നക്ഷത്രങ്ങള്‍ക്കിടയിലുണ്ട് കോഴിക്കോടിന്‍െറ റഹ്മാനിക്ക

കോഴിക്കോട് വീണ്ടും കായികാവേശത്തിലലിയുമ്പോള്‍ ഏഴാകാശത്തിനപ്പുറം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒത്തിരി സന്തോഷിക്കുന്ന ഒരാളുണ്ട്. ഒളിമ്പ്യന്‍ റഹ്മാന്‍ എന്ന മേല്‍വിലാസത്തില്‍ എല്ലാം ഒതുക്കുന്ന കോഴിക്കോടിന്‍െറ സ്വന്തം റഹ്മാനിക്ക. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫുട്ബാളര്‍മാരില്‍ ഒരാളായ ഒളിമ്പ്യന്‍ റഹ്മാന്‍െറ പേരില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ രാജ്യത്തിന്‍െറ കൗമാരതാരങ്ങള്‍ പുതിയ വേഗവും ദൂരവും തേടി പോരടിക്കുമ്പോള്‍ അതുതന്നെയാകും ആദ്യകാല സൂപ്പര്‍താരത്തിന് ലഭിക്കുന്ന വലിയ അംഗീകാരം. കോഴിക്കോടിന്‍െറ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു പ്രിയതാരത്തിനൊരു ഉചിത സ്മാരകമെന്നത്. 2002 ഡിസംബര്‍ 15ന് തന്‍െറ 68ാം വയസ്സില്‍ ഓര്‍മയായതിനു പിന്നാലെ നഗരം ഈ ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വേര്‍പാടിന്‍െറ 13ാം  വര്‍ഷത്തില്‍ മാത്രമേ ജന്മനാട് ഇതിഹാസപുത്രന് കൊതിച്ചപോലൊരു സ്മാരകം പണിതുള്ളൂ. 
സംസ്ഥാന-ദേശീയ സ്കൂള്‍ കായികമേളയും നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുമായി കോഴിക്കോട് കായികപ്രതാപത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നഗരത്തിന്‍െറ സ്വന്തം റഹ്മാനിക്കയും ഒപ്പമുണ്ട്. സംസ്ഥാന കായികമേളക്ക് ആതിഥേയരായി മികച്ച ട്രാക്കും ഫീല്‍ഡുമെന്ന് പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അടക്കമുള്ള ഒളിമ്പ്യന്മാരുടെ പ്രശംസനേടിയ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം തലയെടുപ്പോടെയാണ് ദേശീയ മീറ്റിനും വേദിയാകുന്നത്.
കോഴിക്കോട്ടെ കായികപ്രേമികളുടെ പോരാട്ടവിജയംകൂടിയാണ് സ്റ്റേഡിയത്തിന്‍െറ പേരില്‍ ഒളിമ്പ്യന്‍ റഹ്മാന്‍ എന്നുകൂടിയത്തെിയത്. 1956 മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ ഫുട്ബാളില്‍ സെമിഫൈനല്‍ വരെയത്തെിക്കുകയും കേരളത്തിനും ഇന്ത്യക്കും അന്താരാഷ്ട്ര ഫുട്ബാള്‍ ഭൂപടത്തില്‍ മേല്‍വിലാസം നല്‍കുകയും ചെയ്ത റഹ്മാന്‍ ഓര്‍മയായ നാള്‍ മുതല്‍ അതുല്യമായൊരു സ്മാരകം വേണമെന്ന് ആവശ്യമുയരുന്നുണ്ടായിരുന്നു. കോര്‍പറേഷന്‍ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോള്‍ ആവശ്യം ശക്തമായെങ്കിലും അധികാരവടംവലിയില്‍ തട്ടിത്തെറിച്ചു.
പക്ഷേ, കായികപ്രേമികളുടെ നിശ്ശബ്ദ പ്രചാരണങ്ങള്‍ക്ക് നാളുകള്‍ പഴകിയിട്ടും ആവേശം ചോര്‍ന്നില്ല. സംസ്ഥാന സര്‍ക്കാറിനെയും അധികാരകേന്ദ്രങ്ങളെയും അവര്‍ ഇടക്കിടെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിലാണ് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തെ ഒളിമ്പ്യന്‍ റഹ്മാന്‍ എന്ന് നാമകരണം ചെയ്തത്. ‘കോഴിക്കോട്ടെ ജനങ്ങളുടെ ആഗ്രഹവും പോരാട്ട വിജയവുമാണിത്. ‘പപ്പയില്‍’ ഞങ്ങളേക്കാള്‍ അവകാശം ഇവിടത്തെ ജനങ്ങള്‍ക്കാണ്. അവരുടെ തീവ്രസ്നേഹം ഇങ്ങനെ വിജയിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്’ -മുന്‍ ഫുട്ബാളര്‍കൂടിയായ മകന്‍ ഹാരിസ് റഹ്മാന്‍െറ വാക്കുകള്‍. 
21 വര്‍ഷത്തിനുശേഷം തിരിച്ചത്തെുന്ന നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഭാഗമായി നഗരമധ്യത്തില്‍ ഒളിമ്പ്യന്‍ റഹ്മാന്‍ സ്ക്വയര്‍ നിര്‍മിക്കാനുള്ള ആലോചനകളും സജീവമാകുന്നുണ്ട്. ഈ ദൗത്യത്തിന് പൂര്‍ണ പിന്തുണയുമായി കുടുംബവുമുണ്ട്. യൂനിവേഴ്സല്‍ സോക്കര്‍ സ്കൂള്‍, ഒളിമ്പ്യന്‍ റഹ്മാന്‍ പുരസ്കാരം എന്നിവക്കു പിന്നാലെ റഹ്മാനിക്കയുടെ സ്വന്തം സ്മരണകളിലേക്ക് കളിനഗരി സജീവമാവുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT