കൊള്ളസംഘം തട്ടിക്കൊണ്ടുപോയ മെക്സികന്‍ ദേശീയ ടീമംഗത്തെ മോചിപ്പിച്ചു

മെക്സികോ സിറ്റി: മയക്കുമരുന്ന്-കൊള്ളസംഘങ്ങളുടെ താവളമായ മെക്സികോയില്‍ ദേശീയ ഫുട്ബാള്‍ ടീമംഗത്തിനും രക്ഷയില്ല. ശനിയാഴ്ച രാത്രിയില്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ലോകകപ്പ് താരവും ഗ്രീക് ക്ളബ് ഒളിമ്പിയാകോസ് സ്ട്രൈക്കറുമായ അലന്‍ പുലിഡോയെ മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ മെക്സികന്‍ പൊലീസ് മോചിപ്പിച്ചു. മയക്കുമരുന്ന് സംഘങ്ങളുടെ വിഹാരകേന്ദ്രമായ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെ തമോലിപാസില്‍ വെച്ചാണ് ശനിയാഴ്ച രാത്രിയില്‍ ആയുധധാരികളായ ഒരു സംഘം താരത്തെ തട്ടിക്കൊണ്ടുപോയത്.

കാമുകിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി അലന്‍ പുലിഡോയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കടന്നുകളയുകയായിരുന്നു. കാമുകിയെ കൈകള്‍ ബന്ധിപ്പിച്ച നിലയില്‍ കാറില്‍ ഉപേക്ഷിക്കുകയും ചെയ്തു. ദേശീയ ടീമംഗത്തെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പരന്നതോടെ സര്‍ക്കാറും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മോചനദ്രവ്യം നല്‍കിയാണ് താരത്തെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് വെളിപ്പെടുത്തിയില്ല.

മയക്കുമരുന്ന് സംഘങ്ങള്‍ വഴുന്ന മെക്സികോയിലെ പല അതിര്‍ത്തി നഗരങ്ങളിലും തട്ടിക്കൊണ്ടുപോകലും കൊള്ളയും കൊലയും വ്യാപകമാണ്. പ്രതിവര്‍ഷം 1000ത്തിലേറെ പേരെ തട്ടിക്കൊണ്ടുപോവുന്നുവെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിനെക്കാള്‍ പത്ത് മടങ്ങാണ് കണക്കെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്സികോക്കുവേണ്ടി ആറ് ദേശീയ മത്സരങ്ങള്‍ കളിച്ച അലന്‍ പുലിഡോ 2015 ജൂലൈയിലാണ് ഒളിമ്പിയാകോസിലത്തെിയത്.
തോക്കിന്‍മുനയില്‍ മരണം മുന്നില്‍കണ്ട് നിന്ന മണിക്കൂറുകളെ കുറിച്ച് പ്രതികരിക്കാന്‍ പുലിഡോ തയാറായില്ല. ‘ദൈവത്തിനു നന്ദി, എനിക്ക് കുഴപ്പമൊന്നുമില്ല’ -എന്നായിരുന്നു മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT