കോഴിക്കോട്: റെക്കോഡുകള്‍ പെയ്തിറങ്ങിയ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ഒഴുകിയത്തെിയ കാണികളെ സാക്ഷിയാക്കി കേരളം ദേശീയ സ്കൂള്‍ മീറ്റിന്‍െറ മൂന്നാം നാള്‍ 10 സ്വര്‍ണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും കൂടി വാരിയെടുത്തു. ആകാശദൂരങ്ങളിലേക്ക് പറന്നുയര്‍ന്ന മരിയ ജെയ്സണും കെ.എസ്. അനന്തുവും ട്രാക്കില്‍ അസ്ത്രവേഗത്തില്‍ കുതിച്ച അബിത മേരി മാനുവലും അനുമോള്‍ തമ്പിയും സ്വര്‍ണ നേട്ടത്തിന് റെക്കോഡിന്‍െറ തിളക്കമേകിയ ഞായറാഴ്ച വേഗക്കാരുടെ പട്ടികയില്‍ ആതിഥേയര്‍ക്ക് ഇടംപിടിക്കാനായില്ല.
44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 20 സ്വര്‍ണവും 11 വെള്ളിയും ആറു വെങ്കലവുമടക്കം 139 പോയന്‍റ് നേടിയ ആതിഥേയര്‍ തുടര്‍ച്ചയായ 19ാം കിരീടത്തിലേക്ക് ബഹുദൂരം മുന്നേറി. നാലു സ്വര്‍ണവും മൂന്നു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പെടെ 36 പോയന്‍റുമായി മഹാരാഷ്ട്രയാണ് രണ്ടാമത്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ വെല്ലുവിളികളില്ലാതെ മത്സരിച്ച മരിയ സ്വന്തം റെക്കോഡ് തിരുത്തിയപ്പോള്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ അനന്തു പുതിയ ഉയരം കുറിച്ചു.
സ്പ്രിന്‍റില്‍ നിഷ്പ്രഭമായതിന്‍െറ നിരാശ 1500 മീറ്ററില്‍ തീര്‍ത്ത കേരളം നാലു സ്വര്‍ണവും മൂന്നു വെള്ളിയും ഓടിയെടുത്ത് ദീര്‍ഘദൂരത്തില്‍ മികവ് ആവര്‍ത്തിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ടറെക്കോഡിലേക്ക് കുതിച്ച അനുമോള്‍ തമ്പിക്കൊപ്പം സീനിയര്‍ വിഭാഗത്തില്‍ അബിതയും പുതിയ സമയമെഴുതി. ആണ്‍കുട്ടികളില്‍ സീനിയര്‍ വിഭാഗത്തില്‍ ബിനു ജോര്‍ജും ജൂനിയര്‍ വിഭാഗത്തില്‍ പി.എന്‍. അജിത്തും ഇരട്ട സ്വര്‍ണത്തിലേക്ക് കുതിച്ചു. രാവിലെ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. നീനയും ജൂനിയര്‍ വിഭാഗത്തില്‍ സാന്ദ്ര സുരേന്ദ്രനും സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ രുഗ്മ ഉദയനും സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കെ.ജി. ജെസനും ആതിഥേയരുടെ സ്വര്‍ണപ്പട്ടികയിലെ എണ്ണം കൂട്ടി. 100 മീറ്ററില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ കെ.എസ്. പ്രണവിന്‍െറ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി. ഡി. അഞ്ജലിയുടെ വെങ്കലവും മാത്രമാണാശ്വാസം. പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ എസ്. വൈദേഹിയും1500 മീറ്ററില്‍ കെ.ആര്‍. ആതിര, സുഗന്ധകുമാര്‍, സി. ബബിത എന്നിവരും വെള്ളി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ സത്യവാനാണ് ഞായറാഴ്ചത്തെ അഞ്ചാം റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.