ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കയുടെ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്‍റെ ശിക്ഷ ഈയാഴ്ച പ്രഖ്യാപിക്കും. വർഷങ്ങളായി നീണ്ടുനിന്ന നിയമ യുദ്ധങ്ങൾക്കും നാടകീയമായ വഴിത്തിരിവുകൾക്കും ഒടുവിലാണ് പരമോന്നത ന്യായപീഠം ശിക്ഷ വിധിക്കുന്നത്. 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിസ്റ്റോറിയസ് ചെയ്തത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
2013 ഫെബ്രവരി 14ന് വാലന്‍റൈൻസ് ദിനത്തിൽ പുലര്‍ച്ചെയാണ് പിസ്‌റ്റോറിയസ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ വെടിവെച്ചു കൊന്നത്. എന്നാൽ മോഷ്ടാവാണെന്ന് കരുതി അബദ്ധത്തിൽ കാമുകിയെ വെടിവെക്കുകയായിരുന്നു എന്നായിരുന്നു പിസ്റ്റോറിയസിന്‍റെ വാദം. ഈ വാദം അംഗീകരിച്ച കീഴ്കോടതി നരഹത്യാക്കുറ്റം ചുമത്തി പിസ്‌റ്റോറിയസിനെ അഞ്ച് വർഷത്തെ തടവിന് വിധിക്കുകയായിരുന്നു. പിന്നീട് പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് മേൽക്കോടതി പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊല നടത്തണമെന്ന ഉദ്ദേശ്യത്തോടെ വെടിവെക്കുകയായിരുന്നു പിസ്റ്റോറിയസ് എന്ന് മേൽക്കോടതി വിധിച്ചു.
കാലുള്ളവർക്കൊപ്പം കൃത്രിമക്കാലുകളിൽ മത്സരിച്ച് ശ്രദ്ധ നേടിയ താരമാണ് പിസ്‌റ്റോറിയസ് . ഭിന്നശേഷിയുള്ളവർക്കായുള്ള പാരാ ഒളിംപിക്സിൽ ആറ് സ്വർണം നേടിയ താരമാണ്. ഇരുകാലുകളിലും മുട്ടിന് താഴേക്കില്ലാത്ത പിസ്‌റ്റോറിയസ് കാര്ബൺ ബ്ളേഡ് കൊണ്ടുള്ള ബ്‌ളേഡ് ഉപയോഗിച്ചാണ് മത്സരിക്കുന്നത്. ബ്‌ളേഡ് റണ്ണര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോൾ പ്രിട്ടോറിയയിലുള്ള അമ്മാവന്‍റെ വീട്ടിൽ വീട്ടുതടങ്കലിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.