ദേശീയ സീനിയര്‍ അത് ലറ്റിക് മീറ്റ് പൊന്നിലേക്ക് ചാടി നീന, പ്രജുഷക്ക് വെള്ളി

ഹൈദരാബാദ്: ലോങ്ജംപില്‍ കോഴിക്കോട്ടുകാരി വി. നീനയുടെ കരിയറിലെ മികച്ച ചാട്ടത്തിലൂടെ 56ാമത് ദേശീയ സീനിയര്‍ (ഇന്‍റര്‍സ്റ്റേറ്റ്) അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ലോങ്ജംപില്‍ 6.45 മീറ്റര്‍ താണ്ടിയാണ് നീന കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിച്ചത്.
കേരളത്തിന്‍െറ തന്നെ എം.എ. പ്രജുഷ 6.29 മീറ്റര്‍ ചാടി വെള്ളി നേടി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരിയായ മഹാരാഷ്ട്രയുടെ ശ്രദ്ധ ഗുലെക്കാണ് വെങ്കലം (5.98 മീറ്റര്‍). വനിതകളുടെ  ഹാമര്‍ത്രോയില്‍ കേരളത്തിന്‍െറ ആതിര മുരളീധരന്‍ വെങ്കല മെഡലണിഞ്ഞു.പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ പ്രജുഷയുടെ ഭര്‍ത്താവ് കെ.പി.ബിമിന്‍ (4.70 മീറ്റര്‍ വെലം നേടി. 48.52 മീറ്റര്‍ എറിഞ്ഞാണ് ആതിര മൂന്നാം സ്ഥാനത്തത്തെിയത്. ആദ്യ ദിനം ആര്‍ക്കും ഒളിമ്പിക്സ് യോഗ്യത നേടാനായില്ല. കേരളത്തിന് 20 പോയിന്‍റ് ആണുള്ളത്.
ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ വൈകീട്ട് നടന്ന ലോങ്ജംപില്‍ പ്രജുഷയും നീനയും തമ്മിലായിരുന്നു പ്രധാന മത്സരം. ആദ്യ ശ്രമത്തില്‍ നീന 5.88 മീറ്റര്‍ ചാടിയപ്പോള്‍ പ്രജുഷ താണ്ടിയത് 6.05 മീറ്റര്‍. നാലാമത്തെ ശ്രമത്തിലാണ്  6.45 എന്ന കരിയര്‍ ബെസ്റ്റ് ദൂരം ഈ റെയില്‍വേ ജീവനക്കാരി പിന്നിട്ടത്. മികച്ച  പ്രകടനം നടത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നീന പറഞ്ഞു.  6.33 മീറ്റര്‍ ചാടിയാണ് ചെന്നൈയില്‍ നടന്ന കഴിഞ്ഞ സീനിയര്‍ മീറ്റില്‍ നീന സ്വര്‍ണം നേടിയത്. തിരുവനന്തപുരത്ത് ദേശീയ ഗെയിംസില്‍ താണ്ടിയ 6.39 മീറ്ററായിരുന്നു ഇതുവരെയുള്ള മികച്ച ദൂരം. മുമ്പ് ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണം നേടി ശ്രദ്ധ നേടിയ നീന പിന്നീട് പ്രജുഷക്കൊപ്പമാണ് പരിശീലിച്ചിരുന്നത്. എം.എ. ജോര്‍ജായിരുന്നു ഇരുവരുടെയും കോച്ച്. ഇന്ത്യന്‍ ക്യാമ്പില്‍ ബെഡ്രോസ് ബെഡ്രോസിയനായിരുന്നു പരിശീലകന്‍. മറ്റ് ചില താരങ്ങളുമായി ഇദ്ദേഹം വിദേശത്തായതിനാല്‍ നീനയെയും പ്രജുഷയെയും നേവിയുടെ ദിപു മാത്യുവാണ് ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്.
വനിതകളുടെ ഹാമര്‍ത്രോയില്‍ പഞ്ചാബിന്‍െറ മന്‍പ്രീത് കൗര്‍ ജൂനിയര്‍ 16.78 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. നാട്ടുകാരിയായ നവജീത് കൗറിനാണ് വെള്ളി (15.36 മീറ്റര്‍). ഹാമര്‍ത്രോയില്‍ യു.പിയുടെ സരിത പ്രകാശ് സിങ് സ്വര്‍ണവും ഹരിയാനയുടെ റീന വെള്ളിയും സ്വന്തമാക്കി.
തമിഴകത്തിനായി  രണ്ട് സ്വര്‍ണം വിരിയുന്നത് കണ്ടാണ് മീറ്റിന്‍െറ ആദ്യദിനം പുലര്‍ന്നത്. ജേതാക്കളായെങ്കിലും വനിതകളുടെ 10000 മീറ്ററില്‍ എല്‍. സൂര്യക്കും പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി. ലക്ഷ്മണും ഒളിമ്പിക് യോഗ്യത നേടാനായില്ല. രാവിലെ 5.30ന് തുടങ്ങിയ വനിതകളുടെ 10000 മീറ്ററില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ തമിഴ്നാട്ടുകാരി എല്‍. സൂര്യ ജേത്രിയായി. 33 മിനിറ്റ് 27.01 സെക്കന്‍ഡിലായിരുന്നു  സ്വര്‍ണം നിലനിര്‍ത്തിയുള്ള റെയില്‍വേ താരത്തിന്‍െറ കുതിപ്പ്.
കൂടെ പരിശീലിക്കുന്ന മഹാരാഷ്ട്രയുടെ സ്വാതി ഗദാവെ വെള്ളിയും  (33:45.40 സെക്കന്‍ഡ്) സഞ്ജീവനി ജാദവ് വെങ്കലവും (33:54.77 സെക്കന്‍ഡ്) നേടി. കേരളത്തിന്‍െറ യു. നീതു ഏഴാമതും ഗീതു മോഹന്‍ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പരിശീലനത്തിനിടെ 32 മിനിറ്റ് 10 സെക്കന്‍ഡില്‍ സൂര്യ ഫിനിഷ് ചെയ്യാറുണ്ടെന്ന് കോച്ചും ഒളിമ്പ്യനുമായ സുരേന്ദ്ര സിങ് പറഞ്ഞു. ജി. ലക്ഷ്മണ്‍ 14 മിനിറ്റ് 06.04 സെക്കന്‍ഡിലാണ് 5000 മീറ്ററില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT