കൊച്ചി: പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക് മീറ്റ് മറ്റന്നാള്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി ആകെ 1518 താരങ്ങള്‍ പങ്കെടുക്കുന്ന മീറ്റ് 24ന് സമാപിക്കും. 27 അംഗ ഇന്ത്യന്‍ ടീമില്‍ റിയോ ഒളിമ്പിക്സ് ടീമിലിടം നേടിയ ജിസ്ന മാത്യുവടക്കം ആറ് മലയാളികള്‍ ട്രാക്കിലിറങ്ങും. പരിശീലക സംഘത്തില്‍ പി.ടി ഉഷയുമുണ്ട്. ടീം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു. ജിസ്നക്ക് ഒളിമ്പിക്സിന് മുമ്പ് മികച്ച പ്രകടനത്തോടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലോക അത്ലറ്റിക് മീറ്റ്.
ഉഷ സ്കൂളിലെ ഷഹര്‍ബാന സിദ്ദീഖ്, അബിത മേരി മാനുവല്‍, മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ലിനറ്റ് ജോര്‍ജ്, പുരുഷതാരമായ മെയ്മോന്‍ പൗലോസ്, പാലാ സ്വദേശിയായ ഡല്‍ഹി മലയാളി അമോജ് ജേക്കബ് എന്നിവരാണ് ടീമിലെ മറ്റുമലയാളികള്‍. 4x100 മീറ്റര്‍ റിലേയിലാണ് ജിസ്നയും ഷഹര്‍ബാനയും ലിനറ്റും മാറ്റുരക്കുക. ഹര്‍ഡില്‍സ് താരമായ മെയ്മോന്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനഷ്ടം നികത്തുകയാണ് ലക്ഷ്യമിടുന്നത്. അബിത 800 മീറ്ററില്‍ മത്സരിക്കും. 400, റിലേ ടീമുകളിലാണ് അമോജ് മത്സരിക്കുന്നത്. ഇവര്‍ക്കു പുറമേ തമിഴ്നാട് താരം വി. ശുഭ, ബംഗാള്‍ താരം ലിലി ദാസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഉഷ സ്കൂളില്‍ നിന്ന് മൂന്നുപേര്‍ കേരളത്തില്‍നിന്ന് അഞ്ച് താരങ്ങള്‍ പോളണ്ടിലേക്ക് പറക്കുമ്പോള്‍ അഭിമാന നേട്ടത്തോടെ ഉഷ സ്കൂള്‍. അഞ്ചുപേരില്‍ മൂന്നുപേരും ഉഷ സ്കൂളിലെ താരങ്ങളാണ്. ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, 800 മീറ്റര്‍ താരം അബിത മേരി മാനുവല്‍ എന്നിവരാണ് വിമാനം കയറുന്നത്. ഇതില്‍ ഏറെ നേട്ടം ജിസ്ന മാത്യുവിനാണ്. കഴിഞ്ഞ മാസം വിയറ്റ്നാമില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണത്തോടെ ജിസ്ന ഫോം തെളിയിച്ചിരുന്നു.
ഹര്‍ഡില്‍സില്‍ വാഗ്ദാനമായ മെയ്മോന്‍ പൗലോസും പ്രതീക്ഷയിലാണ്. ഈ ഇനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുക എന്നത് വലിയ അവസരമാണെന്നും മത്സരം കടുക്കുമെങ്കിലും മെഡല്‍ പ്രതീക്ഷയുണ്ടെന്നും മെയ്മോന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. 22നാണ് ഫൈനല്‍.
ഏഷ്യന്‍ മീറ്റില്‍ വെങ്കലത്തിലൊതുങ്ങിയെങ്കിലും ഹൈദരാബാദില്‍ നടന്ന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം നടത്തിയാണ് അബിത പോളണ്ടിലേക്ക് പറക്കുന്നത്. ഹൈദരാബാദില്‍ 2:09.00 ആയിരുന്നു അബിതയുടെ സമയം. ബംഗാളില്‍നിന്നുള്ള ലിലി ദാസാണ് അബിതക്ക് പ്രധാന വെല്ലുവിളിയുയര്‍ത്തുക. 800 മീറ്ററില്‍ അബിതയേക്കാള്‍ മികച്ച സമയം ലിലിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.