??????????? ?????? ?????? ???????????? ???????????????? ??????? ???????????? ?????????????????? ??????????????? ??????????

ദക്ഷിണേഷ്യന്‍ ഗെയിംസിന് നാളെ തുടക്കം

ഗുവാഹതി: കാത്തിരുന്ന് കാത്തിരുന്ന് കണ്ണു കഴച്ചതിനൊടുവില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ 12ാം പതിപ്പ് ഗുവാഹതിയിലും ഷില്ളോങ്ങിലും അരികിലത്തെി. ഇന്ത്യയുടെ അയല്‍ക്കാരും സാര്‍ക്ക് സംഘടനയിലെ അംഗങ്ങളുമായ എട്ടു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന് വെള്ളിയാഴ്ച ഗുവാഹതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിതെളിയിക്കും. അസമിലെ പ്രമുഖ നഗരമായ ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുന്നത്. മറ്റൊരു ആതിഥേയ നഗരമായ മേഘാലയയിലെ ഷില്ളോങ്ങിലെ നെഹ്റു സ്പോര്‍ട്സ് കോംപ്ളക്സില്‍ ശനിയാഴ്ച ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. വടക്കു കിഴക്കന്‍ ഇന്ത്യയുടെ കലാരൂപങ്ങളും അഭ്യാസപ്രകടനങ്ങളും ഉദ്ഘാടന വേദിയെ പുളകംകൊള്ളിക്കും. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് ഈ മാസം 16 വരെ നീളുന്ന കായികോത്സവത്തിനത്തെുന്നത്. കായിക കരുത്തിനപ്പുറം പാകിസ്താനടക്കമുള്ള രാജ്യങ്ങളുമായി രാഷ്ട്രീയ സൗഹൃദത്തിന്‍െറയും വേദിയാകും ഈ മാമാങ്കം. അത്ലറ്റിക്സ്, ഫുട്ബാള്‍, നീന്തല്‍, ബാഡ്മിന്‍റണ്‍, വോളിബാള്‍ എന്നിവയടക്കം 23 ഇനങ്ങളിലാണ് പോരാട്ടം അരങ്ങേറുക. 16 ഇനങ്ങളും പുരുഷ ഫുട്ബാളും ഗുവാഹതിയിലും ആറിനങ്ങളും വനിതാ ഫുട്ബാളും ഷില്ളോങ്ങിലുമാണ് അരങ്ങേറുന്നത്. കായികതാരങ്ങളും ഒഫിഷ്യലുകളുമടക്കം 4000ത്തോളം പേര്‍ എത്തുന്ന ഗെയിംസിന്‍െറ ഭാഗ്യചിഹ്നം ‘തികോര്‍’ എന്ന് പേരിട്ട കാണ്ടാമൃഗമാണ്. പാകിസ്താന്‍ ടീമിലെ ആദ്യ സംഘം ബുധനാഴ്ച രാവിലെ ഗുവാഹതിയിലത്തെി. ശ്രീലങ്ക, നേപ്പാള്‍ സംഘങ്ങളും കഴിഞ്ഞദിവസങ്ങളായി എത്തിയിട്ടുണ്ട്.

തോക്കിന്‍ മുനയില്‍
തീവ്രവാദശല്യം നേരിടുന്ന അസമില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലാണ് ഗെയിംസിന് കൊടിയുയരുന്നത്. അര്‍ധസൈനിക വിഭാഗങ്ങള്‍ നിരന്നുനിന്നാണ് കാര്യങ്ങള്‍ നടത്തുന്നത്. വിദേശ ടീമുകള്‍ക്കും ഒഫിഷ്യലുകള്‍ക്കും വി.ഐ.പികളുമടക്കമുള്ളവര്‍ക്കും പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. മത്സരവേദിയായ സരുസജായ് കോംപ്ളക്സില്‍ കൂടുതലുള്ളതും നിറതോക്കുമായി ജാഗരൂകരായ അസം റൈഫ്ള്‍സിന്‍േറതടക്കമുള്ള അര്‍ധസൈനികരാണ്. 2007ല്‍ ദേശീയ ഗെയിംസ് തുടങ്ങുന്നതിനുമുമ്പ് റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്തിയ പാരമ്പര്യമുള്ളവരാണ് അസമിലെ തീവ്രവാദ സംഘടനകള്‍. അവരെ പേടിച്ചാണ് ഈ സുരക്ഷ.  

അതേസമയം, ദക്ഷിണേഷ്യന്‍ ഗെയിംസിന് എല്ലാ പിന്തുണയുമേകുമെന്ന് നിരോധിത സംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്‍റ്) കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സകല സ്നേഹവും ആതിഥേയത്വവും ഗെയിംസിനത്തെുന്നവര്‍ക്ക് ആസ്വദിക്കാനാവുമെന്ന് ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്‍റ്) ചെയര്‍മാന്‍ അഭിജിത് അസോം മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. 60 കോടി രൂപയാണ് സുരക്ഷക്കായി നീക്കിവെച്ചിരിക്കുന്നത്. 2007ലെ ദേശീയ ഗെയിംസിനായി നിര്‍മിച്ച ഗെയിംസ് വില്ളേജിലെ ഫ്ളാറ്റുകള്‍ വിറ്റുപോയതിനാല്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും ഹോട്ടലുകളിലാണ് താമസസൗകര്യമൊരുക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാണ്.

ലേറ്റാ വന്താലും
രണ്ടു വര്‍ഷം കൂടുമ്പോള്‍ ദക്ഷിണേഷ്യന്‍ ഗെയിംസ് (പണ്ട് സാഫ് ഗെയിംസ്) നടത്തണമെന്നാണ് ‘സങ്കല്‍പം’. 1984ല്‍ കാഠ്മണ്ഡുവില്‍ തുടക്കം കുറിച്ച ഗെയിംസ് ഏറക്കുറെ ഈ കാലഗണന പാലിച്ചിരുന്നു. എന്നാല്‍, 2010ല്‍ ധാക്ക വേദിയായ ശേഷം ആറുവര്‍ഷം കാത്തിരുന്നാണ് ഇന്ത്യ ഗെയിംസ് ഒരുക്കുന്നത്. 2012ല്‍ ഡല്‍ഹിയില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ലണ്ടന്‍ ഒളിമ്പിക്സ് കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിതരാണെന്ന വിചിത്രന്യായം പറഞ്ഞ് ഗെയിംസ് നീട്ടുകയായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഗെയിംസിനെക്കുറിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചിന്തിച്ചത്. 2015ല്‍ തന്നെ ഗെയിംസ് നടത്തുമെന്ന് ഉറപ്പും നല്‍കി. ദേശീയ ഗെയിംസ് ഭംഗിയായി സംഘടിപ്പിച്ച കേരളത്തിനെ ദക്ഷിണേഷ്യന്‍ ഗെയിംസ് ഏല്‍പിക്കാനായിരുന്നു ഉദ്ദേശ്യം. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പലവട്ടം സമ്മതംമൂളുകയും ചെയ്തു. എന്നാല്‍, അസമിലെ ബി.ജെ.പി പ്രസിഡന്‍റും കേന്ദ്ര കായികമന്ത്രിയുമായ സര്‍ബാനന്ദ സൊനോവാള്‍ ‘ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ’ ഗെയിംസ് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയായിരുന്നു.  അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും ഇതിന് പിന്തുണയേകി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT