അനന്തുവിന് വെങ്കലം; ഇന്ത്യക്ക് 12 മെഡലുകള്‍

തറബ്സന്‍ (തുര്‍ക്കി): ലോക സ്കൂള്‍ കായികമേളയുടെ അവസാന ദിനത്തില്‍ പിറന്ന മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യക്ക് ആകെ 12 മെഡലുകള്‍. ആണ്‍കുട്ടികളുടെ ഹൈജംപില്‍ വെങ്കലം നേടി കെ.എസ്. അനന്തു അവസാന ദിനത്തിലെ മലയാളി സാന്നിധ്യമായി. ഇതേയിനത്തില്‍ ഇന്ത്യയുടെതന്നെ ഷാനവാസ് ഖാനും വെങ്കലം ലഭിച്ചു. ക്രോസ് ബാറിന് മീതെ 1.96 മീറ്റര്‍ ഉയരം താണ്ടിയാണ് ഇരുവരും വെങ്കലം നേടിയത്.
1.99 മീറ്റര്‍ ചാടാനുള്ള അനന്തുവിന്‍െറ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. കോഴിക്കോട് ജനുവരിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 2.08 മീറ്റര്‍ ചാടി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയ അനന്തുവിന് പഴയ പ്രകടനം ആവര്‍ത്തിക്കാനായില്ല. 1.99 മീറ്റര്‍ ചാടിയ തുര്‍ക്കി താരത്തിനാണ് സ്വര്‍ണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് അനന്തു. ഗുരുവായൂര്‍ കുരുവള്ളി കെ.ആര്‍. ശശി-നിഷ ദമ്പതികളുടെ മകനാണ് അനന്തു. ഈ സ്കൂളിലെ കായികാധ്യാപകനായ പി. നെല്‍സണാണ് പരിശീലകന്‍.

പെണ്‍കുട്ടികളുടെ ട്രിപ്പ്ള്‍ജംപില്‍ തമിഴ്നാട് താരം എസ്. പ്രിയദര്‍ശിനിയും (12.66 മീ) ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ലോകേഷ് എസും (7.30 മീ) മിഡ്ലെ റിലേ ടീമും (പെണ്‍) അവസാന ദിനത്തില്‍ ഇന്ത്യക്കായി വെള്ളി നേടി. മെഡ്ലെ റിലേയില്‍ ആണ്‍കുട്ടികള്‍ വെങ്കലമണിഞ്ഞു.  സി. അജിത്കുമാര്‍, അക്ഷയ്കുമാര്‍, ശ്രീകാന്ത് ധനവന്ത്, മലയാളിതാരം അഭിഷേക് മാത്യു എന്നിവരടങ്ങിയ ടീം 4:31.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലമണിഞ്ഞത്.

രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമായാണ് അത്ലറ്റിക്സില്‍ ഇന്ത്യ 12 മെഡല്‍ നേടിയത്. പാലക്കാട് പറളി സ്കൂളിലെ പി.എന്‍.
അജിത്, കല്ലടി സ്കൂളിലെ നിവ്യ ആന്‍റണി എന്നീ മലയാളികളും മെഡലണിഞ്ഞിരുന്നു. തുര്‍ക്കിയില്‍ സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം താരങ്ങളുടെ പ്രകടനത്തെ ബാധിച്ചതായി ഇന്ത്യന്‍ ടീം ജനറല്‍ മാനേജറും ഫിസിക്കല്‍ എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ചാക്കോ ജോസഫ് വ്യക്തമാക്കി. ടീം തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT