????? ?????? ?????????? ????????? ???????? ?????????????? ???? ???

ദേശീയ യൂത്ത് മീറ്റ്: കേരളത്തിന് അഞ്ചാം കിരീടം

തേഞ്ഞിപ്പലം: എല്ലാവരെയും കൊതിപ്പിച്ച് കേരളം കടന്നുകളഞ്ഞു. പിന്‍സീറ്റിലിരുന്ന രണ്ടര ദിവസത്തെ ക്ഷീണമത്രയും അവസാന രണ്ടര മണിക്കൂറില്‍ ഓടിത്തീര്‍ത്ത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ കേരളം പൊന്നണിഞ്ഞു. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് തുടര്‍ച്ചയായ അഞ്ചാം കിരീടം തേടി നാട്ടുകാര്‍ക്ക് മുന്നില്‍ ട്രാക്കിലിറങ്ങിയ ആതിഥേയര്‍, തമിഴ്നാടിനെയും ഉത്തര്‍പ്രദേശിനെയും ഹരിയാനയെയും കൊതിപ്പിച്ചശേഷമാണ് കപ്പുയര്‍ത്തിയത്. മെഡല്‍നിലയിലെ ചാഞ്ചാട്ടം അവസാനിപ്പിച്ച് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 156 പോയന്‍റുമായി കേരളം പട്ടികയുടെ മുകളില്‍ ഇടംപിടിച്ചു. ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവും കേരളകൗമാരം വാരിക്കൂട്ടി. 114 പോയന്‍റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 95 പോയന്‍റുമായി ഹരിയാന മൂന്നാമതുമത്തെി. ആദ്യ രണ്ടു ദിവസം മുന്നിട്ടുനിന്ന ഉത്തര്‍പ്രദേശ് 78 പോയന്‍റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ദിവസത്തെ ഏക ദേശീയ റെക്കോഡ് കേരളത്തിന്‍െറ നിവ്യ ആന്‍റണിയുടെ പേരില്‍ എഴുതി. പി.ടി. ഉഷയുടെ ശിഷ്യകളായ ജിസ്ന മാത്യുവും അബിത മേരി മാനുവലും ഉള്‍പ്പെടെ അഞ്ചു പേര്‍കൂടി മീറ്റ് റെക്കോഡ് തിരുത്തി. ജിസ്നക്കും നിവ്യക്കും പുറമെ അര്‍ഷിദയും റാഷിദും തങ്കമണിഞ്ഞു. ജിസ്നയും ശ്രീശങ്കറും മേളയുടെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.  

പൊന്നണിഞ്ഞ് പെണ്‍കരുത്ത്
പതിവ് തെറ്റിയില്ല. ആണ്‍കുട്ടികള്‍ക്ക് കാലിടറിയപ്പോഴെല്ലാം തുണയായി പെണ്‍കരുത്ത് ഒപ്പംനിന്നു. അവസാന ദിനവും ഇതിന് മാറ്റമുണ്ടായില്ല. കേരളം നേടിയ 156 പോയന്‍റില്‍ 104ഉം പെണ്‍കുട്ടികളുടെ അധ്വാനമായിരുന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 87 പോയന്‍റ് നേടിയ ഹരിയാനക്കു പിന്നിലാണ്  കേരളം.

400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മൂന്നാം സ്ഥാനത്തുനിന്ന് അവസാന സെക്കന്‍ഡില്‍ കുതിച്ചത്തെി സ്വര്‍ണവുമായി മുങ്ങിയ എസ്. അര്‍ഷിദയാണ് പെണ്‍കുട്ടികള്‍ക്കുവേണ്ടി അക്കൗണ്ട് ഓപണ്‍ ചെയ്തത്. അതുവരെ മുന്നിട്ടുനിന്ന അബിഗെയ്ല്‍ ആരോഗ്യനാഥന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനിടയില്‍ ട്രിപ്ള്‍ ജംപ് പിറ്റില്‍നിന്ന് വെള്ളിയും വെങ്കലവുമത്തെി. 12.29 വീതം ചാടി ആല്‍ഫി ലൂക്കോസും ലിസബത്ത് കരോളിനുമാണ് കേരളത്തിന് നല്ലവാര്‍ത്തയത്തെിച്ചത്. മഴയത്തെുംമുമ്പേ റിലേ ട്രാക്കിലേക്കിറങ്ങിയ പെണ്‍പട സ്വര്‍ണവുമായാണ് കരക്കു കയറിയത്. മൃദുല, നിബ, അര്‍ഷിദ, അബിഗെയ്ല്‍ എന്നിവരുടെ സംഘം ഒപ്പത്തിനൊപ്പം പിടിച്ചപ്പോള്‍ 2.19.35 മിനിറ്റില്‍ മലയാള സംഘം ഫിനിഷ് ചെയ്തു. ഇതിനിടെ, 800 മീറ്ററില്‍ കേരളം എന്‍ട്രി നിഷേധിച്ച അബിത മേരി മാനുവല്‍ (2:10.52 മിനിറ്റ്) മീറ്റ് റെക്കോഡോടെ അത്ലറ്റിക് ഫെഡറേഷന്‍െറ അക്കൗണ്ടില്‍ സ്വര്‍ണമത്തെിച്ചു.

അവസാന ഇനമായ 400 മീറ്ററില്‍ മഴയെ കൂട്ടുപിടിച്ച് ജിസ്നയുടെ റെക്കോഡ് സ്വര്‍ണംകൂടി എത്തിയതോടെ കേരളത്തിന്‍െറ മെഡല്‍പട്ടിക പൂര്‍ത്തിയായി. ആണ്‍കുട്ടികളുടെ മാനം കാത്ത് സ്വര്‍ണമടിച്ചത് എ. റാഷിദാണ്. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 53.74 സെക്കന്‍ഡിലായിരുന്നു റാഷിദിന്‍െറ ഫിനിഷ്. 1.57.71 സെക്കന്‍ഡില്‍ ആണ്‍കുട്ടികളുടെ റിലേ ടീം വെള്ളി പിടിച്ചതാണ് മറ്റൊരു നേട്ടം. 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ പഞ്ചാബിന്‍െറ പ്രിയങ്കയും ഡല്‍ഹിയുടെ രാജ് കുമാറും മീറ്റ് റെക്കോഡ് തിരുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT