്യക്കാണ്  (16മി: 05.90സെ) സ്വര്‍ണം.

സഞ്ജീവനി യാദവ് വെള്ളിയും മോണിക അതാരെ വെങ്കലവും നേടി. കേരളത്തിന്‍െറ കെ.കെ. വിദ്യ ഒമ്പതാമതാണ് ഫിനിഷ് ചെയ്തത്. ഷോട്ട്പുട്ടില്‍ മുന്‍ ദേശീയ റെക്കോഡിനുടമ ഒ.എന്‍.ജി.സിയുടെ ഓംപ്രകാശ് സിങ്ങിനാണ് സ്വര്‍ണം (18.55മീ). വനിതകളുടെ ഹാമര്‍ത്രോ മത്സരം വെളിച്ചക്കുറവിനെ തുടര്‍ന്ന് പാതിവഴിയില്‍ അവസാനിപ്പിച്ചു. കേരളത്തിന്‍െറ ആതിര മുരളീധരന്‍ ഫൈനല്‍ റൗണ്ടില്‍ കടന്നു.പുരുഷ വിഭാഗം ഹൈജംപില്‍ മലയാളി താരം ശ്രീനിത് മോഹന്‍ ഫൈനലില്‍ ഇടം നേടി. ഷഹര്‍ബാന സിദ്ദീഖ് (400മീ), പി.യു. ചിത്ര (1500) എന്നിവര്‍ ബുധനാഴ്ച ഫൈനലില്‍ ട്രാക്കിലിറങ്ങും. 100 മീറ്റര്‍ സെമിയില്‍ അനുരൂപ് ജോണും മത്സരിക്കും. ഫൈനലും ബുധനാഴ്ചയാണ്.

ജിനു മരിയ, ബോബിക്കൊരു പിന്‍ഗാമി 

സായി സെന്‍ററിലെ ചുവന്ന ട്രാക്കിനു നടുവില്‍ ഹൈജംപിലെ അട്ടിമറി സ്വര്‍ണനേട്ടത്തിന്‍െറ ആവേശത്തിലായിരുന്നു ഇന്ത്യയുടെ പുതു ചാമ്പ്യന്‍ ജിനു മരിയ മാനുവല്‍. സ്വര്‍ണമുറപ്പിച്ച് മിനിറ്റുകള്‍ക്കകം ടീം മാനേജര്‍ രാജീവിന്‍െറ മൊബൈലില്‍ കേരളത്തില്‍ നിന്നും വിളിയത്തെി. മറുതലക്കല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹൈജംപര്‍ ബോബി അലോഷ്യസ്. തനിക്കുശേഷം കേരളത്തില്‍ നിന്ന് ഉദിച്ചുയര്‍ന്ന ചാട്ടക്കാരിക്ക് അഭിനന്ദനമറിയിക്കാനായിരുന്നു ബോബിയുടെ വിളി. പിറ്റിലെ റോള്‍മോഡലിന്‍െറ അഭിനന്ദനങ്ങള്‍ക്ക് മുന്നില്‍ ജിനുവിന്‍െറ വാക്കുകള്‍ മുറിഞ്ഞു. ‘താങ്ക്യൂ മാഡം...’ രണ്ടു വാക്കിലൊതുങ്ങി എല്ലാം.

ജംപിങ് പിറ്റില്‍ സൂപ്പര്‍ ജംപര്‍മാരായ സഹന കുമാരിയെയും സ്വപ്ന ബര്‍മനെയും അട്ടിമറിച്ച ജിനു, ബോബിക്ക് ശേഷം 1.80 മീറ്ററിനു മുകളില്‍ ചാടുന്ന ആദ്യ മലയാളി താരവുമായി. കര്‍ണാടകക്കുവേണ്ടി മത്സരിച്ച സഹനയിലും, റെയില്‍വേയുടെ സ്വപ്നയിലും ശ്രദ്ധകേന്ദ്രീകരിച്ച പോരാട്ടമാണ് നേരം ഇരുട്ടുമ്പോഴേക്കും ജിനുവിന്‍േറതായി മാറിയത്. മലയാളി താരം 1.82 മീറ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ ചാടിയപ്പോള്‍ സ്വപ്നക്കും സഹനക്കും ഈ ഉയരം താണ്ടാനായില്ല. സഹന വെള്ളിയും സ്വപ്ന വെങ്കലവും നേടി. 1.77 മീറ്ററാണ് ഇരുവരും താണ്ടിയ ഉയരം. കേരളത്തിന്‍െറ  എയ്ഞ്ചല്‍ പി. ദേവസ്യ (1.71മീ) അഞ്ചാമതായി. പോത്താനിക്കാട്ട് പനച്ചിക്കവയല്‍ മാണി-ഡോളി ദമ്പതികളുടെ മകളായ ജിനു എം.എ പരീക്ഷയും കഴിഞ്ഞാണ് മീറ്റിനത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT